തമിഴ്നാടിനെ ഇന്ന് കാണുന്ന തമിഴ്നാടാക്കിയ കലൈജ്ഞരുടെ അവസാന ഉറക്കത്തിന്, മറീന ബീച്ചിൽ ആറടി മണ്ണ് തരണമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ കൈ പിടിച്ചു അയാൾ കെഞ്ചി. പക്ഷേ സമ്മതിച്ചില്ല. പിന്നെ നിയമപോരാട്ടം ആ ഇതിഹാസ മനുഷ്യന് നിത്യശാന്തി െകാള്ളാൻ മറീനയിൽ ഇടമൊരുക്കി. ഇന്ന് ആ മണ്ണിൽ ചവിട്ടി നിന്ന് അച്ഛന് പൂക്കൽ അർപ്പിക്കുന്ന എം.കെ സ്റ്റാലിൻ തമിഴകത്തിന്റെ മുഖ്യമന്ത്രിയാണ്. ഇക്കാലമത്രയും സ്റ്റാലിനും ഡിഎംകെയ്ക്കും ഒറ്റ തണലേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടാകണം സത്യപ്രതിക്ഞയിൽ എം.കെ സ്റ്റാലിൻ എന്ന് ഗവർണർ പറഞ്ഞുകൊടുത്തപ്പോൾ, ഭാഷയുടെ സൗന്ദര്യനിധി വാക്കിലും എഴുത്തിലും ആറാടിച്ച് ഒരു ജനതയെ നയിച്ച തന്റെ അച്ഛന്റെ പേര് എടുത്തു പറഞ്ഞ് അയാൾ തമിഴകത്തിന്റെ നാഥനായി. വിഡിയോ കാണാം.
കലൈഞ്ജറില്ലാതെ ഡിഎംകെ, അമ്മയില്ലാതെ അണ്ണാ ഡിഎംകെ. താരത്തിളക്കം വോട്ടാക്കുമെന്ന് പ്രതീക്ഷിച്ച് കമൽഹാസന്റെ മൂന്നാം മുന്നണി. ഇത്തവണ ഇതുവരെ നടന്നുതീർത്ത വഴികളായിരുന്നില്ല തമിഴ്നാടിൽ ഈ തിരഞ്ഞെടുപ്പിൽ നടന്നത്. പലതും അവർ മാറ്റി മറിച്ചു. സൂപ്പർ താരങ്ങളെ തലൈവരാക്കുന്ന പരിപാടി അവർ നിർത്തി. നിലം തൊടാനായില്ല കമലിന്. അമ്മ ഇല്ലെങ്കിലും വലിയ തിരിച്ചടിയിലേക്ക് പോകാതെ പിടിച്ചുനിന്നു അണ്ണാ ഡിഎംകെ. ഒപ്പം നിന്ന
ബിജെപിക്ക് 5 സീറ്റ്. ദ്രാവിഡ പാരമ്പര്യത്തിന്റെ കരുത്തുമായി പത്തുവർഷത്തിന് ശേഷം ഡിഎംകെയുടെ ഉയർത്തെഴുന്നേൽപ്പ്. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നൽകി എം.കെ സ്റ്റാലിനെ തമിഴ് മക്കൾ തിരഞ്ഞെടുത്തു അവരുടെ ദ്രാവിഡ പുതൽവനായി.
