ഇരുട്ടിന്റെ മറവിൽ വാഹനങ്ങൾ പഞ്ചറാക്കി, യാത്രക്കാരെ കൊള്ളയടിച്ച് സ്ത്രീകളെ ബലാൽസംഗം ചെയ്യുന്ന െകാടും കുറ്റവാളി. രണ്ട് സംസ്ഥാനങ്ങൾ തലയ്ക്ക് ലക്ഷങ്ങൾ വിലയിട്ട, ഹരിയാന, ഉത്തർപ്രദേശ് പൊലീസിന്റെ ഉറക്കം കെടുത്തിയ പിടികിട്ടാപ്പുള്ളിയായിരുന്നു അജയ് എന്ന കാലിയ. ദിവസങ്ങൾക്ക് മുൻപ് യുപി െപാലീസ് ഇയാളെ വെടിവച്ച് െകാന്നു. അല്ലെങ്കിൽ കാലിയ പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ െകാല്ലപ്പെട്ടു. യോഗി സർക്കാരിന്റെ കാലത്ത് ഉത്തർപ്രദേശിൽ ഒട്ടേറെ ക്രിമിനലുകളെയും ഗുണ്ടാനേതാക്കളെയും കാലപുരിക്ക് അയച്ചു എന്ന് ഒരുവിഭാഗം വാഴ്ത്തുന്നു. നിയമത്തെ നോക്കുകുത്തിയാക്കി വ്യാജ ഏറ്റുമുട്ടലുകളുടെ വിളയാട്ടമാണ് യുപിയെന്ന് പ്രതിപക്ഷവും ആരോപിക്കുന്നു.

യോഗി സർക്കാർ അധികാരമേറ്റ് 16 മാസം പൂർത്തിയായപ്പോൾ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ട ക്രിമിനലുകളുടെ എണ്ണം 78 ആയിരുന്നു. 3000 ഏറ്റുമുട്ടലുകളാണ് ഇക്കാലയളവില്‍ പൊലീസ് നടത്തിയതെന്നാണ് അന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ. യുപിയുടെ ഉറക്കം കെടുത്തിയ ഗുണ്ടാ–ക്രിമിനൽ നേതാക്കളെ പൂട്ടാൻ പ്രത്യേക ദൗത്യസേനയെ തന്നെ യോഗി ചുമതലപ്പെടുത്തി. പിടികൂടിയ ശേഷവും അല്ലാതെയും പ്രതികള്‍ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നത് പതിവായി. സിനിമാക്കഥ പോലെ ത്രില്ലടിപ്പിക്കുന്ന വിശദീകരണം നൽകി ഏറ്റുമുട്ടൽ െകാലകൾക്ക് താരപരിവേഷം ചാർത്തുന്ന സ്റ്റൈലുണ്ട് യോഗിയുടെ പൊലീസിന്. അക്കൂട്ടത്തിൽ എടുത്തുപറയേണ്ട ഒന്നാണ് ഗുണ്ടാനേതാവ് വികാസ് ദുബെയുടേത്.

കോവിഡിൽ പഴികേട്ട യോഗിക്ക് അടുത്ത തിരഞ്ഞെടുപ്പിൽ കാലിടാതിരിക്കാൻ കയ്യടി ആവശ്യമാണ്. മോദിയെ അടക്കം ഇപ്പോഴേ കളത്തിലിറക്കി യുപി ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് യോഗി. കോവിഡ് പ്രതിരോധത്തിൽ സമാനതകളില്ലാത്ത ചെറുത്ത് നിൽപ്പാണ് ഉത്തർപ്രദേശ് നടത്തുന്നത് എന്നാണ് മോദിയുടെ പ്രശംസ. ചിതറി നില്‍ക്കുന്ന പ്രതിപക്ഷ പാർട്ടികളെ കാര്യമാക്കുന്നില്ലെന്ന് യോഗിയും ബിജെപിയും അവകാശപ്പെടുന്നുണ്ടെങ്കിലും ഉള്ളില്‍ ആശങ്ക ഇല്ലാതില്ല.

സന്ന്യാസിനിയായ ഉമാ ഭാരതി കുറച്ചുകാലം മാത്രമാണു മധ്യപ്രദേശ് ഭരിച്ചതെങ്കിലും മതനേതാവിൽനിന്നു യുപി മുഖ്യമന്ത്രി പദവിയിലെത്തിയ യോഗി ആദിത്യനാഥ് രണ്ടാമൂഴത്തിനുള്ള തയാറെടുപ്പ് ആരംഭിച്ചു കഴിഞ്ഞു. അതില്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നല്‍കുന്ന വീരപരിവേഷം ഗുണം ചെയ്യുമോ ? തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായാല്‍ ഒരുപക്ഷേ ഈ കൊലപാതകങ്ങള്‍ക്ക് മറുപടി പറയേണ്ടിവന്നേക്കാം. അതുകൊണ്ടുതന്നെയാണ് അധികാരം നിലനിര്‍ത്തല്‍ മറ്റുള്ളവരെക്കാന്‍ യോഗി സര്‍ക്കാരിന്റെ ആവശ്യമായി മാറുന്നത്.