ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ലഖ്നൗ യാത്ര വൈകുന്നു. രാത്രിയാത്ര ഭയപ്പെടുന്നുവെന്ന് കുടുംബം, രാവിലെ മുതല്‍ കാത്തിരിക്കുന്നുവെന്നും കുടുംബം വ്യക്തമാക്കുന്നു. അധികാരികള്‍ യാത്ര വൈകിപ്പിച്ചെന്ന്  കുടുംബം മജിസ്ട്രേറ്റിനോട് പറഞ്ഞു. ഹൈക്കോടതിയില്‍ ഹാജരാകാന്‍ ഇനി നാളെ പുലര്‍ച്ചെ പുറപ്പെടാമെന്നും തീരുമാനം. വിഡിയോ സ്റ്റോറി കാണാം. 

ഹാത്രസ് കേസിൽ അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചിലെ നടപടികളിൽ പങ്കെടുക്കാനാണ് കുടുംബം ലക്നൗവിലേക്ക് പുറപ്പെടുന്നത്.  നാളെ കേസ് പരിഗണിക്കുമ്പോൾ കുടുംബാംഗങ്ങളെ കോടതിയിലെത്തിക്കണമെന്ന് ഡിവിഷൻ ബെഞ്ച് നേരത്തെ നിർദേശിച്ചിരുന്നു. അതേസമയം, സിബിഐ അന്വേഷണം സുപ്രീംകോടതി മേൽനോട്ടത്തിൽ വേണമെന്നതിൽ കുടുംബം ഉറച്ചുനിൽക്കുകയാണ്. നിലവിലുള്ള പൊലീസ് സുരക്ഷയിൽ സന്തുഷ്ടനാണെന്ന് പെൺകുട്ടിയുടെ പിതാവ് മനോരമ ന്യൂസിനോട് പറഞ്ഞു. 

ഹാത്രസ് പെൺകുട്ടിയുടെ അമ്മ, അച്ഛൻ, രണ്ടു സഹോദരന്മാർ, സഹോദരന്റെ ഭാര്യ എന്നിവരാണ് ഹൈക്കോടതിക്ക് മുൻപാകെ ഹാജരാവുക. ഇതുവരെ നടന്ന കാര്യങ്ങൾ ഡിവിഷൻ ബെഞ്ച് നേരിട്ട് മനസിലാക്കും. കോടതിയിൽ നിന്ന് മകൾക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പെൺകുട്ടിയുടെ അച്ഛൻ മനോരമ ന്യൂസിനോട് പറഞ്ഞു.

 

അന്വേഷണത്തിന് സുപ്രീംകോടതി മേല്നോട്ടം വേണമെന്നതിൽ ഉറച്ചുനിൽക്കുകയാണെന്ന് പെൺകുട്ടിയുടെ സഹോദരിയും പറഞ്ഞു. 

 

സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ വിശദമാക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറിയും അന്വേഷണ പുരോഗതി അറിയിക്കാൻ ഡിജിപിയും നേരിട്ട് കോടതിയിൽ ഹാജരാകും. കുടുംബത്തിന്റെ സാന്നിധ്യത്തിലാണ് പെൺകുട്ടിയുടെ സംസ്കാരം നടത്തിയതെന്ന് പ്രസ്താവിച്ച എഡിജിപിയോടും കുടുംബത്തെ ഭീഷണിപ്പെടുത്തിയ ജില്ലാ കലക്ടറോടും എസ്പി യോടും നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.