അന്ത്യോഖ്യയിലെ പാത്രിയർക്കീസ് ബാവയെ അംഗീകരിക്കാൻ തയാറാണെന്ന് ഓർത്തഡോക്സ് സഭ ഹൈക്കോടതിയിൽ. എന്നാൽ പാത്രയർക്കീസ് ബാവ 1934ലെ സഭാ ഭരണഘടന അംഗീകരിക്കണം. ഓർത്തഡോക്സ് സഭാധ്യക്ഷനെ മലങ്കരയിലെ ഏക കാതോലിക്കയായി അംഗീകരിക്കുകയും വേണം. സഭാ കേസുകളിലെ 2017 മുതൽ ഉള്ള സുപ്രീംകോടതി ഉത്തരവുകളും അംഗീകരിക്കണമെന്നും ഓർത്തഡോക്സ് സഭ വ്യക്തമാക്കി. മലങ്കര സഭയിലെ സമാന്തര ഭരണവും ഇല്ലാതാക്കണം. ഈ വ്യവസ്ഥകൾ സ്വീകരിച്ചാൽ നിലവിലുള്ള അന്ത്യോഖ്യയിലെ പാത്രിയർക്കീസ് ബാവയെ അംഗീകരിക്കാൻ തയ്യാറാണെന്നും ഓർത്തഡോക്സ് സഭ ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ അറിയിച്ചു. വിവിധ പളളികളിൽ ആരാധന നടത്താൻ പൊലീസ് സംരക്ഷണം തേടി സമർപ്പിച്ച ഹർജികൾ പരിഗണിക്കുമ്പോഴാണ് സഭ ഇക്കാര്യമറിയിച്ചത്. അന്ത്യോഖ്യയിലെ പാത്രയർക്കീസിനെ അംഗീകരിക്കുന്നോയെന്ന് വ്യക്തമാക്കാൻ ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഓർത്തഡോക്സ് സഭയോട് ആവശ്യപ്പെട്ടിരുന്നു.