ഇത് ആറാം തവണയാണ് ഡിഎംകെ തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുന്നത്. ഡിഎംകെയില്‍നിന്ന് അണ്ണാദുരൈയ്ക്കും കരുണാനിധിക്കുംശേഷം മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെയാളാണു സ്റ്റാലിന്‍. 234 അംഗ നിയമസഭയിൽ 159 സീറ്റുകളാണ് ഡിഎംകെ സഖ്യത്തിനു ലഭിച്ചത്. ഡിഎംകെയ്ക്കുമാത്രം 133 സീറ്റുകൾ. ഡിഎംകെയ്ക്ക് ഒപ്പം നിന്ന കോണ്ഗ്രസിന് 17 സീറ്റും. സ്റ്റാലിൻ മുഖ്യമന്ത്രി ആകുമ്പോൾ മകൻ ഉദയനിധി എംഎൽഎയായി ഒപ്പമുണ്ട് എന്നതും ശ്രദ്ധേയം. പക്ഷേ മന്ത്രിസഭയിൽ മകന് പ്രവേശനം െകാടുക്കാതെ ഉണ്ടായേക്കാവുന്ന വിവാദങ്ങളെ മാറ്റി നിർത്തി, സെന്റ് ജോർജ് കോട്ടയിൽ സ്റ്റാലിൻ യുഗത്തിനു തുടക്കമായി.
ജയലളിത അപ്രമാധിത്യത്തിന് മുന്നിൽ ഒന്നുമല്ലാതെ ആയിപ്പോയ ഒരു പാർട്ടി. പത്തുവർഷം അധികാരമില്ലാതെ മാറ്റി നിർത്തപ്പെട്ടിട്ടും ശക്തമായി തിരിച്ചുവരുമ്പോൾ വരവ് ഗംഭീരമാക്കണം. കരുണാനിധിയുടെ ആ ചരിത്ര പ്രസിദ്ധമായ പേന കയ്യിലെടുത്ത് മുഖ്യമന്ത്രി സ്റ്റാലിൻ 5 ഉത്തരവുകളിൽ ഒപ്പിട്ടു. സൗജന്യം വാരിയെറിഞ്ഞ് ജനങ്ങളെ പാട്ടിലാക്കി വോട്ടുതേടുന്ന കരുണാനിധി–ജയലളിത തന്ത്രത്തിന്റെ പുതിയ പതിപ്പ്. പക്ഷേ ഈ കോവിഡ് കാലത്ത് ഈ തീരുമാനം ജനത്തിന് വലിയ ആശ്വാസമാണെന്നുറപ്പ്.
സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സുള്ളവര്‍ക്കെല്ലാം സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികില്‍സ സൗജന്യമാക്കി. ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്ര. പാല്‍വില കുറച്ചു. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കോവിഡ് ദുരിതാശ്വാസമായി 2000 രൂപ വീതം ഈ മാസം തന്നെ വിതരണം ചെയ്യാനും ഉത്തരവായി. പൊതുജനങ്ങളുടെ പ്രശ്നങ്ങളെ 100 ദിവസങ്ങൾക്കുള്ളിൽ അഭിമുഖീകരിക്കുമെന്ന വാഗ്ദാനം നിറവേറ്റാനായി ‘നിങ്ങളുടെ മണ്ഡലത്തിൽ മുഖ്യമന്ത്രി’ എന്ന പദ്ധതി രൂപീകരിക്കാനായി പ്രത്യേക വകുപ്പ് സജ്ജീകരിക്കാൻ ഉത്തരവിട്ടു. അധികാരമേറ്റ് 5 മണിക്കൂറിനുള്ളിൽ ഉത്തരവിട്ട ജനപ്രിയ തീരുമാനങ്ങൾ. കോവിഡ് പോരാട്ടത്തിനിടെ ജീവൻ നഷ്ടമായ ഡോക്ടർമാരുടെ കുടുംബത്തിന് 25 ലക്ഷം രൂപ നൽകുമെന്നും അദ്ദേഹം പ്രഖ്യപിച്ചു. ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേ എന്ന രജനി വാക്യത്തെ അക്ഷരാർഥത്തിൽ തുടക്കം മുതൽ കൊണ്ടാടി കയ്യടി വാങ്ങുകയാണ് ഈ ദളപതി.
