റെയിൽവേ സ്റ്റേഷൻ ലോകനിലവാരത്തിലേക്ക് ഉയർത്തിയതിനൊപ്പം സ്റ്റേഷന് മുകളിൽ പഞ്ചനക്ഷത്ര ഹോട്ടലും നിർമിച്ച് അമ്പരപ്പിച്ചിരിക്കുകയാണ് ഗുജറാത്തിലെ ഗാന്ധിനഗർ റെയിൽവേ സ്റ്റേഷൻ. പ്രധാനമന്ത്രി നരേന്ദ്രമോദി ഈ കെട്ടിടവിസ്മയം രാജ്യത്തിന് സമർപ്പിച്ചു. മോദി പങ്കുവച്ച ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്.
റെയിൽവേ സ്റ്റേഷനു മുകളിൽ പഞ്ചനക്ഷത്ര സൗകര്യമുള്ള 318 മുറികളാണ് ഉള്ളത്. 790 കോടി രൂപയാണു നിർമാണ ചെലവ്. ഗുജറാത്ത് സർക്കാരിന്റെ ഗാന്ധിനഗർ റെയിൽവേ ആൻഡ് അർബൻ ഡവലപ്മെന്റ് കമ്പനിയുമായി (ഗരുഡ്) സഹകരിച്ചാണ് ഇന്ത്യൻ റെയിൽവേ സ്റ്റേഷൻസ് ഡവലപ്മെന്റ് കോർപറേഷൻ (ഐആർഎസ്ഡിസി) പദ്ധതി നടപ്പാക്കിയത്. 11 നിലകളുള്ള 2 ടവറുകളും 9 നിലകളുള്ള ഒരു ടവറുമാണു ഹോട്ടൽ കോംപ്ലക്സിന്റെ ഭാഗമായി നിർമിച്ചിരിക്കുന്നത്. ലീല ഗ്രൂപ്പിന്റെയാണു ഹോട്ടൽ.
2017 ജനുവരിയിൽ പ്രധാനമന്ത്രി മോദി തന്നെയാണു പദ്ധതിക്കു തറക്കില്ലിട്ടത്. റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് 254 കോടി രൂപ ചെലവായി. ഐആർഎസ്ഡിസിയാണു പദ്ധതിയുടെ നോഡൽ ഏജൻസി. ഭോപ്പാലിലെ ഹബീബ്ഗഞ്ച് സ്റ്റേഷൻ വികസനവും അവസാന ഘട്ടത്തിലാണ്. ഡൽഹി ആനന്ദ് വിഹാർ, ചണ്ഡിഗഡ് സ്റ്റേഷനുകളും സമാന രീതിയിൽ നവീകരിക്കുന്നുണ്ട്.