dileep

വധഗൂഡാലോചനക്കേസില്‍ ദിലീപിന്‍റെ മൊബൈല്‍ ഫോണുകള്‍ ആലുവ മജിസ്ട്രേട്ടിന് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്. ഫോണുകള്‍ വിട്ടുകിട്ടുന്നതിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മജിസ്ട്രേട്ട് കോടതിയെ സമീപിക്കാം. പ്രതികള്‍ ഹൈക്കോടതിക്ക് കൈമാറിയതില്‍ അഞ്ച് ഫോണുകള്‍ അന്വേഷണസംഘം തിരിച്ചറിഞ്ഞു. ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മറ്റന്നാള്‍ പരിഗണിക്കും.

 

വധഗൂഡാലോചന കേസില്‍ മൊബൈല്‍ ഫോണുകള്‍ പ്രോസിക്യൂഷന് കൈമാറണമെന്ന ആവശ്യം ദിലീപ് ശക്തമായി എതിര്‍ത്തതോടെയാണ് ഇവ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. ഫോണുകള്‍ അന്വേഷണ സംഘത്തിന് കൈമാറുന്നതിലും ഫോറന്‍സിക് പരിശോധന നടത്തുന്ന കാര്യത്തിലും വിചാരണക്കോടതിക്ക് തീരുമാനമെടുക്കാം. ഫോണുകളുടെ പാസ് വേര്‍ഡ് പ്രതികള്‍ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറണം. ദിലീപടക്കമുള്ള പ്രതികള്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയ ഫോണുകളുടെ കാര്യത്തില്‍ അവ്യക്തതയുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. 

 

തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതിഭാഗം അഭിഭാഷകരുടെ സാന്നിധ്യത്തില്‍ റജിസ്ട്രാര്‍ ജനറലിന്‍റെ കൈവശമുള്ള മൊബൈല്‍ ഫോണുകള്‍ ഐഎംഇഐ നമ്പര്‍ ഒത്തു നോക്കി പരിശോധിച്ചു. അഞ്ചു ഫോണുകള്‍ തിരിച്ചറിഞ്ഞു. അപ്പുവിന്‍റേതെന്ന പേരില്‍ പ്രതികള്‍ കൈമാറിയ മൊബൈല്‍ തിരിച്ചറിയാന്‍ സാധിച്ചില്ല. ഈ ഐഎംഇഐ നമ്പറിലുള്ള ഫോണ്‍ ഉപയോഗിച്ചിരുന്നത് സുരാജാണെന്നാണ് അന്വേഷസംഘത്തിന്‍റെ വിലയിരുത്തല്‍. 2021 ജനുവരി മുതല്‍ ഓഗസ്റ്റ് വരെ ഉപയോഗിച്ച മൊബൈല്‍ ദിലീപ് കോടതിക്ക് കൈമാറിയിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. രണ്ടായിരത്തിലധികം കോളുകള്‍ ചെയ്ത ഈ മൊബൈല്‍ ഏതെന്ന് അറിയില്ലെന്ന ദിലീപിന്‍റെ വാദം അംഗീകരിക്കാനാകില്ല. ദിലീപിന്‍റേതടക്കം കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 

 

ഇവ പരിശോധിക്കാനും അന്വേഷണസംഘം കോടതിയുടെ അനുമതി തേടി. അന്വേഷണസംഘത്തിന്‍റെ അധികാരമുപയോഗിച്ച് ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ജസ്റ്റിസ് പി.ഗോപിനാഥ് അനുമതി നല്‍കി. ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാതെ അന്വേഷണം മുന്നോട്ട് പോകില്ലെന്നും പ്രോസിക്യൂഷന്‍ നിലപാടെടുത്തു. ഹൈക്കോടതി ദിലീപിന് പ്രത്യേക പരിഗണന നല്‍കുന്നുവെന്ന് ആക്ഷേപമുയരുന്നതായി ജസ്റ്റിസ് പി.ഗോപിനാഥ് ചൂണ്ടിക്കാട്ടി. ഇത്തരം ആക്ഷേപങ്ങള്‍ അനുവദിക്കാനാകില്ലെന്നും, എത്രയും വേഗം കേസ് തീര്‍പ്പാക്കുമെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ അന്തിമവാദത്തിനായി വ്യാഴാഴ്ചയിലേക്ക് മാറ്റി