സ്റ്റാലിൻ അധികാരത്തിൽ വന്നാൽ സ്വന്തം നാവ് മുറിച്ചുനൽകാമെന്ന് ശപഥം ചെയ്തൊരു യുവതി പൊതുവാക്കുടി മുതലമ്മൻ ക്ഷേത്രത്തിലെത്തി തന്റെ ശപഥം നിറവേറ്റി. അമ്പലത്തിന്റെ പടിക്കെട്ടുകളിൽ ഇവരുടെ നാവിന്റെ മുറിച്ച ഭാഗവും കണ്ടെത്തി. വലിയ മാറ്റങ്ങളിലേക്ക് തമിഴ്നാട് രാഷ്ട്രീയം മാറുമ്പോഴും ഇത്തരത്തിൽ അതി വൈകാരികതയുടെ വിള നിലം തന്നെയാണ് ഇപ്പോഴും തമിഴകം.
1953 മാർച്ച് 1 കമ്മ്യൂണിസ്റ്റ് നേതാവ് ജോസ്ഫ് സ്റ്റാലിൻ മരിച്ച് നാലാം നാൾ. തമിഴ്നാട്ടിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ പങ്കെടുക്കുമ്പോഴാണ് കരുണാനിധിക്ക് സന്ദേശം എത്തുന്നത്. ഭാര്യ ദയാലുഅമ്മാളിൽ ഒരു മകൻ കൂടി ജനിച്ചിരിക്കുന്നു. ആ വേദിയിൽ തന്നെ മകന് അദ്ദേഹം പേരിട്ടു എം.കെ സ്റ്റാലിൻ. 14-ാം വയസ്സിൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ സ്റ്റാലിൻ 5 പതിറ്റാണ്ടിനിപ്പുറമാണ് തമിഴകത്തിന്റെ തലൈവരാകാൻ അവസരം കിട്ടുന്നത്. അത്രാകാലം കരുണാനിധിയുടെ ഓമന പുത്രനായി അച്ഛന്റെ നിഴലായി അയാൾ ഒതുങ്ങി. സ്റ്റാലിനെ രാഷ്ട്രീയക്കാരനാക്കിയതു അടിയന്തരാവസ്ഥയാണ്. മിസ നിയമപ്രകാരം ഒരു വർഷത്തോളം ജയിൽ ശിക്ഷയനുഭവിച്ചു. പൊലീസ്ക്രൂരമർദനത്തിനിരയായി. അവിടെ തളരാതിരുന്ന സ്റ്റാലിൻ ജയിൽ നിന്നിറങ്ങി വീറോടെ രാഷ്ട്രീയത്തിലേക്ക് അതിവേഗം നടന്നുകയറി. മക്കൾ രാഷ്ട്രീയം കുടുംബ രാഷ്ട്രീയം എന്ന് പഴിച്ചവരോട് കരുണാനിധി പറഞ്ഞു. സ്റ്റാലിനെ രാഷ്ട്രീയക്കാരനാക്കിയതു ഞാനല്ല, അത് ഇന്ദിരാ ഗാന്ധിയാണെന്ന്.
1982ൽ ഡിഎംകെ യുവജന വിഭാഗം സെക്രട്ടറി പദമായിരുന്നു പാർട്ടിയിലെ ആദ്യ ഔദ്യോഗിക പദവി. അച്ഛന്റെ കഴിവുകളെ വെല്ലുന്ന മകനായിരുന്നില്ല സ്റ്റാലിൻ. തമിഴന്റെ ഞെരമ്പിനെ ആവേശത്തിലാക്കുന്ന അച്ഛന്റെ വാക്കുകളുടെ ചടുലതയോ അഗ്നിപടർത്തുന്ന പ്രസംഗ പാടവമോ ഇൗ മകനില്ലായിരുന്നു. രാഷ്ട്രീയ കൗശലങ്ങളിലും അയാളിൽ പറയത്തക്ക മിടുക്ക് കണ്ടില്ല. പക്ഷേ അച്ഛനൊപ്പം എത്താൻ അയാൾ കഠിനമായി അധ്വാനിച്ചു. അങ്ങനെ തന്റെ കുറവുകളെ അയാൾ മറികടന്നു.
