Cabinet-Today

പുതിയ കേന്ദ്ര മന്ത്രിമാർ ചുമതല ഏറ്റെടുത്തു. ആരോഗ്യ മന്ത്രി മൻസൂക് മാണ്ഡവ്യ, റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ്, വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, IT സഹമന്ത്രി രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ ചുമതലയേറ്റു. പുതിയ മന്ത്രിമാർ പങ്കെടുക്കുന്ന ആദ്യ മന്ത്രിസഭാ യോഗം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വൈകീട്ട് 5 മണിക്ക് ചേരും. പുനസംഘടനയിൽ മന്ത്രിപദം ലഭിക്കാത്തതിൽ NDA ഘടക കക്ഷി നിഷാദ് പാർട്ടി പ്രതിഷേധവുമായി രംഗത്തെത്തി. 

ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത 15 കാബിനറ്റ് മന്ത്രിമാരുള്‍പ്പെടേ 43 മന്ത്രിമാരോടും ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന മന്ത്രിസഭ യോഗത്തിന് മുമ്പ് ചുമതലയേല്‍ക്കാനാണ് നിര്‍ദേശം. അതിനാല്‍ രാവിലെതന്നെ മിക്ക മന്ത്രിമാരും മന്ത്രാലയങ്ങളിലെത്തി ചുമതല ഏറ്റെടുത്തു. വാര്‍ത്ത വിതരണ മന്ത്രി അനുരാഗ് ഠാക്കൂറാണ് ആദ്യം ചുമതലയേറ്റെടുത്തത്. എം.ഐ.ബി സെക്രട്ടറി അദ്ദേഹത്തെ സ്വീകരിച്ചു. പിന്നാലെ ആരോഗ്യമന്ത്രി മന്‍സൂക് മാണ്ഡവ്യ നിര്‍മാണ്‍ ഭവനിലെ ഓഫീസിലെത്തിയും, റെിയല്‍വേ, ടെലകോം, ഐടി മന്ത്രി അശ്വനി വൈഷ്ണവ് മൂന്ന് മന്ത്രാലയങ്ങളിലുമെത്തി ചുമതലയേറ്റു. ടൂറിസം, സാംസ്കാരിക മന്ത്രി ജി കിഷണ്‍ റെഡ്ഡി ഓഫീസിന് മുന്‍പില്‍ പൂജ നടത്തിയ ശേഷമാണ് ചുതലയേറ്റത്. നിയമമന്ത്രിയെന്ന നിലയില്‍ സുതാര്യതയോടെ പ്രവര്‍ത്തിക്കുമെന്ന് ചമുതലയേറ്റ ശേഷം കിരണ്‍ റിജ്ജു പറഞ്ഞു. 

വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുള്‍പ്പെടേയുള്ളവര്‍ ബിജെപി ദേശീയ ആസ്ഥാനത്തെത്തി, ദീന്‍ദയാല്‍ ഉപാധ്യായ്, ശ്യാമപ്രസാദ് മുഖര്‍ജി എന്നിവരുട പ്രതിമകളില്‍ പുഷ്പാര്‍ഛന നടത്തിയ ശേഷമാണ് ചുമതലയേറ്റത്. ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ കഠിനാധ്വാനം ചെയ്യുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. 

മലയാളിയായ സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ആദ്യം ഐടി മന്ത്രാലത്തിലും പിന്നാലെ നൈപുണ്യ വികസന മന്ത്രാലയത്തിലുമെത്തി ചുതലയേറ്റു. അപ്നദളിന് മന്ത്രിസ്ഥാനം നല്‍കി തങ്ങളെ അവഗണിച്ചുവെന്ന പരാതിയുമായാണ് യു.പിയിലെ എന്‍.ഡി.എ ഘടകക്ഷിയായ നിഷാദ് പാര്‍ട്ടി രംഗത്തുവന്നിരിക്കുന്നത്. ഇതിന്‍റെ പ്രത്യാഘാതം ബിജെപി അനുഭവിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ സഞ്ജയ് നിഷാദ് പറഞ്ഞു.