ചെങ്കോട്ടയുടെ മകുടത്തിൽ നിഷാൻ സാഹിബ് പതാക ഉയർത്തിയതുമായി ബന്ധപ്പെട്ട് ചർച്ചകളിൽ നിറയുന്ന പേരാണ് ദീപ് സിദ്ധു. രണ്ട് ദിവസം മുന്‍പാണ് സിദ്ധുവും 26 പൊലീസ് കേസുകൾ സ്വന്തം പേരിലുള്ള ഗുണ്ടാനേതാവ് ലഖ സിദാനയും ഡൽഹിയിൽ എത്തിയത്. അക്രമമുണ്ടാക്കാന്‍ സിദ്ധു ആഹ്വാനം ചെയ്തിരുന്നുവെന്ന് കര്‍ഷക നേതാക്കൾ ആരോപിക്കുന്നു. ചെങ്കോട്ടയിൽ നടന്ന സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ദീപ് സിദ്ധുവിന്റെ പങ്ക് അന്വേശിക്കണമെന്ന ആവശ്യവും ഉയർന്നുകഴിഞ്ഞു. 

ദീപ് സിദ്ധു കർഷകരെ വഴിതെറ്റിച്ചു എന്നാണ് ഭാരതീയ കിസാൻ യൂണിയന്റെ ഹരിയാനയിലെ നേതാവ് ഗുർം സിങ് ചദൂനി പറയുന്നത്. ചെങ്കോട്ടയിലേക്ക് മൈക്രോഫോണുമായാണ് ദീപ് സിദ്ധു എത്തിയതെന്നും കര്‍ഷക പ്രതിഷേധക്കാരെ ചെങ്കോട്ടയിലേക്ക് വഴിതിരിച്ചതു ദീപ് സിദ്ധുവാണെന്നും ഇവര്‍ ആരോപിക്കുന്നു. 

''പ്രതിഷേധിക്കാനുള്ള ഞങ്ങളുടെ ജനാധിപത്യ അവകാശം നിഷേധിച്ചപ്പോൾ ചെങ്കോട്ടയിൽ നിഷാൻ സാഹിബ് പതാക ഉയർത്തുക മാത്രമാണ് ചെയ്തത്'' എന്ന് ഫെയ്സ്ബുക്ക് ലൈവിലെത്തിയും സിദ്ധു പറഞ്ഞിരുന്നു. ഇക്കാര്യവും തെളിവായി പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. 

ആരാണ് ദീപ് സിദ്ധു?

പഞ്ചാബ് സ്വദേശിയായ ദീപ് സിദ്ധു നിയമബിരുദധാരിയാണ്. അഭിനയരംഗത്തേക്കെത്തിയ ദീപിന്റെ ആദ്യ ചിത്രം പുറത്തിറങ്ങുന്നത് 2015–ലാണ്. 2018ലെ ജോറ ദാസ് നുബ്രിയ എന്ന ചിത്രത്തിലെ ഗുണ്ടാ നേതാവിന്റെ വേഷത്തിലൂടെയാണ് ദീപ് ശ്രദ്ധേയനാകുന്നത്.

2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി നേതാവും നടനുമായ സണ്ണി ഡിയോളിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സംഘത്തിൽ ദീപ് സിദ്ധുവും ഭാഗമായിരുന്നു. എന്നാൽ തനിക്കോ കുടുംബത്തിനോ ദീപുമായി യാതൊരു ബന്ധവും ഇല്ലെന്നാണ് സണ്ണി ഡിയോൾ പ്രതികരിച്ചത്. ചെങ്കോട്ടയില്‍ നടന്നത് വേദനിപ്പിച്ചെന്നും സണ്ണി ഡിയോൾ വ്യക്തമാക്കി.

നരേന്ദ്ര മോദിക്കും സണ്ണി ഡിയോളിനും അമിത് ഷാക്കുമൊപ്പം ദീപ് നിൽക്കുന്ന ചിത്രങ്ങൾ അഭിഭാഷകനായ പ്രശാന്ത് ഭൂഷനും ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇയാൾ ബിജെപിയുമായി ഏറെ അടുത്ത ബന്ധമുള്ള വ്യക്തിയാണെന്നാണ് ചിത്രങ്ങൾ പങ്കുവച്ച് പ്രശാന്ത് ഭൂഷൺ പറയുന്നത്. 

കർഷകപ്രതിഷേധത്തിൽ പങ്കെടുക്കാൻ സിദ്ധു മുൻപും എത്തിയിരുന്നു. എന്നാൽ ആർഎസ്എസ് – ബിജെപി ബന്ധം ആരോപിച്ച് കർഷക സംഘടന തന്നെ സിദ്ധുവിനെതിരെ രംഗത്തുവന്നിരുന്നു.