modi

152-ാം ജന്മ ദിനത്തിൽ മഹാത്മ ഗാന്ധിയെ അനുസ്മരിച്ച് രാജ്യം. രാജ്ഘട്ടിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയർ പുഷ്പാർച്ചന നടത്തി. മഹാത്മാഗാന്ധിയുടെ തത്വങ്ങൾ ആഗോളതലത്തിൽ പ്രസക്തമാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ കിഴക്കേകോട്ടയിൽ ഒരുക്കിയ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. 

രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ ജന്മദിനം അഹിംസാ ദിനമായി ആചരിക്കുകയാണ് രാജ്യം. ഗാന്ധിജിയുടെ അന്ത്യവിശ്രമ സ്ഥലമായ രാജ്ഘട്ടിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ പുഷ്പാർച്ചന നടത്തി. മഹാത്മാഗാന്ധിയുടെ മഹത്തായ തത്വങ്ങൾ ആഗോളതലത്തിൽ പ്രസക്തമാണെന്നും ദശലക്ഷക്കണക്കിന് ആളുകൾക്ക് ശക്തി നൽകുന്നതാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. രാജ്യസഭാധ്യക്ഷൻ വെങ്കയ്യ നായിഡു,ലോക്സഭ സ്പീക്കർ ഓം ബിർല, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തുടങ്ങിയവരും രാജ്ഘട്ടിൽ എത്തി പുഷ്പാർച്ചന നടത്തി.

വിജയത്തിന് ഒരു സത്യാഗ്രഹി ധാരാളം എന്ന് കർഷക സമരം ഹാഷ്ടാഗിൽ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ഗാന്ധിജിയെ അനുസ്മരിച്ച ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് സമാധാനത്തിനും നല്ല ഭാവിക്കും ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു.  കിഴക്കേക്കോട്ടയില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. മന്ത്രിമാരായ ആന്‍റണി രാജു, വി.ശിവന്‍കുട്ടി, ജി.ആര്‍.അനില്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജന്മദിനം കൂടിയായ ഇന്ന് ശാസ്ത്രിയുടെ ജീവിതം എപ്പോഴും  പ്രചോദനമാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. നേതാക്കളെല്ലാം വിജയ് ഘട്ടിലെത്തിയും പുഷ്പാർച്ചന നടത്തി.