കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയുമായി പോപ് ഗായിക റിഹാന. എന്തുകൊണ്ട് ഇതേക്കുറിച്ച് ആരും സംസാരിക്കുന്നില്ലെന്ന് ഒരു ദേശീയമാധ്യമത്തിന്റെ വാർത്ത പങ്കുവെച്ചുകൊണ്ട് റിഹാന ട്വീറ്റ് ചെയ്തു. ഇന്ത്യയിൽ നിന്നുള്ളളരടക്കം റിഹാനയുടെ പോസ്റ്റ് റീട്വീറ്റ് ചെയ്യുന്നുണ്ട്.
റിഹാനയുടെ ട്വീറ്റിൽ പ്രതികരണവുമായി ബോളിവുഡ് താരം കങ്കണ റണൗട്ടും രംഗത്തെത്തി. റിഹാന്നയെ വിഢി എന്നു വിളിച്ചാണ് കങ്കണയുടെ വിമർശനം. ''ആരും പ്രതികരിക്കുന്നില്ല, കാരണം അവർ കര്‍ഷകരല്ല. ഇന്ത്യെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ഭീകരവാദികളാണവർ. അങ്ങനെ സംഭവിച്ചാൽ ചൈന ഇവിടെ ആധിപത്യം സ്ഥാപിക്കുകയും ഇതൊരു ചൈനീസ് കോളനി ആവുകയും ചെയ്യും. നിങ്ങളെപ്പോലെ ഞങ്ങളുടെ രാജ്യം വിൽപനയ്ക്കു വെയ്ക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല'', കങ്കണ ട്വീറ്റ് ചെയ്തു.
അതേസമയം സമരം ചെയ്യുന്ന കർഷകര്‍ക്കെതിരെ കൂടുതല്‍ നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ. കര്‍ഷകര്‍ ഡല്‍ഹിയിലെത്തുന്നത് തടയാന്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി. അതിനിടെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരായ സമരം ശക്തമാക്കാൻ ഒരുങ്ങുകയാണ് കർഷക സംഘടനകൾ. ശനിയാഴ്ച ദേശവ്യാപകമായി റോഡുകൾ തടയുമെന്ന് സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ചു.