2020ൽ കോവിഡ് പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുമ്പോൾ ഏകദേശം 350 കോടി ഡോളോ 650 ഗുളികൾ വിറ്റുപോയെന്ന് പഠനറിപ്പോർട്ട്. പനി, തലവേദന എന്നീ ലക്ഷണങ്ങൾക്ക് സാധാരണ ഉപയോഗിക്കുന്ന ഡോളോ, പാരസെറ്റാമോൾ ഗുളികളുടെ വിൽപ്പനയിലാണ് ചരിത്ര റെക്കോർഡ് കഴിഞ്ഞ വർഷം നേടിയിരിക്കുന്നത്.
350 കോടി ഡോളോ ഗുളികകൾ ലംബമായി അടുക്കിയാൽ ഇത് ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിനെക്കാൾ 6,000 മടങ്ങും ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫയുടെ 63,000 മടങ്ങും ഉയരമുണ്ടാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. 1.5 സെന്റിമീറ്ററാണ് ഒരു ഡോളോ 650യുടെ വലിപ്പം. കോവിഡിന് മുൻപ് 2019ലെ കണക്കിൽ 7.5 കോടി സ്ട്രിപ്പ് ഡോളോ ഗുളികളാണ്. 15 ഗുളികളാണ് ഒരു സ്ട്രിപ്പിൽ ഉണ്ടാവുക.
2021ൽ 307 കോടി രൂപയുടെ വിൽപ്പന നടത്തി രാജ്യത്തെ രണ്ടാമത്തെ പനി-വേദന സംഹാരി ഗുളികയായി ഡോളോ മാറിയെന്നും റിപ്പോർട്ടിൽ പറയുന്നു.. ജി.എസ്.കെയുടെ കാൽപോളാണ് ഒന്നാം സ്ഥാനത്ത്. വിറ്റുവരവ് 310 കോടി രൂപ. കോവിഡിന് മുൻപ് പാരസെറ്റാമോളിന്റെ എല്ലാ വിഭാഗത്തിലെയും ഗുളികകളുടെയും വിൽപ്പന 530 കോടിയായിരുന്നു. എന്നാൽ 2021 ഓടെ ഇവയുടെ വിൽപ്പനയിൽ 70 ശതമാനം ഉയർന്നു. ഇതോടെ വാർഷിക വരുമാനം 924 കോടിയിലെത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.