കോവിഡിന്റെ സമൂഹവ്യാപനത്തെ ഇന്ത്യ കരുതിയിരിക്കണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ. ലോക്ഡൗണിൽ ഇളവുകൾ വരുമ്പോൾ വൈറസ് വ്യാപനം ഇനിയും വർധിക്കാനാണ് സാധ്യത. നിലവിൽത്തന്നെ സമൂഹവ്യാപനം പലയിടത്തും ഉണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നുണ്ടെന്നും പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് പ്രഫ. കെ.ശ്രീനാഥ് റെഡ്ഡിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

യാത്രാ, സമ്പർക്ക ചരിത്രമില്ലാത്തവർക്കും കോവിഡ് ബാധിച്ചത് സമൂഹവ്യാപനത്തിന്റെ സൂചനയാണ്. വിദേശത്തുനിന്നു വന്നവർ, രോഗികളുടെ സമ്പർക്കം തുടങ്ങിയവയിൽ മാത്രം പരിശോധിച്ചു നിൽക്കുകയാണ് സർക്കാർ സംവിധാനങ്ങൾ. സമൂഹവ്യാപനം ഉണ്ടാവില്ലെന്നു പറയാനാകില്ല. നമ്മൾ ഈ വാക്ക് ഒഴിവാക്കിയാണ് ഇപ്പോൾ സംസാരിക്കുന്നതെന്നും എയിംസ് കാർഡിയോളജി വിഭാഗം മുൻ മേധാവിയും ഹർവാർഡ് സർവകലാശാലയിലെ എപിഡെമിയോളജി പ്രഫസറും കൂടിയായ റെഡ്ഡി കൂട്ടിച്ചേർത്തു.

മഹാമാരി വലിയതോതിൽ ബാധിച്ചിരിക്കുന്ന എല്ലാ രാജ്യങ്ങളിലും സമൂഹവ്യാപനം ഉണ്ടായിട്ടുണ്ട്. അതിനാൽത്തന്നെ ഇന്ത്യയും കരുതിയിരിക്കണം. മുൻകരുതൽ നടപടികളെടുക്കണം. കോവിഡ് ഇത്തരത്തിൽ ബാധിച്ച മറ്റു രാജ്യങ്ങളെ വച്ചുനോക്കുമ്പോൾ, ഇന്ത്യ, മലേഷ്യ പോലുള്ള തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ കോവിഡ് മരണനിരക്കുകൾ ജനസംഖ്യാടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ താരതമ്യേന കുറവാണ്.

ചെറുപ്പക്കാരുടെ എണ്ണം, ഗ്രാമത്തിൽ കൂടുതൽ ജനസംഖ്യ, താപനിലയും കാലാവസ്ഥാ സാഹചര്യങ്ങളും, എത്രയും നേരത്തേ പ്രഖ്യാപിച്ച ലോക്ഡൗണ്‍ നടപടിക്രമങ്ങൾ തുടങ്ങിയവയാകാം ഇന്ത്യയിലെ മരണനിരക്കിനെ പിടിച്ചുനിർത്തുന്നത്. എന്നാൽ ഇതിൽ മാത്രമായി പിടിച്ചുനിൽക്കാൻ നമുക്കാകില്ല. ലോക്ഡൗണിൽ ഇളവുകൾ വരുമ്പോൾ ജനം കൂടുതലായി പുറത്തിറങ്ങും ഇതു വൈറസ് വ്യാപനം വർധിപ്പിക്കും.

അകലം പാലിക്കൽ, മാസ്ക് ധരിക്കൽ, കൈകഴുകൽ തുടങ്ങിയ മുൻകരുതലുകൾ നിർബന്ധമായും തുടർന്നേ പറ്റുകയുള്ളൂ. തെരുവുകളിലും ജനക്കൂട്ടം തിങ്ങിക്കഴിയുന്ന സ്ഥലങ്ങളിലും കാര്യങ്ങൾ സങ്കീർണമാവുകയാണ്. വൈറസ് കുറേനാൾക്കൂടി ഇവിടെയുണ്ടാകുമെന്നു വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.