ലോക്ഡൗണിൽ അൻപത് ദിവസം പിന്നിട്ടിട്ടും രാജ്യത്ത് കോവിഡ് വ്യാപനത്തിന് കുറവില്ല. 24 മണിക്കൂറിനിടെ 122 മരണവും 3,525 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 2,415 ആയി. 74, 281 പേർക്ക് വൈറസ്ബാധ സ്ഥിരീകരിച്ചു. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡൽഹി എന്നിവിടങ്ങളിൽ രോഗബാധിതരുടെയെണ്ണം ക്രമാതീതമായി വർധിക്കുകയാണ്. അന്യസംസ്ഥാനങ്ങളിൽ നിന്ന് അതിഥി തൊഴിലാളികൾ മടങ്ങിയെത്താൻ തുടങ്ങിയതോടെ ജാർഖണ്ഡ്, ഒഡീഷ, ബിഹാർ എന്നീ സംസ്ഥാനങ്ങളിലും രോഗികൾ കൂടിവരികയാണ്.
മൂന്നാംഘട്ട ലോക്ഡൗൺ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മൂവായിരത്തിലധികം കോവിഡ് കേസുകളാണ് രാജ്യത്ത് ദിവസും സ്ഥിരീകരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് 24,386 പേർ രോഗമുക്തരായി. ഏറ്റവും കൂടുതൽ രോഗികളുള്ള മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെയെണ്ണം കാൽലക്ഷത്തോടടുത്തു. ഇതുവരെ 24, 427 പേർക്ക് വൈറസ്ബാധ കണ്ടെത്തി. 921 പേർ മരിച്ചു. 716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ തമിഴ്നാട്ടിൽ രോഗികളുടെയെണ്ണം 8,718 ആയി. ഗുജറാത്തിൽ വൈറസ് ബാധ കണ്ടെത്തിയ 8,903 പേരിൽ 70 ശതമാനവും അഹമ്മദാബാദിലാണ്. സംസ്ഥാനത്ത് മരണസംഖ്യ 537 ആയി. ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെയെണ്ണം നൂറ് കടന്നു. 24 മണിക്കൂറിനിടെ 20 പേർ മരിച്ചു. 359 പേർക്ക് കൂടി വൈറസ്ബാധ കണ്ടെത്തി.
രാജസ്ഥാനിൽ 87 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സംസാനത്ത് രോഗബാധിതരുടെയെണ്ണം 4,213 ആയി. ഒഡീഷയിൽ 101 പേർക്ക് കൂടി വൈറസ്ബാധ കണ്ടെത്തി. ബംഗാളിൽ രോഗികളുടെയെണ്ണം രണ്ടായിരം കടന്നു. ആഗ്ര സെൻ്റട്രൽ ജയിലിൽ 10 തടവുകാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.