കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി തമിഴ് രാഷ്ട്രീയം ഇത്ര സജീവമായി ചര്‍ച്ച ചെയ്യുകയും ആകാംക്ഷ പൂര്‍വം കാത്തിരിക്കുകയും ചെയ്യുന്ന മറ്റൊരു പ്രഖ്യാപനമില്ല. അത് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനമാണ്. പാര്‍ട്ടി പ്രഖ്യാപനം നവംബറില്‍ ഉണ്ടാകുമെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലവിലെ ഡി.എം.കെ, അണ്ണാ ഡി.എം.കെ സംഖ്യങ്ങള്‍ക്കു ബദലായി മുന്നാം കക്ഷിയായി മല്‍സരിക്കുമെന്നും താരം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.  

സസ്പെന്‍സ് സിനിമ പോലെ പാര്‍ട്ടി പ്രഖ്യാപനം സംബന്ധിച്ച തീരുമാനങ്ങള്‍ ഇടക്കിടെ നല്‍കി ആരാധക കൂട്ടമായ രജനി മക്കള്‍ മന്‍ഡ്രത്തെ സജീവമാക്കി നിര്‍ത്തുന്നതിലും താരം ശ്രദ്ധിച്ചിരുന്നു. പക്ഷേ ഇന്ന് ട്വിറ്ററില്‍ രജനി പങ്കുവച്ച ട്വീറ്റിന്റെ അര്‍ഥം എന്താണ്? പലവിധത്തിലുള്ള ചര്‍ച്ചയാണ് തമിഴകത്തു  കൊഴുക്കുന്നത്.

‘ഞാന്‍ എഴുതിയതെന്ന പോലെ ഒരു കത്ത് സമുഹ മധ്യമങ്ങളിലും ഓണ്‍ലൈനുകളിലും പ്രചരിക്കുന്നത് ശ്രദ്ധയില്‍പെട്ടിരിക്കുമല്ലോ.അതു എന്റേതല്ലെന്ന് എല്ലാവര്‍ക്കും അറിയാം .എന്നിരുന്നാലും അതില്‍ വന്നിരിക്കുന്ന എന്റെ ആരോഗ്യ നിലയെ കുറിച്ചുള്ളതും എനിക്ക് ഡോക്ടര്‍മാര്‍ നല്‍കിയ നിര്‍ദേശമെന്ന് പറയുന്നതും ശരിയാണ്. പാര്‍ട്ടി പ്രഖ്യാപിക്കുന്നത് സംബന്ധിച്ചു യുക്തമായ തീരുമാനം മക്കള്‍ മന്‍ഡ്രവുമായി ആലോചിച്ചു കൃത്യ സമയത്ത് എടുക്കും.’ ഇതാണ് തമിഴില്‍ നടന്‍ ഇന്ന് ട്വീറ്റ് ചെയ്തതിന്റെ അര്‍ഥം. ഈ കുറിപ്പോടെയാണ്  താരം രാഷ്ട്രീയ റിലീസില്‍ നിന്ന് പിറകോട്ടു പോകുന്നുവെന്ന ചര്‍ച്ചകള്‍ സജീവമായത്.

വില്ലനായത് കോവിഡോ ?

രജനികാന്ത് രാഷ്ട്രീയ പ്രവേശ  സുചനകള്‍ നല്‍കിയത് 1990 കളിലാണ്. കൃത്യമായ പ്രഖ്യാപനം നടത്തിയത് 2017  ഡിസംബര്‍ 31 ന്. ‘ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങും. ഒരു പാര്‍ട്ടി രൂപീകരിക്കും. തമിഴ്നാട്ടിലെ രാഷ്ട്രീയ രംഗം നശിച്ചിരിക്കുകയാണ്.എന്റേത് ആത്മീയ രാഷ്ട്രീയിരിക്കും. എല്ലാത്തിനെയും ഒരുപോലെ കാണുന്ന ഒന്ന്.’  കോടമ്പാക്കത്തെ സ്വന്തം കല്യാണ മണ്ഡപമായ രാഘവേന്ദ്രയിലാണ് പതിനായിരക്കണക്കിനു അരാധകരെ  സാക്ഷി നിര്‍ത്തി ഈ പ്രഖ്യാപനം നടത്തിയത്.

