വിഭാഗീയത ശക്തമായ സിപിഎം ആലപ്പുഴ നോര്‍ത്ത് ഏരിയ കമ്മിറ്റിയില്‍ പാര്‍ട്ടിക്കുള്ളിലെ പോര് പുതിയ തലങ്ങളിലേക്ക്. പി.പി.ചിത്തരഞ്ജന്‍ എംഎല്‍എയ്ക്ക് പാര്‍ട്ടി പരിപാടികളിലും നഗരസഭ വാര്‍ഡുകളിലെ  ശുചിത്വപദവി പ്രഖ്യാപന പരിപാടികളിലും   ചില നേതാക്കള്‍ അപ്രഖ്യാപിത വിലക്കും ഏര്‍പ്പെടുത്തി. പാര്‍ട്ടി നിയന്ത്രണത്തിലുള്ള സ്വാശ്രയ സംഘങ്ങളിലും അയല്‍ക്കൂട്ടങ്ങളിലും ഭിന്നത രൂക്ഷമായിട്ടുണ്ട്.

 

ആലപ്പുഴ നോര്‍ത്ത് ഏരിയ  സിപിഎം സമ്മേളനം ഇന്നും നാളെയും നടക്കാനിരിക്കെയാണ്  വിഭാഗീയത കടുത്തത്. തുമ്പോളി, കൊമ്മാടി,ആശ്രമം ലോക്കല്‍ കമ്മിറ്റിക്കു കീഴിലുള്ള പരിപാടികളില്‍ സ്ഥലം എംഎല്‍എയായ പി.പി.ചിത്തര‍‍ഞ്ജന് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയതാണ് ഏറ്റവും പുതിയ സംഭവവികാസം. ആലപ്പുഴ നഗരസഭയിലെ വാര്‍ഡുകളില്‍ സമ്പൂര്‍ണ ശുചിത്വ  പ്രഖ്യാപനം നടത്തുകയാണ്. ഈ പരിപാടികളില്‍ എംഎല്‍എയെ വിളിക്കേണ്ടെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ചില കൗണ്‍സിലര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

 

ആലപ്പുഴ മണ്ഡലത്തിന്‍റെ ഭാഗമായ പവര്‍ ഹൗസ് വാര്‍ഡില്‍ എംഎല്‍എയെ ഒഴിവാക്കി  മുന്‍മന്ത്രി ജി .സുധാകരനാണ് സമ്പൂര്‍ണ ശുചിത്വ പ്രഖ്യാപനം നടത്തിയത്.  സിപിഎം നിയന്ത്രണത്തിലുള്ള ചില അയല്‍ക്കൂട്ടങ്ങളുടെ പരിപാടിയില്‍ നിന്നും  എംഎല്‍എയെ ഒഴിവാക്കിയിട്ടുണ്ട്. ഞായറാഴ്ച  മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യുന്ന കൊമ്മാടിയിലെ സ്നേഹദീപം അയല്‍ക്കൂട്ടം വാര്‍ഷിക പരിപാടിയിലും എംഎല്‍എയെ ക്ഷണിച്ചിട്ടില്ല. സിപിഐ, കോണ്‍ഗ്രസ്, ലീഗ് അനുഭാവികളായ സംസ്കാരിക പ്രവര്‍ത്തകരെയെല്ലാം ചടങ്ങില്‍ പങ്കെടുപ്പിക്കുന്നുമുണ്ട്.ഇത്തരം പ്രവണതകളോട് എതിര്‍പ്പുള്ള പാര്‍ട്ടി പ്രവര്‍ത്തതര്‍ തുമ്പോളി, കൊമ്മാടി,ആശ്രമം തുടങ്ങിയ മേഖലകളില്‍ പുതിയ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കാനൊരുങ്ങുകയാണ്.