ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോൾ ഏറ്റവും കൂടുതൽ ഉപയോഗിച്ച വാക്കാണ് 'ആത്മനിര്‍ഭര്‍ ഭാരത്'. പ്രധാനമന്ത്രിയുടെ പ്രസംഗം കഴിഞ്ഞതിനു പിന്നാലെ എന്താണതിന്റെ അർഥമെന്ന് തിരയാൻ ആളുകൾ പാഞ്ഞു. കോവിഡ് പ്രതിസന്ധിയില്‍നിന്ന് രാജ്യത്തെ സ്വയംപര്യാപ്തതയിലേക്ക് വളര്‍ത്താന്‍ 20 ലക്ഷം കോടിയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. സ്വാശ്രയ ഇന്ത്യ (ആത്മനിര്‍ഭര്‍ ഭാരത്) എന്നാണ് ഇതിന് നല്‍കിയ പേര്.
'സ്വാശ്രയ ശീലമുള്ളത്' എന്നാണ് ആത്മനിര്‍ഭര്‍ എന്ന വാക്കിന്‍റെ അര്‍ഥം. ഗോവ, കര്‍ണാടക, മഹാരാഷ്ട്ര തെലങ്കാന, ഗുജറാത്ത് സംസ്ഥാനക്കാരാണ് ആത്‍മനിര്‍ഭറിന്റെ അര്‍ഥം തിരഞ്ഞവരില്‍ മുന്നിൽ.
പദ്ധതിയുടെ വിശദാംശങ്ങൾ കേന്ദ്രമന്ത്രി നിർമല സീതാരാമൻ ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. സ്വയംപര്യാപ്തമായ ഇന്ത്യ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ അഭിയാന്‍ പ്രഖ്യാപിച്ചതെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. സ്വയംപര്യാപ്തമായ ഇന്ത്യ സൃഷ്ടിക്കലാണ് പാക്കേജിന്റെ ഉദ്ദേശ്യം. ഭൂമി, തൊഴില്‍, ധനലഭ്യത, നിയമങ്ങള്‍ എന്നിവ പാക്കേജിന്റെ ആധാരശിലകള്‍. സാമ്പത്തികപുനരുജ്ജീവനത്തിനുള്ള സമഗ്രകാഴ്ചപ്പാട് ഉള്‍ക്കൊള്ളുന്നതാണ് പാക്കേജ്. സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ളവരുടെ അഭിപ്രായം ഉള്‍ക്കൊണ്ടാണ് തയാറാക്കിയത്. സാമ്പത്തികപരിഷ്കാരങ്ങള്‍ക്ക് ശക്തമായ തുടര്‍ച്ചയുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു.
പ്രതിസന്ധിയിലായവര്‍ക്ക് 20,000 കോടി: പ്രതിസന്ധിയിലായ ചെറുകിടവ്യവസായങ്ങള്‍ക്ക് വായ്പാരൂപത്തില്‍ കൂടുതല്‍ മൂലധനം. വായ്പ കിട്ടാക്കടമായി പ്രഖ്യാപിക്കപ്പെട്ടവര്‍ക്കും തകര്‍ച്ചയിലായവര്‍ക്കും അപേക്ഷിക്കാം.
ശേഷി വര്‍ധിപ്പിക്കാന്‍ 10,000 കോടി: മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനം വിപുലമാക്കാന്‍ സഹായം.
എംഎസ്എംഇ നിര്‍വചനം മാറ്റി. സൂക്ഷ്മ–ചെറുകിട–ഇടത്തരം വ്യവസായങ്ങളുടെ നിര്‍വചനം പരിഷ്കരിച്ചു.
സൂക്ഷ്മവ്യവസായം: ഒരുകോടി നിക്ഷേപവും 5 കോടി വരെ വിറ്റുവരവുമുള്ള സ്ഥാപനങ്ങള്‍
ചെറുകിട വ്യവസായം: 10 കോടി നിക്ഷേപം, 50 കോടി വരെ വിറ്റുവരവ്
ഇടത്തരം വ്യവസായം: 20 കോടി നിക്ഷേപം, 100 കോടി വരെ വിറ്റുവരവ്
ഉല്‍പാദന, സേവനമേഖലകളിലെ സ്ഥാപനങ്ങള്‍ക്ക് ഒരേ മാനദണ്ഡം
200 കോടി വരെ ആഗോളടെന്‍ഡര്‍ ഇല്ല
200 കോടി വരെയുള്ള സര്‍ക്കാര്‍ കരാറുകള്‍ക്ക് ആഗോള ടെന്‍ഡര്‍ വിളിക്കില്ല
ഇ.പി.എഫ് വിഹിതം സര്‍ക്കാര്‍ അടയ്ക്കും
72.22 ലക്ഷം തൊഴിലാളികളുടെ 3 മാസത്തെ പിഎഫ് വിഹിതം കൂടി സര്‍ക്കാര്‍ അടയ്ക്കും
3.6 ലക്ഷം സ്ഥാപനങ്ങള്‍ക്ക് 2500 കോടി രൂപയുടെ ധനലഭ്യത ഉറപ്പാകും