തുടര്‍ന്ന് ആരാധക കൂട്ടമായിരുന്ന രജനി മക്കള്‍ മന്‍ഡ്രത്തെ പാര്‍ട്ടി സംവിധാനത്തിലേക്കു മാറ്റിയെടുക്കുന്നതിലായിരുന്നു ശ്രദ്ധ മുഴുവന്‍. കൃത്യമായ ഇടവേളകളില്‍ മക്കള്‍ മന്‍ഡ്രം ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി ദിശാബോധവും പ്രതീക്ഷയും നല്‍കി.സൗജന്യ ഭക്ഷണ വിതരണവും മെഡിക്കല്‍ ക്യാംപുകള്‍ പോലുള്ളവയും നടത്തി മക്കള്‍ മന്‍ഡ്രം  താരത്തെ പ്രോമോട്ട് ചെയ്യുന്ന പരിപാടികളുമായി മുന്നോട്ട് പോയി.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലോ , ജനുവരിയില്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലോ പാര്‍ട്ടി പ്രഖ്യാപനമോ സജീവ രാഷ്ട്രീയ പ്രവേശനമോ ഉണ്ടാകാത്തത് മക്കള്‍ മന്‍ഡ്രത്തെ അസ്വസ്ഥമാക്കിയിരുന്നു. പക്ഷേ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും  അതിനായാണ് ഒരുങ്ങുന്നതെന്നും രജനികാന്ത് പ്രഖ്യാപിച്ചതോടെ  രജനിയുടെ രാഷ്ട്രീ പ്രവേശനം സ്വഗതം ചെയ്തുള്ള പോസ്റ്റര്‍ മധുരയിലും ചെന്നൈയിലും പ്രത്യക്ഷപെട്ടിരുന്നു. 

ഇപ്പോഴല്ലെങ്കില്‍ എപ്പോള്‍ എന്ന പോസ്റ്റര്‍ നിരത്തുകളില്‍ നിറഞ്ഞു. .കഴിഞ്ഞ മാര്‍ച്ച് അഞ്ചിനും ആറുനുമായി  മക്കള്‍ മന്‍ഡ്രത്തിന്റെ ജില്ലാ ഭാരവാഹികളെ താരം ചെന്നൈയിലേക്കു വിളിച്ചു വരുത്തി. പാര്‍ട്ടി ഘടന, പേര്, ലക്ഷ്യങ്ങളും സ്വഭാവവുമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതോടെ ഉടന്‍ പ്രഖ്യാപനമെന്ന പ്രതീതി  വന്നു. തൊട്ടുപിറകെ തമിഴ്നാട്ടില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ടു ചെയ്തു. പിന്നീട് ലോക്ക് ഡൗണും കോവിഡും മൂലം  എല്ലാം അനിശ്ചിതത്വത്തിലായി.  

കുടുംബത്തില്‍ നിന്ന് കടുത്ത എതിര്‍പ്പ്

അറുപത്തിയൊമ്പതു വയസുണ്ട് സൂപ്പര്‍ സ്റ്റാറിന്. വര്‍ഷത്തില്‍ ഒരു സിനിമ എന്ന നിലയിലാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി  താരത്തിന്റെ ചിത്രം പുറത്തുവരുന്നത്.  ഒപ്പം നിരവധി ആരോഗ്യ പ്രശ്നങ്ങളുമുണ്ട്. വൃക്ക മാറ്റിവച്ചതടക്കമുള്ള രോഗങ്ങളാല്‍  ദിവസവും മരുന്നു കഴിക്കേണ്ട അവസ്ഥയുണ്ട്.  ഇപ്പോള്‍ പുറത്തുവരുന്നത് രാഷ്ട്രീയ പ്രവേശനം ഉണ്ടാകില്ലെന്ന സൂചനയാണ്.  മക്കള്‍ മന്‍ഡ്രത്തിലെ പലനേതാക്കളും പങ്കുവെയ്ക്കുന്നതും ഇതേവികാരമാണ്. 

കോവിഡ്  പടര്‍ന്നു പിടിച്ചതിനാല്‍ അദ്ദേഹത്തിനു സജീവമായി രാഷ്ട്രീയ രംഗത്തേക്കിറങ്ങാന്‍ കഴിയുമോയെന്നു സംശയമുണ്ട്. പ്രത്യേകിച്ചു വാക്സിന് കണ്ടെത്താത്ത സാഹചര്യത്തില്‍ . ആരോഗ്യം സംബന്ധിച്ചു അദ്ദേഹത്തിനു കുടുംബത്തില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദമുണ്ട്. അദ്ദേഹത്തെ ഞങ്ങളും കുടുംബാംഗമായാണ് കാണുന്നത്. ഫാന്‍സുകാര്‍ ഏതു തീരമാനത്തെയും അംഗീകരിക്കും  മക്കള്‍ മന്‍ഡ്രം നേതാക്കള്‍ ഇപ്പോള്‍  പറയുന്നത് ഇങ്ങിനെയാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് താരം രാഷ്ട്രീയത്തിലേക്കില്ലെന്നും സിനിമയില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ്. എന്തായാലും വൈകാതെ അതായത് ദീപാവലിക്കു മുന്‍പ് തന്നെ ഒരു തീരുമാനമുണ്ടാകുമെന്നാണ് തമിഴ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.