മൽസരയോട്ട പരിശീലനത്തിന്റെ പേരിൽ കുതിരയ്ക്ക് ഷോക്കും കാളയെ കഴുത്തിന് മർദിക്കുകയും ചെയ്തവർക്കെതിരെ കേസെടുക്കും. ദേശീയപാതയിൽ പാലക്കാട് ആലത്തൂരിനും കണ്ണനൂരിനുമിടയിലെ നിയമ ലംഘനം പൊലീസ് തടഞ്ഞില്ലെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ വിമർശനം. പരിശീലന ഓട്ടം നടത്തിയവരെ കണ്ടെത്താൻ ജില്ലാ പൊലീസ് മേധാവിയും നിർദേശം നൽകി. മനോരമ ന്യൂസ് വാർത്തയെത്തുടർന്നാണ് മന്ത്രി തലത്തിൽ വിവിധ വകുപ്പുകളുടെ ഇടപെടൽ.
കുതിരയുടെ വേഗം കൂട്ടാൻ ഇടവേളകളിൽ ഇലക്ട്രിക് ഷോക്ക്. ബൈക്കിലെത്തി കാളയുടെ കഴുത്തിൽ ഇടിച്ച് വേഗത്തിൽ ഓടിക്കാൻ യുവാക്കളുടെ ശ്രമം. മിണ്ടാപ്രാണികളോടുള്ള ഈ ക്രൂരത മനോരമ ന്യൂസിലൂടെ പുറം ലോകമറിഞ്ഞതിന് പിന്നാലെ അഭ്യാസം നടത്തിയവരെ തേടി പായുകയാണ് പൊലീസ്. വാർത്ത ശ്രദ്ധയിൽപ്പെട്ട മന്ത്രി ജെ.ചിഞ്ചുറാണി പൊലീസ് എന്ത് കൊണ്ട് ഈ ക്രൂരത തടഞ്ഞില്ലെന്നായിരുന്നു എസ്.പിയോട് ആരാഞ്ഞത്. പാലക്കാട് ജില്ലയിൽ വിവിധ ഇടങ്ങളിൽ രഹസ്യമായി ഇത്തരം പ്രവണത നടക്കുന്നുണ്ടെന്നും ക്രൂരത കാണിച്ചവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അനിമൽ വെൽഫെയർ ബോർഡ്.
പാലക്കാട് ദേശീയപാതയിൽ ആലത്തൂരിനും കണ്ണനൂരിനുമിടയിലാണ് മൽസരയോട്ടത്തിന് മുന്നോടിയായുള്ള കാളവണ്ടി, കുതിര വണ്ടി പരിശീലനം നടന്നത്. വേഗത കുറഞ്ഞുവെന്ന് തോന്നുന്ന സമയത്തായിരുന്നു ക്രൂരത. യുവാക്കൾ ബൈക്കിൽ പിന്തുടർന്ന് ദൃശ്യങ്ങൾ എടുക്കാൻ ശ്രമിച്ചത് അപകടം ക്ഷണിച്ച് വരുത്തുന്നതായിരുന്നു. നേരത്തെ സമാന പരിശീലനത്തിനിടെ അപകടത്തിൽപ്പെട്ട് യുവാവ് മരിക്കുകയും നിരവധി തവണ കാളവണ്ടി മറിയുകയും ചെയ്ത സാഹചര്യം പൊലീസ് ഗൗരവമായി എടുത്തില്ലെന്നാണ് വിമർശനം.