ചെന്നൈ നഗരത്തിലൂടെ ഓടുന്ന ഓക്സിജന്‍ ഓട്ടോറിക്ഷയെ കുറിച്ചാണ് ഇനി. ഓക്സിജന്‍ കിട്ടാതെ ആര്‍ക്കും ജീവന്‍ നഷ്ടമാകരുതെന്ന ആഗ്രഹംകൊണ്ടാണ് ഒരുപറ്റം യുവാക്കളാണ് ഓട്ടോറിക്ഷയില്‍ ഓക്സിജന്‍ സിലിണ്ടറും അനുബന്ധ ഉപകരണങ്ങളുമായി സേവനത്തിനിറങ്ങിയിരിക്കുന്നത്.
തണ്ടയാര്‍പേട്ടിലെ കടമൈ ട്രസ്റ്റിന്റെ ഔദ്യോഗിക ഫോണിനു വിശ്രമമില്ല.കാണാന്‍പോലുമാവാത്ത ചെറുജീവിയുടെ പിടിയിലേക്കു, മഹാനഗരം അമര്‍ന്നതിനുശേഷം എങ്ങും രക്ഷാകരങ്ങള്‍ തേടിയുള്ള എസ്.ഒ.എസ് വിളികളാണ്.ശ്വാസം നിലച്ചു കുഴഞ്ഞുവീഴുന്നവരുടെ ബന്ധുക്കള്‍ ഒരിത്തിരി ജീവവായുവിനായാണു വിളിക്കുന്നത്. അതുകൊണ്ടുതന്നെ ഓക്സിജന്‍ ഓട്ടോറിക്ഷയ്ക്കു വിശ്രമമില്ല. വിലകൊടുത്താല്‍പോലും ഓക്സിജന്‍ സിലിണ്ടറുകള്‍ കിട്ടാനില്ലാത്ത നഗരത്തില്‍ ആശുപത്രിയിലേക്കുള്ള പ്രയാണമധ്യേ പൊലിയുന്ന ജീവനുകളെ കുറിച്ചുള്ള ആധി കൂടിയതോടെയാണു യുവാക്കള്‍ അടിയന്തര ചികില്‍സ നല്‍കാനുള്ള ഓക്സിജന്‍ സിലിണ്ടറുകളുമായി കറക്കം തുടങ്ങിയത്.
വലിയ ആംബുലന്‍സുകള്‍ക്ക് ഉള്‍വഴികളേറെയുള്ള നഗരാന്തര്‍ഭാഗത്തേക്ക് പെട്ടെന്നൊന്നും എത്താനാകില്ല.സെക്കന്റിന് ജീവന്റെ വിലയുള്ളതിനാലാണ് ചെറുവഴികള്‍ താണ്ടാന്‍ ഓട്ടോയെ ആശ്രയിക്കുന്നത്. പി.പി.ഇ കിറ്റും മാസ്കും കയ്യുറകളുമടക്കം സുരക്ഷാ മുന്‍കരുതലെടുത്താണു ഡ്രൈവര്‍ കം അറ്റന്‍ഡര്‍ രോഗിക്കടുത്തെത്തുന്നത്.ഓക്സിജന്‍ നല്‍കി രോഗിയെ കൂടി പി.പി.ഇ കിറ്റണിയിച്ചതിനു ശേഷം ആശുപത്രിയിലെത്തിച്ചാണു മടക്കം.