**EDS: BEST QUALITY AVAILABLE**Coonoor: Wreckage of the crashed IAF Mi-17V5 helicopter, in Coonoor, Tamil Nadu, Wednesday, Dec. 8, 2021. CDS Gen Bipin Rawat, his staff and some family members were in the chopper. (PTI Photo)(PTI12_08_2021_000120B)
ഊട്ടി ഹെലികോപ്റ്റര്‍ അപകടത്തെ കുറിച്ചുള്ള അന്വേഷണത്തിനായി റഷ്യന്‍ സംഘം എത്തുന്നു. ഫ്ലൈറ്റ് ഡേറ്റാ റെക്കോര്‍ഡറില്‍ നിന്ന് വിവരങ്ങള്‍ വീണ്ടെടുക്കാനാണ് ഹെലികോപ്റ്ററുടെ നിര്‍മാതാക്കളായ റഷ്യന്‍ കമ്പനിയുടെ സഹായം തേടുന്നത്. ഹെലികോപ്റ്റര്‍ തകര്‍ച്ചയെ കുറിച്ച് അന്വേഷണം നടത്തുന്ന വ്യോമസേന മേധാവി എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിങ് തുടര്‍ച്ചയായ രണ്ടാം ദിവസവും അപകട സ്ഥലം സന്ദര്‍ശിച്ചു. മരിച്ചവരോടുള്ള ആദരസൂചകമായി നീലഗിരി ജില്ലയില്‍ കടകളടച്ച് പകല്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.
റഷ്യന്‍ നിര്‍മിത മി 17–വി–അഞ്ച് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണാണ് സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്തടക്കം 13 പേര്‍ കൊല്ലപ്പെട്ടത്. റഷ്യയിലെ കാസന്‍ ഹെലികോപ്റ്റേഴ്സാണ് ഇവയുടെ നിര്‍മാണം. കത്തിയമര്‍ന്ന ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഡേറ്റാ റെക്കോര്‍ഡര്‍ ഇന്നലെ കണ്ടെടുത്തിരുന്നു. ഇത് പിന്നീട് ബെംഗളുരുവിലെ വ്യോമസേന കേന്ദ്രത്തിലെത്തിച്ചു പരിശോധന തുടങ്ങി. റെക്കോര്‍ഡറിലുള്ള വിവരങ്ങള്‍ വീണ്ടെടുക്കുന്നതിനു തടസം നേരിട്ടാല്‍ റഷ്യന്‍ വിദഗ്ധരെ വിളിച്ചുവരുത്തും.
അതേ സമയം അപകടത്തെക്കുറിച്ചുള്ള സൈന്യത്തിന്റെയും തമിഴ്നാട് പൊലീസിന്റെയും അന്വേഷണം തുടരുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസവും വ്യോമസേനാ മേധാവി എയര്‍മാര്‍ഷല്‍ മാനവേന്ദ്ര സിങ് അപകട സ്ഥലത്തെത്തി തെളിവെടുത്തു. തമിഴ്നാട് ഡി.ജി.പി. സി.ശൈലന്ദ്ര ബാബു കൂനൂരില്‍ ക്യാംപ് ചെയ്താണു പൊലീസ് അന്വേഷണം ഏകോപിപ്പിക്കുന്നത്. എ.ഡി.എസ്.പി മുത്തുമാണിക്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷാപ്രവര്‍ത്തനം നടത്തിയ 26 നാട്ടുകാരുടെ മൊഴി ഇതിനകം രേഖപ്പെടുത്തി. ഇവരെ ഡി.ജി.പി. നേരിട്ടെത്തി അഭിനന്ദിച്ചു.
ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയ വിനോദ സഞ്ചാരികളെ കണ്ടെത്താന്‍ തിരച്ചില്‍ തുടങ്ങി. ഹെലികോപ്റ്ററിനെ അവസാന സെക്കന്‍ഡുകളില്‍ കണ്ടവരെന്ന നിലയ്ക്ക് ഇവര്‍ക്കു നിര്‍ണായക വിവരങ്ങള്‍ നല്‍കാനാവുമെന്നാണു പൊലീസിന്റെ വിലയിരുത്തല്‍. കൂടാതെ ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് പ്രദേശമാകെ അരിച്ചുപെറുക്കി ഹെലികോപ്റ്ററിന്റെ ചിതറിത്തെറിച്ച ഭാഗങ്ങള്‍ക്കായുള്ള തിരച്ചിലും തുടരുകയാണ്. അപകടത്തില്‍ നിന്നു രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് ബെംഗളുരുവിലെ വ്യോമസേന ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. മാരകമായി പൊള്ളലേറ്റ വരുണ്‍ സിങ്ങിന് വരും മണിക്കൂറുകള്‍ നിര്‍ണായകമാണെന്നാണ് പുറത്തുവരുന്ന വിവരം.