ഇന്റർപോൾ വരെ തേടുന്ന കുറ്റവാളി നിത്യാനന്ദ ഇന്നലെയും ഫെയ്സ്ബുക്കിൽ പുതിയ വിഡിയോ പങ്കുവച്ചു. ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ അദ്ദേഹത്തെ പിന്തുടരുന്നവരുടെ എണ്ണം പത്തുലക്ഷമാണ്. അതേ പേജിൽ അദ്ദേഹത്തിന്റെ അനുയായികൾ വിഡിയോ കോൺഫറൻസ് നടത്തുന്നു. അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ചവരെ അപമാനിക്കാനും കുറ്റപ്പെടുത്താനും ഇതേ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നു. ലോകം തേടുന്ന നിത്യാനന്ദ ഒളിവിലിരുന്ന് ഇവിടുത്തെ നിയമത്തെയും നിമയപാലകരെയും വെല്ലുവിളിക്കുകയാണ്. എന്നിട്ടും ഇതുവരെ നിത്യാനന്ദയെ കണ്ടെത്താൻ കഴിയുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.
അടുത്തിടെ പുറത്തുവിട്ട വിഡിയോയിൽ ഇയാൾ വിചിത്രമായ മറ്റൊരു വാദം ഉന്നയിക്കുന്നുണ്ട്. ഇതെല്ലാം ചെയ്തതും ഇൗ ആരോപണങ്ങളൊക്കെ നേരിടുന്നതും പരമഹംസ നിത്യാനന്ദയാണ്. ഇപ്പോൾ നിങ്ങളോട് സംസാരിക്കുന്നത് പുതിയ അവതാരമാണ്. പേര് നിത്യാനന്ദ പരമശിവം. ഇത്തരത്തിൽ മണിക്കൂറുകൾ നീളുന്ന പ്രഭാഷണങ്ങളാണ് ഇൗ പേജിൽ വന്നുകാെണ്ടിരിക്കുന്നത്. ക്ഷീണിച്ച ശരീരത്തോട് കൂടിയ നിത്യാനന്ദയുടെ വിഡിയോകളാണ് ഇപ്പോൾ പുറത്തുവരുന്നത് എന്നതും ശ്രദ്ധേയം.
ശ്രീവള്ളി രഞ്ജിതയായി; ഇപ്പോള്‍ മാ നിത്യാനന്ദ മയി; എല്ലാത്തിനും പിന്നില്‍ താരം?; വിവാദം
ആരോപണം ഉന്നിയിച്ചവർക്കും മറുപടി സോഷ്യൽ മീഡിയയിലൂടെ
നിത്യാനന്ദ ആശ്രമത്തെ അപ്പാടെ മുക്കുന്ന ആരോപണങ്ങളാണ് പുറത്തുവന്ന അദ്ദേഹത്തിന്റെ അനുയായികൾ ഉന്നയിക്കുന്നത്. ഇക്കൂട്ടത്തിൽ തന്റെ പെൺമക്കളെ നിത്യാനന്ദ തടവിൽ വച്ചിരിക്കുന്നു എന്ന പരാതി ഏറെ ഗൗരവമുള്ളതായിരുന്നു. വർഷങ്ങളോളം നിത്യാനന്ദയ്ക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടികളുടെ പിതാവാണ് ഇത്തരത്തിൽ രംഗത്തെത്തിയത്. എന്നാൽ ഇൗ ആരോപണങ്ങൾക്ക് നിത്യാനന്ദ സമൂഹമാധ്യമങ്ങളിലൂടെ രണ്ടു വിഡിയോകൾ പങ്കുവച്ചാണ് മറുപടി നൽകിയത്.
അദ്ദേഹത്തിന്റെ മകൾ തന്നെ ലൈവിലെത്തി അച്ഛൻ പറയുന്നത് കള്ളമാണെന്ന് വ്യക്തമാക്കുന്ന വിഡിയോ പുറത്തുവിട്ടു. ആറുവർഷം ആശ്രമത്തിൽ നിന്നും നേടാനുള്ളതെല്ലാം നേടിയ ശേഷം വ്യാജമായ ആരോപണങ്ങളുമായി അച്ഛൻ രംഗത്തെത്തുന്നു എന്നാണ് മകളുടെ വിഡിയോയിൽ പറയുന്നത്. അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞ കള്ളത്തരങ്ങൾ കേട്ട് തന്റെ ചോര തിളച്ചെന്ന് മകൾ തുറന്നടിച്ചു. എന്നാൽ ആ വിഡിയോയിൽ നിന്നുതന്നെ വ്യക്തമാകും, മകളെ ഭീഷണിപ്പെടുത്തിയാണ് ഇത്തരത്തിൽ പറയിപ്പിച്ചതെന്ന് പിതാവ് വ്യക്തമാക്കുന്നു. പോക്സോ അടക്കമുള്ള ആരോപണങ്ങളാണ് നിത്യാനന്ദയ്ക്കെതിരെ പിതാവ് ആരോപിക്കുന്നത്.
മൂന്നാംകണ്ണ് കൊണ്ട് സ്കാനിങ്ങ്; വരം കിട്ടിയ രണ്ടുപെൺകുട്ടികൾ എവിടെ?; ദുരൂഹം
ഇതേ പിതാവ് നിത്യാനന്ദയെ കുറിച്ച് മുൻപ് പറഞ്ഞ കാര്യങ്ങൾ പങ്കുവച്ചാണ് ആശ്രമം ഇതിനെ തടയാൻ ശ്രമിക്കുന്നത്. ഗുരുതരമായി ഹൃദയരോഗത്തിൽ നിന്നും തന്നെ രക്ഷിച്ചത് നിത്യാനന്ദയാണെന്നും. രോഗം ഭേദമായി സ്കാൻ ചെയ്തപ്പോൾ ഹൃദയത്തിൽ നീലവെളിച്ചം കണ്ടെന്നും അതിൽ നിത്യാനന്ദയുടെ മുഖമുണ്ടായിരുന്നെന്നും ഇയാൾ പറയുന്ന വിഡിയോയും ഇപ്പോൾ പേജിലൂടെ നിത്യാനന്ദയുടെ അനുയായികൾ പുറത്തുവിടുന്നു.
ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ സജീവമായ ഒരാൾ എവിടെയാണെന്ന് കണ്ടുപിടിക്കാൻ കഴിയുന്നില്ല എന്ന വാദം ആരെയും അമ്പരപ്പിക്കുന്നതാണ്. നിത്യാനന്ദ ഇപ്പോഴും ഒളിവിൽ തുടർന്നുകൊണ്ട് വിഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ സജീവമാകുമ്പോൾ ഇതിന് പിന്നിൽ വൻരാഷ്ട്രീയ സ്വാധീനം ഇല്ലേ എന്ന ചോദ്യവും ഉയരുകയാണ്.