TAGS

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് നടത്തുന്ന സമരം ശക്തമാക്കി കർഷകർ. ഡൽഹി-ഹരിയാന അതിർത്തികളിലെ സമര ഭൂമികളിൽ കർഷകർ റിലേ നിരാഹാര സമരം ആരംഭിച്ചു. ചർച്ചയ്ക്കുള്ള സർക്കാരിൻ്റെ ക്ഷണം സ്വീകരിക്കുന്നതിൽ ഇന്ന് യോഗം ചേർന്ന് തീരുമാനം എടുക്കും എന്നും കർഷക സംഘടന നേതാക്കൾ അറിയിച്ചു.  

 

ഡൽഹി-ഹരിയാന അതിർത്തികളെ സ്തംഭിപ്പിച്ചുള്ള കർഷക പ്രക്ഷോഭം ഇരുപത്തിയാറാം ദിവസത്തിലേക്ക് കടക്കുമ്പോഴും പ്രശ്ന പരിഹാരത്തിന്റെ സാധ്യത വിദൂരമാണ്. കേന്ദ്ര സർക്കാരിന് മേൽ സമ്മർദ്ദം ശക്തമാക്കി കർഷകരുടെ അനിശ്ചിതകാല റിലേ നിരാഹാര സമരത്തിന് തുടക്കമായി. ഓരോ ദിവസവും പതിനൊന്ന് പേർ വീതമായിരിക്കും ഓരോ സമരകേന്ദ്രത്തിലും നിരാഹാരമിരിക്കുക. ബുധനാഴ്ച കിസാൻ ദിവസായി ആചരിക്കാനും രാജ്യമെമ്പാടും സത്യാഗ്രഹം അനുഷ്ഠിക്കാനും കർഷകർ ആഹ്വാനം ചെയ്തിട്ടുണ്ട്. അടുത്ത ഞായറാഴ്ച പ്രധാനമന്ത്രി മൻകി ബാത്ത് നടത്തുമ്പോൾ പാത്രം കൊട്ടി പ്രതിഷേധിക്കാനും  തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കർഷകരെ വീണ്ടും ചർച്ച മേശയ്ക്ക് ചുറ്റുമെത്തിക്കാൻ സർക്കാർ ശ്രമം. സർക്കാരിന്റെ ക്ഷണം സ്വീകരിക്കുന്ന കാര്യത്തിൽ വ്യത്യസ്ഥ അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. അതിനാൽ അന്തിമ തീരുമാനം ഇന്ന് ചേരുന്ന യോഗത്തിലേ ഉണ്ടാകൂ. സർക്കാർ നിലപാട് മാറ്റാതെ ചർച്ച കൊണ്ട് കാര്യമില്ലെന്നാണ് സമര നേതാക്കൾ പറയുന്നത്.

 

 

മധ്യസ്ഥ സമിതിയെ നിയോഗിക്കാമെന്ന സുപ്രീം കോടതി നിർദേശത്തോട് തൽക്കാലം പ്രതികരിക്കേണ്ടെന്നാണ് കർഷക സംഘടനകൾക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം. സുപ്രീം കോടതിയിലെ കേസിൽ കക്ഷി ചേർന്നാൽ തിരച്ചടിയാകുമോ എന്ന ആശങ്കയും കർഷകർക്കുണ്ട്.