മാത്യു ടി. തോമസ് എംഎല്‍എയുടെ പ്രവര്‍ത്തനം മോശമെന്ന് സിപിഎം തിരുവല്ല ഏരിയ സമ്മേളനത്തില്‍ വിമര്‍ശനം. അനാവശ്യ വിമര്‍ശനമെന്നും സിപിഎമ്മിലാരും തിരുവല്ല സീറ്റ് മോഹിക്കേണ്ടെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. സന്ദീപ് വധക്കേസ് അന്വേഷണം തൃപ്തികരമാണെന്നും ജില്ലാ സെക്രട്ടറി സമ്മേളനത്തില്‍ വ്യക്തമാക്കി.  

 

പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപിന്‍റെ കൊലപാതകം, ബ്രാഞ്ച് സെക്രട്ടറിയടക്കം 12 സിപിഎം പ്രവര്‍ത്തകര്‍ പ്രതിയായ പീഡനക്കേസ് തുടങ്ങി ഒട്ടേറെ സംഭവങ്ങള്‍ക്കിടയിലായിരുന്നു തിരുവല്ല ഏരിയ സമ്മേളനം. പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച് നഗ്നചിത്രം പകര്‍ത്തിയെന്ന കേസിലെ മുഖ്യപ്രതി കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി.സി.സജിമോനടക്കം മൂന്നു പ്രതികള്‍ സമ്മേളനത്തില്‍ പങ്കെടുത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നു. പ്രതികളെ ഏരിയാക്കമ്മിറ്റി ഓഫിസില്‍ ഒളിവില്‍ പാര്‍പ്പിച്ചുവെന്നും ആരോപണം ഉയര്‍ന്നു. നഗ്നചിത്രം പ്രചരിപ്പിക്കാന്‍ സമയം കിട്ടിയവര്‍ക്ക് പാര്‍ട്ടി പ്രചാരണത്തിന് സമയംകിട്ടിയില്ലെന്ന് ജില്ലാ സെക്രട്ടറി കെപി ഉദയഭാനും വിമര്‍ശിച്ചു. സന്ദീപ് വധക്കേസില്‍ പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. കേസ് അന്വേഷണത്തില്‍ പൊലീസിനെതിരെ ഏരിയ സെക്രട്ടറി ഫ്രാന്‍സിസ് വി. ആന്‍റണി നേരത്തേ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മാത്യു ടി. തോമസ് എംഎല്‍എയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും റോഡുകളുടെ അവസ്ഥ വളരെ മോശമാണെന്നും വിമര്‍ശനം ഉയര്‍ന്നു. 

 

ചില സിപിഎം പ്രവര്‍ത്തകരേക്കാള്‍ പാര്‍ട്ടിയോട് കൂറുള്ളയാളാണ് മാത്യു ടി തോമസ് എന്നായിരുന്നു ഏരിയാ സെക്രട്ടറിയുടെ പ്രതികരണം. സിപിഎം പ്രവര്‍ത്തകര്‍ ആരും തിരുവല്ല സീറ്റ് കണ്ട് മോഹിക്കേണ്ടെന്ന് ജില്ലാ സെക്രട്ടറിയും പറഞ്ഞു. തിരുവല്ലയില്‍ വിഭാഗീയത വളര്‍ത്തുന്നവര്‍ക്കെതിരെയും മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കുന്നവര്‍ക്കെതിരെയും കടുത്ത നടപടിയുണ്ടാകുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.