mehul-choxi

ലണ്ടൻ: കോടികളുടെ ബാങ്ക് വായ്പാത്തട്ടിപ്പുകേസിൽ പ്രതിയായി ഇന്ത്യയിൽനിന്നു മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്സി 2017 മുതൽ കരീബിയൻ ദ്വീപുരാജ്യമായ ആന്റിഗ്വയിലെ പൗരനാണ്. ഇയാളെ വിട്ടുകിട്ടുന്നതിനു വേണ്ടിയുളള ശ്രമങ്ങൾ കേന്ദ്രസർക്കാർ തുടരുന്നതിനിടെയാണു കഴിഞ്ഞ മേയിൽ ആന്റിഗ്വയിൽനിന്ന് ചോക്സിയെ കാണാതായത്.

 

ഏതാനും ദിവസത്തിനുശേഷം അയൽ ദ്വീപ്‍രാജ്യമായ ഡൊമീനിക്കയിൽ ചോക്സി അറസ്റ്റിലായി. ആന്റിഗ്വയിൽനിന്നു തന്നെ തട്ടിക്കൊണ്ടുപോയതാണെന്ന വാദമാണു ചോക്സി കോടതിയിൽ ഉന്നയിച്ചത്. ഡൊമീനിക്കൻ കോടതി ചോക്സിയെ ആന്റിഗ്വയിലേക്കു മടങ്ങാൻ അനുവദിച്ചു. ചോക്സിയുമായി സൂം വഴി നടത്തിയ സംഭാഷണത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ: 

 

∙ മേയ് 23 നു വൈകിട്ട് 5ന് ആന്റിഗ്വയിൽനിന്നു കാണാതായ നിങ്ങളെ ഏതാനും ദിവസങ്ങൾക്കു ശേഷം ഡൊമീനിക്കയിലാണു കണ്ടെത്തിയത്. എന്താണു സംഭവിച്ചത് ?

 

എന്റെ സുഹൃത്ത് ബാർബറ ജറാബിക്കിനൊപ്പം ഭക്ഷണം കഴിക്കാൻ പോകാനായി ഞാൻ എന്റെ കാറിൽ വീട്ടിൽനിന്നു പുറപ്പെട്ടു. അവരുടെ വീട്ടിൽ എത്തിയപ്പോൾ എന്നോട് ഏതാനും മിനിറ്റ് കാത്തിരിക്കാൻ ആവശ്യപ്പെട്ടു. ഞാൻ സ്വീകരണ മുറിയിലെ സോഫയിൽ ഇരുന്നു. 3–4 മിനിറ്റുകൾക്കകം നല്ല ഉയരമുള്ള ഏഴോ എട്ടോപേർ വീട്ടിനകത്തേക്ക് ഇരച്ചുകയറി എന്നെ വളഞ്ഞു. ‘നിങ്ങളെ ചോദ്യം ചെയ്യാൻ കൊണ്ടുപോകുന്നു’ എന്നു പറഞ്ഞു. അവർ എന്നെ മർദിച്ചു. ഇലക്ട്രിക് ടേസർ എന്ന ഉപകരണം എന്റെ മുഖത്തും ഇടതുകയ്യിലും മൂക്കിലും വച്ചു പലവട്ടം ഷോക്കടിപ്പിച്ചു. 2018 മുതൽ എന്നെ തട്ടിക്കൊണ്ടുപോകുമെന്ന ഭീഷണി കേൾക്കുന്നതാണ്. ആന്റിഗ്വയ്ക്കു കോവിഡ് വാക്സീൻ നൽകിയത് ഇന്ത്യയാണ്. ഇതിനു പകരമായി എന്നെ വിട്ടുകൊടുക്കുമെന്നും കേട്ടിരുന്നു. 

 

∙ താങ്കളുടെ സ്നേഹിത ബാർബറയുടെ വീട്ടിലാണോ ഈ സംഭവമെല്ലാം നടന്നത്? 

 

അതെ. പക്ഷേ, അവർ അവിടെനിന്നു മാറിക്കളഞ്ഞു. പിന്നീട് ഒരു ചക്രക്കസേര കൊണ്ടുവന്ന് എന്നെ അതിൽ ഇരുത്തി കയ്യും കാലും വരിഞ്ഞുകെട്ടി. വായിൽ തുണി തിരുകിയശേഷം മുഖം മൂടി കടൽത്തീരത്തേക്കു കൊണ്ടുപോയി ഒരു ബോട്ടിൽ കയറ്റി. 

 

∙ ബോട്ടിൽ എത്ര പേരുണ്ടായിരുന്നു? 

 

ബോട്ടിൽ 5 പേരുണ്ടായിരുന്നുവെന്നു തോന്നുന്നു. പ‍ഞ്ചാബികളായ 2 ഇന്ത്യക്കാരുടെ നിയന്ത്രണത്തിലായിരുന്നു ഞാൻ. അവർ റോ ഏജന്റുമാരാണെന്ന് എന്നോടു പറഞ്ഞു. ബോട്ട് യാത്ര 15–16 മണിക്കൂർ നീണ്ടു. ഡൊമീനിക്കൻ തീരമടുക്കാറായപ്പോൾ ഒരാൾ വന്ന് നരേന്ദ്ര സിങ് എന്നാണ് പേരെന്നും എന്റെ കേസ് കൈകാര്യം ചെയ്യാൻ പോകുന്നത് അയാളാണെന്നും പറഞ്ഞു.

 

എന്നെ ബാർബറയുടെ വീട്ടിൽനിന്നു തട്ടിക്കൊണ്ടുപോന്നതല്ല, കീഴടങ്ങിയതാണെന്നും ഇന്ത്യയിലേക്കു പോകാൻ ആഗ്രഹിക്കുന്നുവെന്നും പൊലീസിനോടു പറയാൻ നിർദേശിച്ചു. പറയുന്നതു പോലെ അനുസരിച്ചില്ലെങ്കിൽ നിന്നെയും കുടുംബത്തെയും പീഡിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി. അര മണിക്കൂറിനകം കോസ്റ്റ് ഗാർഡ് ബോട്ട് വന്നു. 6–7 ഡൊമീനിക്ക പൊലീസ് ഉദ്യോഗസ്ഥർ എത്തി. ഇന്ത്യക്കാരായ ആ 2 പേരെ പിന്നീട് കണ്ടില്ല.