സിംഗൂരിൽ പറ്റിയ തെറ്റുതിരുത്തി പാർട്ടി തിരിച്ചുവരവിന് ശ്രമിക്കുകയാണെന്ന് സിപിഎം സ്ഥാനാർഥി ശ്രീജൻ ഭട്ടാചാര്യ മനോരമ ന്യൂസിനോട് പറഞ്ഞു. നന്ദിഗ്രാമിനൊപ്പം ബംഗാളിൽ ഇടതുകോട്ടയുടെ തകർച്ചയ്ക്ക് കളമൊരുങ്ങിയ സിംഗൂർ നാളെ വിധിയെഴുതും.
ബംഗാളിന്റെ രാഷ്ട്രീയ ചിത്രം ഒരുപാട് മാറി. പ്രചാരണ രീതിയും. പക്ഷെ അപ്പോഴും പരിമിതികൾക്കുള്ളിൽ നിന്ന് തിരിച്ചുവരവിനായി പോരാടുന്ന സിപിഎമ്മിനെയാണ് സിംഗൂരിൽ കണ്ടത്. കൃഷിയാണ് അടിസ്ഥാനം, വ്യവസായമാണ് ഭാവിയെന്ന മുദ്രാവാക്യവുമായി ഇടത് സർക്കാർ പരിഷ്ക്കരണങ്ങൾക്ക് തുനിഞ്ഞത് കാർ ഫാക്ടറി വിവാദത്തിലാണ് കലാശിച്ചത്. നന്ദിഗ്രാമിലും സിംഗൂരിലും മണ്ണിന്റെ രാഷ്ട്രീയം തിളച്ചുമറിഞ്ഞു. ഇടതുപാർട്ടികൾ അധികാരത്തിന് പുറത്തായി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യയാണ് ഇത്തവണ സിപിഎം സ്ഥാനാർഥി. തെറ്റുതിരുത്തി തിരിച്ചുവരവിനാണ് പാർട്ടി ശ്രമിക്കുന്നതെന്ന് ശ്രീജൻ.
ശ്രീജന്റേത് പാർട്ടി കുടുംബമാണ്. രാഷ്ട്രീയത്തിലെത്തുമ്പോഴേക്കും സിപിഎമ്മിന്റെ തകർച്ച സംഭവിച്ചു കഴിഞ്ഞിരുന്നു. ശ്രീജനടക്കം ഒരുപിടി യുവാക്കൾക്ക് ഇത്തവണ സിപിഎം ടിക്കറ്റ് നൽകിയിട്ടുണ്ട്.