ഇന്ത്യയില്‍ കുട്ടികളിലും വാക്സീന്‍ നല്‍കാന്‍ തയാറാണെന്ന് ഫൈസര്‍ കമ്പനി. അടിയന്തര ഉപയോഗത്തിനുള്ള അനുമതി വേഗത്തിലാക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു. ബ്ളാക് ഫംഗസിനുള്ള മരുന്നിന്റെ ഉല്‍പാദനം കൂട്ടാന്‍ അഞ്ചു കമ്പനികള്‍ക്ക് കൂടി കേന്ദ്രം ലൈസന്‍സ് നല്‍കി.  രാജ്യത്ത് രോഗമുക്തി നിരക്ക് 90 ശതമാനത്തിലേക്ക് ഉയര്‍ന്നു. 2 ലക്ഷത്തി പതിനോരായിരം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 

 

അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയാല്‍ ഒക്ടോബറിനുള്ളില്‍ അഞ്ചു കോടി ഡോസ് വാക്സീന്‍ നല്‍കാമെന്നാണ് ഫൈസറിന്റെ വാഗ്ദാനം. 12 മുതല്‍ 17 വയസ് വരെയുള്ള കുട്ടികളില്‍ വാക്സീന്‍ ഫലപ്രദമാണ്. ഇന്ത്യയില്‍ വ്യാപകമായി കണ്ടുവരുന്ന ബി.1.617 വകഭേദത്തെ പ്രതിരോധിക്കാന്‍ വാക്സീനാകുമെന്ന് രേഖകള്‍ സഹിതം കമ്പനി അറിയിച്ചു. അതേസമയം, കമ്പനികളില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാവുന്ന വ്യവസ്ഥയില്‍ ഇളവു നല്‍കണമെന്ന ഫൈസറിന്റെ ആവശ്യം. അമേരിക്ക ഉള്‍പ്പെടെ മറ്റ് രാജ്യങ്ങള്‍ ഇളവ് നല്‍കിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു. എന്നാല്‍, നിലവില്‍ ഇന്ത്യയില്‍ അനുമതി ലഭിച്ചിട്ടുള്ള കോവിഷീല്‍ഡ്, കോവാക്സിന്‍, സ്പുട്നിക് വാക്സീനുകള്‍ക്ക് കേന്ദ്രം ഇളവ് അനുവദിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കമ്പനിയും കേന്ദ്രവും തമ്മില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ബ്ളാക് ഫംഗസ് ബാധയ്‍ക്ക് നല്‍കുന്ന ആംഫോടെറിസിന്‍ മരുന്ന് ക്ഷാമം രൂക്ഷമായി തുടരുന്നത് വിലയിരുത്തിയാണ് മരുന്നു ഉല്‍പാദനത്തിന് അഞ്ചു കമ്പനികള്‍ക്ക് കൂടി കേന്ദ്രം ലൈസന്‍സ് നല്‍കിയത്. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും മരുന്ന് സംഭരിക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശം നല്‍കി. അതേസമയം, 24 മണിക്കൂറിനിടെ 2,11,298 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 2,83,135 പേര്‍ രോഗമുക്തി നേടി. 3,847 പേര്‍ മരിച്ചു. ആകെ മരണം 3,15,235 ആയി. ചികില്‍സയിലുള്ളവരുടെ എണ്ണം 24,19,907 ആയി കുറ‍ഞ്ഞു. 21 ലക്ഷം സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.79 ശതമാനത്തിലേക്ക് താഴ്‍ന്നു.