New Zealand's Ajaz Patel celebrates the dismissal of India's Mohammed Siraj during the day two of their second test cricket match with India in Mumbai, India, Saturday, Dec. 4, 2021.(AP Photo/Rafiq Maqbool)
മുംബൈ ടെസ്റ്റില്‍ അതുല്യനേട്ടവുമായി ന്യൂസീലന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേല്‍. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിലെ പത്തുവിക്കറ്റും വീഴ്ത്തി. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്നിങ്സില്‍ പത്തുവിക്കറ്റ് നേടുന്ന മൂന്നാംതാരമാണ് അജാസ്. 1956 ല്‍ ഇംഗ്ലണ്ടിന്റെ ജിം ലേക്കറും 1999ല്‍ അനില്‍ കുംബ്ലെയും ഈ നേട്ടം കൈവരിച്ചിരുന്നു.
‘പത്തിൽ പത്ത്’ എന്ന അപൂർവനേട്ടവുമായി കിവീസ് സ്പിന്നർ മിന്നിത്തിളങ്ങിയതോടെ, ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 325 റൺസിന് പുറത്തായി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 109.5 ഓവറിലാണ് 325 റൺസിന് പുറത്തായത്. മത്സരത്തിലാകെ 47.5 ഓവറുകൾ ബോൾ ചെയ്ത അജാസ് പട്ടേൽ, 119 റൺസ് വഴങ്ങിയാണ് 10 വിക്കറ്റും പോക്കറ്റിലാക്കിയത്.
ഇംഗ്ലിഷ് താരം ജിം ലേക്കർ, ഇന്ത്യൻ താരം അനിൽ കുംബ്ലെ എന്നിവർക്കുശേഷം രാജ്യാന്തര ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് അജാസ് പട്ടേൽ. സെഞ്ചുറി നേടിയ ഓപ്പണർ മയാങ്ക് അഗർവാളാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 311 പന്തുകൾ നേരിട്ട അഗർവാൾ 17 ഫോറും നാലു സിക്സും സഹിതം 150 റൺസെടുത്തു. ടെസ്റ്റിലെ കന്നി അർധസെഞ്ചുറി കണ്ടെത്തിയ അക്ഷർ പട്ടേൽ 128 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 52 റൺസെടുത്തു. ശുഭ്മൻ ഗിൽ (71 പന്തിൽ 44), ചേതേശ്വർ പൂജാര (0), ക്യാപ്റ്റൻ വിരാട് കോലി (0), ശ്രേയസ് അയ്യർ (41 പന്തിൽ 18), വൃദ്ധിമാൻ സാഹ (62 പന്തിൽ 27), രവിചന്ദ്രൻ അശ്വിൻ (0), ജയന്ത് യാദവ് (12), മുഹമ്മദ് സിറാജ് (4) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായത്. എല്ലാ വിക്കറ്റുകളും അജാസ് പട്ടേൽ സ്വന്തമാക്കി. ഉമേഷ് യാദവ് (0) പുറത്താകാതെ നിന്നു.
1956 ജൂലൈ യിലാണ് ഒരു ഇന്നിങ്സിലെ 10 വിക്കറ്റുകളും സ്വന്തമാക്കി ഇംഗ്ലിഷ് താരം ജിം ലേക്കർ ചരിത്രമെഴുതിയത്. അന്ന് ഓസ്ട്രേലിയയ്‌ക്കെതിരെ മാഞ്ചസ്റ്ററിലായിരുന്നു ലേക്കറിന്റെ ചരിത്രനേട്ടം. 51.2 ഓവറിൽ 53 റൺസ് മാത്രം വഴങ്ങിയാണ് ലേക്കർ 10 വിക്കറ്റും സ്വന്തമാക്കിയത്. ഇതിൽ 23 ഓവറുകൾ മെയ്ഡനായി. പിന്നീട് 1999ൽ ഡൽഹിയിലെ ഫിറോസ് ഷാ കോട്‍ലയിൽ (ഇപ്പോൾ അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയം) ഇന്ത്യൻ താരം അനിൽ കുംബ്ലെ ഈ നേട്ടം ആവർത്തിച്ചു. ഇത്തവണ ബദ്ധവൈരികളായ പാക്കിസ്ഥാനെതിരെയായിരുന്നു കുംബ്ലെയുടെ ഐതിഹാസിക പ്രകടനം. 26.3 ഓവറിൽ 74 റൺസ് വഴങ്ങിയാണ് കുംബ്ലെ 10 വിക്കറ്റ് സ്വന്തമാക്കിയത്.