ജീവിതത്തിൽ തിരഞ്ഞെടുപ്പ് തോൽവിയുടെ വേദന അറിയാത്ത അച്ഛന്റെ മകൻ തുടങ്ങിയത് തന്നെ തോൽവിയോടെ ആയിരുന്നു. 1984ലെ ആദ്യ തിരഞ്ഞെടുപ്പു പോരാട്ടത്തിൽ തൗസന്റ് ലൈറ്റ്സിൽ തോൽവി. 91ൽ വീണ്ടും തോറ്റു. പക്ഷേ 89, 96, 2006 ലും വിജയിച്ചെത്തി. ഇപ്പോൾ കൊളത്തൂരിൽ ഇതു മൂന്നാം ജയം. ജനങ്ങൾ നേരിട്ടു തിരഞ്ഞെടുക്കുന്ന ആദ്യ ചെന്നൈ മേയറായതു 1996ലാണ്. ചെന്നൈയുടെ മുഖം മിനുക്കിയ നഗരപിതാവായി സ്റ്റാലിൻ പണി അറിയാമെന്ന് തെളിയിച്ചു. 2006-ലാണു ആദ്യമായി മന്ത്രിസഭയിൽ ഇടം നേടുന്നത്. 2009 മുതൽ 2 വർഷം ഉപമുഖ്യമന്ത്രിയായി. ഇതോടെ ഡിഎംകെയുടെ അടുത്ത നേതാവ് ആര് എന്ന ചോദ്യത്തനും അന്ന് ഉത്തരമായി.
എംജിആർ അധികാരത്തിലേറിയ ശേഷമുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതകാലത്ത് കരുണാനിധിക്ക് ഒരു വെല്ലുവിളിയാകാൻ പോലും കഴിഞ്ഞിരുന്നില്ല. ജയലളിതയോട് പട പൊരുതി നിന്നെങ്കിലും കഴിഞ്ഞ പത്തുവർഷം ഡിഎംകെയ്ക്ക് തമിഴകത്ത് കളിക്കാൻ ഇടമില്ലാരുന്നു. ഭരണത്തുടർച്ച നേടി ജയ ആരവം മുഴക്കുന്നത് നോക്കിനിൽക്കാനെ അവർക്ക് കഴിഞ്ഞിരുന്നുള്ളൂ. പെട്ടെന്നുള്ള ജയയുടെ മരണത്തിന് ശേഷം അണ്ണാ ഡിഎംകെ തമ്മിൽ തല്ലി ഇല്ലാതായപ്പോഴാണ് സ്റ്റാലിൻ പാർട്ടിയുടെ നായകനാകുന്നത്. പിന്നാലെ കരുണാനിധിയും വിടവാങ്ങിയതോടെ സ്വന്തം കുടുംബത്തിൽ നിന്നുതന്നെ ശത്രുക്കൾ ഉയർന്നു.
കരുണാനിധിയുടെ മരണശേഷം സഹോദരനും മുൻ കേന്ദ്രമന്ത്രിയുമായ എം.കെ.അഴഗിരി ഉയർത്തിയ കലാപശ്രമത്തെ ചെറുത്തുതോൽപ്പിച്ചാണ് രാഷ്ട്രീയ തന്ത്രങ്ങളിലും അച്ഛന്റെ ചൂടും ചൂരും പകർന്നുകിട്ടിയ മകനാണ് താനെന്ന് സ്റ്റാലിൻ തെളിയിച്ചത്. ഒപ്പം മകൻ ഉദയനിധിയെ അടുത്ത പിൻഗാമിയായി വളർത്തിക്കൊണ്ടുവരാനും ശ്രമം തുടങ്ങി. ഒരുകാലത്ത് കരുണാനിധിയുടെ പിൻഗാമിയെന്നു കരുതപ്പെട്ടിരുന്ന വൈകോ പാർട്ടിയിൽ നിന്നു പുറത്തുപോയതു സ്റ്റാലിനു നൽകുന്ന അമിത പരിഗണനയിൽ പ്രതിഷേധിച്ചായിരുന്നു. അതേ വൈകോയുടെ പാർട്ടിയെ ഇത്തവണ ഡിഎംകെ മുന്നണിയിൽ ഉദയസൂര്യൻ ചിഹ്നത്തിൽ മത്സരിപ്പിച്ചുവെന്നത് സ്റ്റാലിന്റെ പ്രയോഗിക രാഷ്ട്രീയത്തിനുള്ള ഉദാഹരണമാണ്.
