solar-karnataka-video

സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് ലോകമെങ്ങും ഒട്ടേറെ ഐതിഹ്യങ്ങളും വിശ്വാസങ്ങളും അതിനപ്പുറം തെറ്റിദ്ധാരണകളും ഇന്നും നിലനിൽക്കുന്നുണ്ട്. ഇത്തരത്തിലൊരു വിശ്വാസത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. സൂര്യഗ്രഹണ സമയത്ത് കൊച്ചുകുട്ടികളെ മണ്ണിട്ട് മൂടുക എന്നതാണ് കർണാടക കൽബുർഗിയിലെ താജ് സുൽത്താൻപൂറിലുള്ളവരുടെ വിശ്വാസം. ഗ്രഹണ സമയത്ത് കുഞ്ഞുങ്ങളുടെ ശരീരത്തിൽ മണ്ണിട്ട് മൂടിയാൽ ചർമ്മരോഗങ്ങളുണ്ടാവില്ലെന്നാണ് ഇവരുടെ വിശ്വാസം.

പത്തുവയസിൽ താഴെയുള്ള കുട്ടികളെയാണ് ഇത്തരത്തിൽ മണ്ണിട്ടു മൂടുന്നത്. തല മാത്രം പുറത്തുകാട്ടി കുട്ടികളുടെ ശരീരം പൂർണമായും മണ്ണിനടിയിലാക്കും. ഇതിലൂടെ കുട്ടികൾക്ക് ചർമ്മരോഗങ്ങളോ അംഗവൈകല്യങ്ങളോ ഉണ്ടാകില്ലെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. ഇൗ സമയത്ത് കുട്ടികൾ കരയുന്നതും വിഡിയോയിൽ കാണാം. 

ലോകത്ത് ഏറ്റവും കൂടുതല്‍ പുരാണങ്ങളും ഇതിഹാസങ്ങളും ചരിത്രവുമുള്ളത് നമ്മുടെ നാട്ടിലാണ്. അതുകൊണ്ടുതന്നെ ഗ്രഹണവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും ഏറെയുണ്ട്. അതില്‍ ഏറ്റവും പ്രധാനം രാഹുവും കേതുവും സൂര്യനെ വിഴുങ്ങുന്നതാണ് സൂര്യഗ്രഹണം എന്ന കഥയാണ്. പാലാഴിമഥനത്തില്‍ ലഭിച്ച അമൃത് ദേവന്മാര്‍ കഴിക്കുമ്പോള്‍ ദേവരൂപത്തില്‍ ഉള്ളില്‍ കടന്ന ഒരു അസുരനും അത് കഴിച്ചുവെന്നാണ് കഥ. സൂര്യനും ചന്ദ്രനും ഈ തട്ടിപ്പ് തിരിച്ചറിഞ്ഞ് മഹാവിഷ്ണുവിനെ വിവരമറിയിച്ചു. വിഷ്ണു സുദര്‍ഷനചക്രത്താല്‍ അസുരന്റെ കഴുത്തറുത്തു. അമൃത് കഴിച്ചതിനാല്‍ അസുരന്‍ മരിച്ചില്ല. തലയും ശരീരവും രാഹു, കേതു എന്നീ പേരുകളുള്ള രണ്ട് പാമ്പുകളായി മാറി. പകയോടെ സൂര്യചന്ദ്രന്മാരെ പിന്തുടരുന്ന ഈ പാമ്പുകള്‍ തരംകിട്ടുമ്പോഴെല്ലാം അവരെ പിടിച്ചുവിഴുങ്ങുന്നതാണ് ഗ്രഹണം എന്നാണ് ഐതിഹ്യം.

വിയറ്റ്നാമുകാര്‍ കരുതുന്നത് ഒരു ഭീമന്‍ തവളയുടെ രൂപത്തിലെത്തുന്ന ദുഷ്ടശക്തി സൂര്യനെ വിഴുങ്ങുന്നുവെന്നാണ്. ചൈനയില്‍ ഇത് വ്യാളിയും അമേരിക്കയില്‍ ഇത് രണ്ട് ചെന്നായ്ക്കളും കൊറിയയില്‍ ഇത് നായ്ക്കളും ഹംഗറിയില്‍ ഭീമന്‍ പക്ഷിയുമാണ്. സൂര്യദേവന് കോപവും അപ്രീതിയുമുണ്ടാകുമ്പോള്‍ അദ്ദേഹം മുഖംതിരിക്കുന്നതാണ് ഗ്രഹണമെന്ന് യൂറോപ്പിലെ പല ജനസമൂഹങ്ങളും വിശ്വസിക്കുന്നു. സമാനമായ മിത്തുകളാണ് മെക്സിക്കോയിലും മെസപ്പൊട്ടേമിയയിലുമൊക്കെയുണ്ട്.