കൊച്ചിയില്‍ അപകടത്തില്‍ മരിച്ച മോഡലുകള്‍ പങ്കെടുത്ത ഡി.ജെ പാര്‍ട്ടിയുടെ ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്ക് കണ്ടെത്താന്‍ ഇന്നും ശ്രമം തുടരും. ഇതിനിടെ കൊച്ചി കായലില്‍നിന്ന് മല്‍സ്യത്തൊഴിലാളികള്‍ക്ക് ഒരു ഹാര്‍ഡ് ഡിസ്ക് ലഭിച്ചു. ഉപയോഗശൂന്യമായ വസ്തുവെന്ന് കരുതി കായലില്‍ തിരികെ ഉപേക്ഷിച്ചുവെന്ന് ഇവര്‍ പൊലീസിനെ അറിയിച്ചു. ഇതേ തുടര്‍ന്ന് മല്‍സ്യബന്ധന വല ഉപയോഗിച്ച് കായലില്‍ പരിശോധന നടത്താന്‍ പൊലീസ് നീക്കം തുടങ്ങി.
കൊച്ചിയില്‍ മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് ആഷിഖും വാഹനാപകടത്തില്‍ മരിച്ച കേസില്‍ ഇവര്‍ പങ്കെടുത്ത ഡി.ജെ. പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ കണ്ടെത്താനുള്ള നടപടികള്‍ നീളുകയാണ്. ഇതിനിടെയാണ് കൊച്ചി കായലില്‍നിന്ന് മല്‍സ്യത്തൊഴിലാളികള്‍ക്ക് ഒരു ഹാര്‍ഡ് ഡിസ്ക് കിട്ടിയിരുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചത്. ഹോട്ടല്‍ ജീവനക്കാര്‍ ഹാര്‍ഡ് ഡിസ്ക് കായലില്‍ എറിഞ്ഞുവെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ രണ്ടു ദിവസവും പൊലീസ് പരിശോധന നടത്തിയിരുന്നു. ആദ്യം പരിശോധന നടത്തിയ തിങ്കളാഴ്ചയാണ് മീന്‍പിടുത്തത്തിനിടെ മല്‍സ്യത്തൊഴിലാളുടെ വലയില്‍ ഹാര്‍ഡ് ഡിസ്ക് കുടുങ്ങിയത്. എന്നാല്‍ ഉപയോഗശൂന്യമായ വസ്തുവെന്ന് കരുതി ഇത് തിരികെ കായലില്‍ എറിഞ്ഞു. ഇന്നലെ പൊലീസിന്റെ തിരച്ചില്‍ വീണ്ടും നടന്നതോടെയാണ് ഹാര്‍ഡ് ഡിസ്ക് കിട്ടിയ വിവരം തൊഴിലാളികള്‍ പൊലീസിനെ അറിയിച്ചത്. എന്നാല്‍ നമ്പര്‍ പതിനെട്ട് ഹോട്ടലിലെ ജീവനക്കാര്‍ ഉപേക്ഷിച്ച ഹാര്‍ഡ് ഡിസ്കാണോ തൊഴിലാളികള്‍ക്ക് കിട്ടിയതെന്ന് ഉറപ്പിക്കാനായിട്ടില്ല.
തൊഴിലാളികള്‍ പറഞ്ഞ ഭാഗത്ത് മീന്‍പിടുത്തത്തിന് ഉപയോഗിക്കുന്ന വല ഉപയോഗിച്ച് തിരച്ചില്‍ നടത്താനാണ് പൊലീസ് നീക്കം. സോണാര്‍ സ്കാനര്‍ അടക്കമുള്ള സംവിധാനങ്ങള്‍ വച്ച് പരിശോധിച്ചിട്ടും ഹാര്‍ഡ് ഡിസ്ക് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മോഡലുകള്‍ സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്ന സൈജു തങ്കച്ചന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കുമെന്ന് അന്വേഷണസംഘം അറിയിച്ചു. ഇയാള്‍ നിലവില്‍ ഒളിവിലാണ്.