ഹാത്രസ് കൂട്ടബലാല്‍സംഗത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുമ്പോഴും ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തുടരുന്നു. അലിഗഡില്‍ നാലു വയസുകാരി ബന്ധുവിന്‍റെ പീഢനത്തിനിരയായി. സിക്കന്ദര്‍പൂരില്‍ 15 വയസുകാരിയെ തട്ടിക്കൊണ്ട് പോയി ബലാല്‍സംഗം ചെയ്തു. കാന്‍പൂരില്‍ കാണാതായ 15 കാരിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി.

ഹാത്രസ് കൂട്ടബലാല്‍സംഗത്തിന് ശേഷവും യുപിയില്‍ പെണ്‍ നിലവിളികള്‍ നിലയ്ക്കുന്നില്ല. അലിഗഡില്‍ നാലുവയസുകാരിയാണ് ബന്ധുവിന്‍റെ പീഡനത്തിനിരയായത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില നില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചതായും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അലിഗഡ് എസ്പി ശുഭം പട്ടേല്‍ പറഞ്ഞു. സിക്കന്ദര്‍പൂരില്‍ 15 കാരിയെ ബുധനാഴ്ചയാണ് തട്ടിക്കൊണ്ട് പോയത്. കഴിഞ്ഞ ദിവസം രസ്ര എന്ന സ്ഥലത്തെ ബസ് സ്റ്റാന്‍റിലാണ് പീഡനത്തിനിരയായ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. പിതാവിന്‍റെ പരാതിയില്‍ ആസിഫ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കാന്‍പൂരിലെ ദേഹാത്തില്‍ സെപ്റ്റംബര്‍ 26 ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിവസം പാടത്ത് നിന്ന് കണ്ടെത്തി.

കുട്ടി ബലാല്‍സംഗം ചെയ്യപ്പെട്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാല്‍ സ്വത്തുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ പെണ്‍കുട്ടിയുടെ പിതാവിന്‍റെ രണ്ട് സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഏഴ് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി