രാജ്യതലസ്ഥാനം ശൈത്യം പുതച്ചതോടെ പതിവുതെറ്റാതെ വിരുന്നുകാരും എത്തിക്കഴിഞ്ഞു. ആയിരക്കണക്കിന് മൈലുകള്‍ താണ്ടിയാണ് അവരുടെ വരവ്. ശൈത്യം ആഘോഷിക്കാനല്ല, സൈബീരിയയിലെ മധ്യഏഷ്യയിലെയും ഹിമാലയസാനുക്കളിലെയും മരംകോച്ചുന്ന തണുപ്പില്‍ നിന്ന് രക്ഷതേടിയുള്ള വരവാണ്.
ഭൂഗോളത്തിന്റെ ഒരറ്റത്ത് മഞ്ഞുവീണിടത്ത് നിന്ന് ആകാശത്തിലൂടെ പറന്ന് പറന്ന് പറന്ന് ഒടുവില്‍ ഇവിടെ യമുനാതീരത്ത് എത്തിയതാണ്. മഷിപുരളാത്ത കാലത്തിന് മുന്‍പ് തുടങ്ങിയതാണ് കാലംതെറ്റാതെയുള്ള ഇവരുടെ വരവ്. സീഗള്‍ എന്ന് അറിയപ്പെടുന്ന കടല്‍ക്കാക്കകളുടെ വിഭാഗത്തിലെ വിവിധ ഇനങ്ങളും മറ്റ് അനേകം ദേശാടനപക്ഷികളും യമുനാതീരത്ത് പറന്നിറങ്ങി. ഒന്നല്ല, ഒരായിരമല്ല കാക്കത്തൊള്ളായിരം ദേശാടനക്കിളികള്‍
സൈബീരിയന്‍ കടല്‍കാക്കകളും തലയില്‍ തവിട്ടുനിറമുള്ള കടല്‍ക്കാക്കളുമാണ് ഇത്തവണ ആദ്യമെത്തിയത്. 6000 മൈലുകള്‍ താണ്ടിയാണ് സൈബീരിയന്‍ കടല്‍കാക്കകളുടെ വരവ്. മണിക്കൂറില്‍ 70 കിമീറ്റര്‍ വേഗതയില്‍ 2900 കിമീറ്ററോളം ദൂരം നിര്‍ത്താതെ പറക്കുന്ന വാലന്‍ എരണ്ടകളുടെ വരവും അതുപോലെ തന്നെ.
വിരുന്നകാര്‍ക്ക് തീറ്റയുമായി ഡല്‍ഹി നിവാസികള്‍ എത്തുന്നതും പതിവു കാഴ്ചയാണ്. യമുനാതീരത്ത് നിന്ന് ബോട്ടില്‍ കയറിയാല്‍ മാത്രമേ പക്ഷികളെ തൊട്ടറിയാനാകു. റൂഫസ് മരംകൊത്തികള്‍, യൂറേഷ്യന്‍ നീര്‍ക്കോഴി, പര്‍പ്പിള്‍ ഹീറോന്‍, സാധാരണ എരണ്ടകള്‍, കോഴിച്ചുണ്ടന്‍, ചുവന്ന തൊണ്ടയുള്ള ഫ്ളൈ കാച്ചര്‍ തുടങ്ങി 54 ഇനം ദേശാടന പക്ഷികളാണ് ഇത്തവണ യമുന നദിയിലും സുല്‍ത്താന്‍പുര്‍, ഓഖ്‍ല പക്ഷി സങ്കേതങ്ങളിലും എത്തിയത്. വിദേശത്തുനിന്നെത്തിയ വിരുന്നുകാരെല്ലാം ക്യാമറാമാൻ സന്തോഷ് പിള്ളയ്ക്കായി ഇങ്ങനെ യഥേഷ്ടം പറന്നുകളിച്ചു. അതിരുകളില്ലാത്ത ആകാശത്ത്....