TAGS

ഒരു ദിവസം 76.61 കിലോഗ്രാം പാലുൽപാദിപ്പിച്ച് റെക്കോർഡിട്ടിരിക്കുകയാണ്  ഹരിയാനയിലെ കർണാൽ സ്വദേശിയായ ബൽദേവ് സിങ്ങിന്റെ പശു. ജോഗൻ എന്നു പേരിട്ടിരിക്കുന്ന ഈ പശു ലോകത്തിലെതന്നെ ഏറ്റവുമധികം പാലുൽപാദിപ്പിക്കുന്ന ഹോൾസ്റ്റിൻ ഫ്രീഷ്യൻ (എച്ച്എഫ്) ഇനത്തിന്റെ സങ്കരമാണ്. സങ്കര ഇനം പശുക്കളുടെ പാലുൽപാദനത്തിൽ ഇത് റെക്കോർഡാണെന്ന് നാഷണൽ ഡെയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (എൻഡിആർഐ) ഗവേഷകർ പറഞ്ഞു. പഞ്ചാബിൽനിന്നുള്ള 72 കിലോഗ്രാമും കർണാലിൽനിന്നുള്ള 65 കിലോഗ്രാമുമായിരുന്നു മുൻ റെക്കോർഡുകൾ.

ജോഗന്റെ നാലാമത്തെ പ്രസവത്തിലെ പാലുൽപാദനമാണ് റെക്കാർഡിന് അർഹമായത്. നേരത്തെ 2014ലെ ആദ്യ പ്രസവത്തിൽ 42 കിലോഗ്രാം, രണ്ടും മൂന്നും പ്രസവങ്ങളിൽ യഥാക്രമം 54 കിലോഗ്രാം, 62 കിലോഗ്രാം എന്നിങ്ങനെയായിരുന്നു പാലുൽപാദനം.അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്ത ബീജമാണ് ജോഗന്റെ പിറവിക്ക് കാരണം. ബൽദേവ് സിങ്ങിന്റെ ഡെയറി ഫാമിലെ റാണിയാണ് ജോഗൻ. ഒട്ടേറെ പുരസ്കാരങ്ങളും ജോഗൻ നേടിയിട്ടുണ്ട്.

ബൽദേവ് സിങ്ങും സഹോദരനും എൻഡിആർഐ 2010–11ൽ സംഘടിപ്പിച്ച പരിശീലനത്തിൽ പങ്കെടുത്തിരുന്നു. മികച്ച പാലുൽപാദനത്തിന് ശാസ്ത്രീയ പ്രജനനവും പരിപാലനവും ആവശ്യമാണെന്ന് ഇരുവരും മനസിലാക്കി. അങ്ങനെയാണ് മികച്ച പശുക്കളെ ഉൾപ്പെടുത്തി ഫാം നടത്തുന്നതെന്നും പുരസ്കാരനങ്ങൾ വാങ്ങുന്നതെന്നും എൻഡിആർഐ അറിയിച്ചു.