അംഗ പരിമിതർക്കും അനുയോജ്യമായ എസ് യു വി നിർമ്മിക്കണമെന്ന ആവശ്യം നടപ്പിലാക്കി ആനന്ദ് മഹീന്ദ്ര. പാരാലിംപിക്സില്‍ സ്വർണ്ണം നേടിയ ആദ്യ ഇന്ത്യക്കാരിയായ ഷൂട്ടിങ്താരം അവനി ലേഖരക്കാണ് ശാരീരിക പരിമിതികൾക്കനുയോജ്യമായ രീതിയിൽ മാറ്റം വരുത്തിയ വാഹനം സമ്മാനിച്ചത്.
പാരാലിമ്പിക്‌സിൽ പങ്കെടുക്കാൻ കഴിഞ്ഞവർഷം ടോക്കിയോയിൽ എത്തിയ ഇന്ത്യൻ പാരാലിംപിക് കമ്മിറ്റി പ്രസിഡണ്ട് ദീപ മാലിക് അവിടെ ഭിന്ന ശേഷിക്കാർക്കായി പ്രത്യേകം തയാറാക്കിയ എസ് യു വിയിൽ ആകൃഷ്ടയായി. വീൽ ചെയർ ഉപയോഗിക്കുന്നവർക്ക് വളരെ എളുപ്പം കയറി ഇരിക്കാവുന്ന ഓട്ടോമാറ്റിക് സംവിധാനമുള്ള സീറ്റ് അതിന്റെ പ്രത്യേകതയായിരുന്നു. വാഹനത്തിൽ കയറുന്ന ദൃശ്യങ്ങൾ സഹിതം എസ് യു വികൾ പാരാലിമ്പ്യന്മാർക്കു കൂടി അനുയോജ്യമായ രീതിയിൽ രൂപകൽപന ചെയ്യാൻ ഇന്ത്യൻ വാഹന നിര്മാതാക്കളോടഭ്യർത്ഥിച്ചു. ഈ ആവശ്യം പരിഗണിച്ച ആനന്ദ് മഹീന്ദ്ര അംഗപരിമിതർക്ക് അനുയോജ്യമായ രീതിയിൽ എസ് യു വിയിൽ മാറ്റം വരുത്താൻ തന്റെ കമ്പനിക്ക് നിർദേശം നൽകുകയായിരുന്നു.ഓരോ വ്യക്തിയുടെയും പരിമിതികൾ മനസിലാക്കി അവരുടെ ആവശ്യങ്ങൾക്കനുസരിച്ചായിരിക്കും ഇത്തരം വാഹനങ്ങൾ പുറത്തിറക്കുക എന്നാണ് മഹീന്ദ്ര ഗ്രൂപ്പ് വ്യക്തമാക്കിയത്.ഇത്തരത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി രൂപകൽപന ചെയ്ത് എക്സ് യു വി 700 ആണ് പാരാലിമ്പിക്‌സിൽ സ്വർണ്ണം നേടിയ ആദ്യ ഇന്ത്യക്കാരിയും ഖേൽ രത്ന പുരസ്‌കാര ജേതാവുമായ അവനി ലേഖരക്ക് സമ്മാനിച്ചത്.2012 ൽ വാഹനാപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ അവനിക്ക് അരയ്ക്കു താഴോട്ട് സ്വാധീനം നഷ്ടമാകുകയായിരുന്നു. 20 വയസുള്ള അവനി ഇപ്പോൾ നിയമ വിദ്യാർത്ഥിയാണ്.വലിയൊരു മാറ്റത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ആനന്ദ് മഹീന്ദ്രക്ക് നന്ദി പറഞ്ഞു കൊണ്ട് തന്റെ സന്തോഷം പ്രകടിപ്പിച്ച അവനി ലേഖരയും വ്യക്തമാക്കി