TAGS

കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണം അരലക്ഷം കവിഞ്ഞു. പുതുതായി 4,169 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.  ഇതുവരെ ഉള്ള കണക്കുകൾ പ്രകാരം ഒരു ദിവസം ഏറ്റവും കൂടുതൽ രോഗബാധയുണ്ടായതും മരണം റിപ്പോർട്ട് ചെയ്തതും ഇന്നലെയാണ്. കൂടുതൽ രോഗികളുള്ള ബെംഗളൂരു നഗരത്തിൽ രോഗബാധിതര്‍  ഇരുപത്തയ്യായിരം കടന്നു.

 

കർണാടകയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 4169 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം 51422ആയി. മരണനിരക്കും കുത്തനെ ഉയരുകയാണ്. ഇന്നലെ മാത്രം 104 ജീവൻ നഷ്ടമായി ഇതിൽ 70ഉം ബെംഗളൂരു നഗരത്തിലാണ്. ആദ്യമായാണ് ഒരുദിവസം ഇത്രയധികം മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 

 

ഇതുവരെ 1032 ജീവനാണ് കർണാടകയിൽ പൊലിഞ്ഞത്. സംസ്ഥാനത്തു ഏറ്റവും കൂടുതൽ രോഗികളുള്ള ബെംഗളൂരു നഗരത്തിൽ രോഗവ്യാപനം അതിതീവ്രമാണ്. ഇന്നലെ മാത്രം നഗരത്തിൽ 2344 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 25288 ആയി. കർണാടകയിൽ രോഗമുക്തി നിരക്ക് ഉയരുന്നുണ്ടെങ്കിലും ബെംഗളൂരു നഗരത്തിൽ രോഗമുക്തി നിരക്ക്‌ കുറവാണ്. സംസ്ഥാനത്ത് ഇതുവരെ 19729 പേർ രോഗം ഭേദമായി ആശുപതി വിട്ടു നിലവിൽ ചികിത്സയിലുള്ളവർ 30655 ആണ്. 

 

ബെംഗളൂരുവിൽ 18828ഉം. രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ ദിവസേനയുള്ള ടെസ്റ്റുകളുടെ എണ്ണം ഇരട്ടിയാക്കാൻ സർക്കാർ തീരുമാനിച്ചു. ടെസ്റ്റുകളുടെ എണ്ണം നാല്പതിനായിരം മുതൽ അൻപതിനായിരം വരെയാക്കുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ കെ സുധാകർ പറഞ്ഞു. അതേസമയം കർണാടകയെ കോവിഡിൽ നിന്ന് രക്ഷിക്കാൻ ഇനി ദൈവത്തിനു മാത്രമേ കഴിയുകയുള്ളൂ എന്ന ആരോഗ്യമന്ത്രി ബി ശ്രീരാമുലുവിന്റെ പ്രസ്താവന വിവാദങ്ങൾക്കിടയാക്കിയിട്ടുണ്ട്.  കോവിഡ് പ്രതിരോധത്തിൽ സർക്കാർ പരാജയപ്പെട്ടെന്ന് മന്ത്രി തന്നെ സമ്മതിച്ചെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതികരണം.