മാസങ്ങൾക്ക് ഉള്ളിൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ശക്തമായ സാനിധ്യമാകാനുള്ള തയാറെടുപ്പിലാണ് കോൺഗ്രസ്. നിലവിൽ ഏഴ് സീറ്റ് മാത്രമുള്ള കോൺഗ്രസിന് വലിയ ആവേശമാണ് പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വം നൽകുന്നത്. സ്ത്രീ വോട്ടുകൾ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് പ്രിയങ്ക മുന്നോട്ടുവയ്ക്കുന്നത്. ഇക്കൂട്ടത്തിൽ വലിയ ജനപങ്കാളിത്തം കൊണ്ട് വലിയ ശ്രദ്ധ നേടുകയാണ് പതിനായിരത്തോളം പെൺകുട്ടികൾ പങ്കെടുത്ത മാരത്തൺ. ഭരണകൂടം വിലക്കിയിട്ടും വലിയ ജനക്കൂട്ടമാണ് പരിപാടിയിൽ പങ്കെടുക്കാൻ ഓടിയെത്തിയത്. ഇതിന്റെ വിഡിയോകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്.
'ലഡ്കി ഹൂ, ലഡ് സക്തി ഹൂ' (പെൺകുട്ടികളാണ് ഞങ്ങൾ, പോരാടും) എന്ന മുദ്രാവാക്യം ഉയർത്തിയാണ് ലഖ്‌നൗവിലും ഝാൻസിയിലും ഇന്ന് മാരത്തൺ സംഘടിപ്പിച്ചത്. സ്കൂൾ, കോളജ് വിദ്യാർഥിനികൾ വലിയ ആവേശത്തോടെ പ്രിയങ്കയ്ക്കൊപ്പം അണിനിരന്നു. 'പെൺകുട്ടികൾ ഇനി അതിക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ല. അക്രമങ്ങൾക്കെതിരെ അവർ ശബ്ദമുയർത്തും, പോരാടും' വിഡിയോ പങ്കുവച്ച് കോൺഗ്രസ് കുറിച്ചു. വിജയിച്ചവർക്ക് സമ്മാനങ്ങളും നൽകി. സ്കൂട്ടർ, സ്മാർട്ട് ഫോൺ, മെഡലുകൾ എന്നിങ്ങനെ സമ്മാനങ്ങളുടെ വലിയ നിരയും പെൺകുട്ടികൾക്കായി ഒരുക്കിയിരുന്നു. വിഡിയോ കാണാം.