ജയലളിത - കരുണാനിധി വൈരത്തിന്റെ അങ്കങ്ങൾ ഒരുപാട് കണ്ടതാണ് തമിഴ് ജനത. അതിന്റെ തുടർച്ചകൾ ബാക്കിയുണ്ട് എന്ന തോന്നൽ അവശേഷിപ്പിച്ച് തന്നെയാണ് ഇരുനേതാക്കളും കാലത്തോട് അലിഞ്ഞു ചേർന്നത്. പിതാവിനെ അടക്കാൻ ഒരുതുണ്ട് മണ്ണിനുവേണ്ടി സ്റ്റാലിന് എടപ്പാടിയുടെ കൈപിടിച്ച് കെഞ്ചേണ്ടി വന്നപ്പോൾ ആ വൈരാഗ്യകാലം തീർന്നിട്ടില്ലെന്ന് തമിഴകം ഏതാണ്ട് ഉറപ്പിച്ചതാണ്. പക്ഷെ, കുലപതികൾ നടന്നുനീങ്ങിയ കുടിപ്പകയുടെ വഴിത്തടങ്ങളിൽ നിന്ന് മാറി നടന്ന് ഞെട്ടിക്കുകയാണ് സ്റ്റാലിൻ . ഭരണത്തുടർച്ച നേടിയ 2016 ലെ സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുമ്പോൾ വേദിയായ മദ്രാസ് യൂണിവേഴ്സിറ്റി ശതാബ്ദി സ്മാരക ഹാളിലെ പതിനാറാം നിരയിലാണ് പ്രതിപക്ഷ നേതാവായ സ്റ്റാലിന് ജയലളിത ഇരിപ്പിടമൊരുക്കിയത്. എന്നാൽ സ്റ്റാലിൻ മുഖ്യമന്ത്രിയാവുന്നത് കാണാൻ എത്തിയവരുടെ മുൻനിരയിൽ തന്നെ ഒ.പനീർസെൽവത്തെ കണ്ടത് ഒരു സൗഹൃദരാഷ്ട്രീയ സംസ്കാരത്തിന്റെ തുടക്കമായി നാട് പ്രതീക്ഷയോടെ കാണുന്നു.
രണ്ട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എം.കെ സ്റ്റാലിൻ. മകൻ ഉദയനിധിയും സിനിമയിൽ സജീവം. ഇവർ കരുണാനിധിക്ക് പകരമായില്ലെങ്കിലും സിനിമയും തമിഴക രാഷ്ട്രീയവും തമ്മിലുള്ള പൊക്കിൾ െകാടി ബന്ധം ഇപ്പോഴും തുടരുന്നു എന്നത് അയൽപക്കത്തെ മാറാത്ത കാഴ്ചയാണ്. ജയ–കലൈഞ്ജർ പകതീർക്കൽ പോരാട്ടങ്ങൾ കണ്ടുമടുത്ത തമിഴ് ജനതയ്ക്ക് ഇനി അത്തരം കാഴ്ചകൾക്ക് അവസരമുണ്ടാകാൻ സാധ്യത കുറവാണ്. എന്നിരുന്നാലും ആ നാട് തമിഴ്നാടാണ്. സിനിമാക്കഥകളെ വെല്ലുന്ന സങ്കീർണതകൾ ഓരോ സീനിലും പതിയിരിക്കുന്ന നാട്.