TAGS

വിവാദമായ പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ പൊതുജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ തേടി സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി. ഫോണ്‍ ചോര്‍ത്തലിന് വിധേയരായവര്‍ക്ക് പരാതികള്‍ ജനുവരി ഏഴിനകം അറിയിക്കാമെന്നാണ് നിര്‍ദേശം. പെഗസസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്‍റെ അധ്യക്ഷതയിലുള്ള വിദഗ്ധ സമിതിയാണ് പൊതുജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ തേടിയത്. ജനുവരി ഏഴിന് മുന്‍പ് inquiry@pegasus-india-investigation. in എന്ന ഇമെയില്‍ വഴി വിവരങ്ങള്‍ നല്‍കണം. 

 

ഫോണ്‍ ചോര്‍ത്തലിന് വിധേയരായി എന്നത് എങ്ങനെ ബോധ്യപ്പെട്ടു എന്നതടക്കമുള്ള വിവരങ്ങള്‍ കൈമാറണം. പരാതി അറിയിക്കുന്നവരുടെ ഫോണുകള്‍ പരിശോധിക്കാന്‍ തയ്യാറാണെന്നും  സമിതി അറിയിച്ചു.  നേരത്തെ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചവരില്‍ നിന്ന് അന്വേഷണം സംഘം വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇസ്രായേല്‍ ചാര സോഫ്റ്റ്‍വെയറായ പെഗസസ് ഉപയോഗിച്ച് രാജ്യത്തെ ഉന്നത വ്യക്തികളുടെ ഫോണ്‍ കേന്ദ്രം  ചോര്‍ത്തിയെന്ന ആരോപണത്തിലാണ് സുപ്രീംകോടതി നേരത്തെ അന്വേഷണം പ്രഖ്യാപിച്ചത്. എട്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശം. അന്വേഷണം വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായാണ്  പൊതുജനങ്ങള്‍ക്കുള്ള സമിതിയുടെ നിര്‍ദേശം.