ദിവസവും വർധിക്കുന്ന പെട്രോൾ–ഡീസൽ വിലയിൽ ജനം പൊറുതിമുട്ടുകയാണ്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചും അല്ലാതെയും പലവിധ സമരങ്ങളാണ് രാജ്യമെങ്ങും നടക്കുന്നത്. മുംബൈയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിനിടെ ഉണ്ടായ അപകടം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കാളവണ്ടിയിൽ സഞ്ചരിച്ചാണ് നേതാക്കൾ പ്രതിഷേധിച്ചത്.

കാളവണ്ടിക്ക് മുകളിലേക്ക് ഒട്ടേറെ നേതാക്കൾ കയറി നിന്നതോടെ വണ്ടി തകർന്നു. നേതാക്കൻമാരെല്ലാം റോഡിൽ വീണു. കൊടിയും പ്ലക്കാര്‍ഡുകളും ഗ്യാസ് സിലിണ്ടറും അടക്കമുള്ളവയുമായി കാളവണ്ടിയില്‍ കയറിനിന്നായിരുന്നു നേതാക്കളുടെ പ്രതിഷേധം. ഏകദേശം ഇരുപതോളം പേര്‍ ഒരുമിച്ച് കാളവണ്ടിയിൽ കയറി നിന്നതോടെയാണ് തകർന്നുവീണത്. വീഴ്ചയിൽ നേതാക്കൻമാർക്ക് ചെറിയ പരുക്കുകളും സംഭവിച്ചു. വിഡിയോ കാണാം.