ഇന്ത്യന്‍ സിനിമയിലെ അനശ്വര നടന്‍ അമരീഷ് പുരിയുടെ ജന്മദിനമാണ് ഇന്ന്. പകരം വയ്ക്കാനാകാത്ത കലാകാരന്റെ എണ്‍പത്തൊമ്പതാം ജന്മദിനം ഓര്‍മ്മിക്കപ്പെടുമ്പോള്‍ അതുല്യപ്രതിഭയുെട സിംഹാസനം ഇന്നും ഒഴിഞ്ഞ് കിടക്കുന്നു
ചിലര്‍ക്ക് മിസ്റ്റര്‍ ഇന്ത്യയിലെ മൊഗാംബോയാണ്.മറ്റ് ചിലര്‍ക്ക് ഇന്ത്യാന ജോണ്‍സിലെ അതിക്രൂരനായ വില്ലനും.കാലാപാനിയിലെ മിര്‍സാ ഖാനും സബര്‍ദസ്തിലെ ബല്‍റാം സിംഗും അങ്ങനെ അംരീഷ് പുരി തിളങ്ങിയ കഥാപാത്രങ്ങള്‍ എണ്ണിപ്പറയുക തന്നെ ദുഷ്ക്കരം. മുപ്പത്തിയെട്ട് വര്‍ഷം നീണ്ട കലാജീവിതം കൊണ്ട് സമ്മാനിച്ചത് വെള്ളിത്തിരയിലെ എക്കാലത്തെയും മികച്ച ഹിറ്റുകള്‍.
ആദ്യ സ്ക്രീന്‍ടെസ്റ്റില്‍ പരാജയപ്പെട്ട അംരീഷ് പുരി, പിന്നീട് സത്യദേവ് ദുബേ നാടകങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായി.നാടകത്തിലൂടെ ശ്രദ്ധിക്കപ്പെട്ട അംരീഷ് പുരിയെ തേടി ഒടുവില്‍ സിനിമ തന്നെ എത്തി.എണ്‍പതുകളില്‍ വില്ലന്‍ കഥാപാത്രങ്ങളുമായാണ് കളം നിറഞ്ഞതെങ്കില്‍ തൊണ്ണൂറുകളില്‍ വഴിമാറി നടന്ന അംരീഷ് പുരി ഹാസ്യത്തിലും കൈവച്ചു.ആറു ഭാഷകളിലായി ജീവന്‍ നല്‍കിയത് 350 ഓളം കഥാപാത്രങ്ങള്‍ക്ക്. കാലാപാനിയിലെ ക്രൂരനായ മിര്‍സാഖാനെയാണ് മലയാളിക്ക് പരിചയമെങ്കില്‍ ഈ രംഗത്തിന് ശേഷം മോഹന്‍ലാലിനെ കെട്ടിപ്പിടിച്ച് കരഞ്ഞ അംരീഷ് പുരിയെയാണ് അണിയറപ്രവര്‍ത്തകര്‍ക്ക് പരിചയം.ഇന്ത്യാന ജോണ്‍സിന് ശേഷം സ്റ്റീഫന്‍ സ്പീല്‍ബര്‍ഗ് പറഞ്ഞു.അംരീഷാണ് എന്റെ പ്രിയപ്പെട്ട വില്ലന്‍.