എംഡിഎംഎക്ക് അടിപ്പെട്ട് മാനസികനില തകരുന്ന യുവാക്കളുടെ എണ്ണം നാള്‍ക്ക് നാള്‍ വര്‍ധിക്കുകയാണെന്ന് ആരോഗ്യവിദഗ്ധര്‍. ലഹരിമുക്തി തേടിയെത്തുന്ന ഭൂരിപക്ഷവും തുടര്‍ ചികിത്സയ്ക്ക് തയാറാകുന്നില്ലെന്നതാണ് കൊച്ചിയിലെ മാനസികാരോഗ്യവിദഗ്ധരുടെ അനുഭവം. മനോരമന്യൂസ് പരമ്പര, പടരുന്നു എംഡിഎംഎ തുടരുന്നു.
താല്‍ക്കാലിക സന്തോഷത്തിന് മാരക ലഹരി തേടിപ്പോകുന്ന യുവത്വം ഇത് പതിയെ പതിയെ അവരുടെ മാനസിക ശാരീരികാരോഗ്യത്തെ തന്നെ കീഴ്പ്പെടുത്തുകയാണെന്ന സത്യം അവഗണിക്കുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ സിന്തറ്റിക് ലഹരിക്ക് അടിപ്പെട്ട് മാനസികനില തകരാറിലായി ചികിത്സ തേടുന്നവരുടെ എണ്ണത്തിലുണ്ടായിരിക്കുന്നത് ഞെട്ടിക്കുന്ന വര്‍ധനയാണ്. 18നും ഇരുപതിനും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കളാണ് ഇതില്‍ വലിയൊരു പങ്കും. പലരും ഒന്നിലേറെ തവണ സിന്തറ്റിക് ലഹരി ഉപയോഗിച്ചവരും.
ഉറക്കക്കുറവ്, ദേഷ്യം, ആത്മഹത്യാപ്രവണത, കടുത്ത വിഷാദം ഇങ്ങിനെ പോകുന്നു എംഡിഎംഎ ലഹരി സമ്മാനിക്കുന്ന മാനസിക തകരാറുകള്‍. ഒരിക്കല്‍ ചികിത്സതേടുന്നവര്‍ പിന്നീട് തുടര്‍ചികിത്സയ്ക്കായ് എത്താറില്ലെന്നത് തന്നെയാണ് പല മാനസികാരോഗ്യവിദഗ്ധരുടേയും അനുഭവസാക്ഷ്യം. അനുദിനം വര്‍ധിച്ച് കൊണ്ടിരിക്കുന്ന അതിമാരക വിഭാഗത്തില്‍പ്പെടുന്ന സിന്തറ്റിക് ലഹരിമരുന്ന് ഉപയോഗം ആരോഗ്യരംഗത്ത് തന്നെ മാരകവിപത്തായി മാറുകയാണ്. മാനസികാരോഗ്യതകര്‍ച്ചയ്ക്കുമപ്പുറം ലഹരിമരുന്നുകള്‍ മരണവാതില്‍ തുറന്നുകൊടുക്കുകയാമെന്ന സത്യം അടിമകളായവര്‍ തിരിച്ചറിയുന്നില്ലെന്നതാണ് വാസ്തവം.