sujith-jitesh

''കോടികൾ മുടക്കി ചന്ദ്രനിലേക്കു വരെ വാഹനങ്ങള്‍ ഇറക്കാന്‍ തുടങ്ങി. 100 അടി താഴ്ചയില്‍ കിണറില്‍ കുടുങ്ങിയ കുട്ടിയെ രക്ഷിക്കാന്‍ മാത്രം കഴിഞ്ഞില്ല.

എന്തു പുരോഗതിയാണു നമുക്കുണ്ടായത്''?.... തിരുച്ചിറപ്പള്ളി നാട്ടുകാട്ടുപെട്ടിയില്‍ കുഴല്‍കിണറില്‍ വീണ രണ്ടര വയസുകാരന്‍ സുജിത്തിന്റെ മരണം സ്ഥിരീകരിച്ചതിനു തൊട്ടുപിറകെ സോഷ്യല്‍ മീഡിയയില്‍ ഉയർന്ന ചോദ്യമാണിത്. എന്നാൽ സുജിത്തിനു വേണ്ടി രാവും പകലും കഠിനാധ്വാനം ചെയ്തുവെന്നു പറയുന്നു രക്ഷാപ്രവർത്തകർ. സുജിത്തിനെ രക്ഷിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ ചെന്നൈ ആര്‍ക്കോണത്തെ ദേശീയ ദുരന്ത നിവാരണ സേനയുടെ അസിസ്റ്റന്റ് കമാന്‍ഡര്‍ ജിതേഷ് അനുഭവം പറയുന്നു, ഒപ്പം ഉയരുന്ന ആക്ഷേപങ്ങള്‍ക്കുള്ള മറുപടിയും.

പിഴവുണ്ടായില്ല

അപകടം റിപ്പോർട്ടു ചെയ്ത് 10 മണിക്കൂറിലേറെ കഴിഞ്ഞാണ്, ആർക്കോണത്തെ എൻഡിആർഎഫ് യൂണിറ്റിൽ രക്ഷാ‌പ്രവർത്തനത്തിനു സഹായം തേടിയുള്ള സന്ദേശമെത്തുന്നത്. ശനിയാഴ്ച പുലർച്ചെ തന്നെ സംഘം സ്ഥലത്തെത്തി. ‌എൻഡിആർഎഫിന്റെ സഹായം തേടാൻ വൈകിയെന്ന ആരോപണം ശരിയല്ല. ദുരന്തത്തിന്റെ തീവ്രതയനുസരിച്ച് അതു കൈകാര്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ആദ്യം പൊലീസും അഗ്നിശമന സേനയും തന്നെയാണു ‌രക്ഷാപ്രവർത്തനത്തിനിറങ്ങേണ്ടത്. നടുകാട്ടുപ്പെട്ടിയിൽ ഇവയെല്ലാം പാലിച്ചിട്ടുണ്ട്. സുജിത്തിനെ രക്ഷിക്കാൻ ലഭ്യമായ എല്ലാ മാർഗങ്ങളും പരീക്ഷിച്ചു. എന്നാൽ, ഒന്നും വി‌ജയിച്ചില്ല. 600 അടി ആഴമുള്ള കുഴൽ കിണറിന്റെ 88 അടി താഴ്ചയിൽ ഒരു ‌കുഞ്ഞുജീവൻ കുടുങ്ങിക്കിടക്കുകയാണ്. അപകടമൊന്നും കൂടാതെ താങ്ങിയെടുത്തു മുകളിലെത്തുകയാണു വേണ്ടത്. സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ചിട്ടുണ്ട്. ആദ്യം ‌രക്ഷാ‌പ്രവർത്തനത്തിനിടെ രണ്ടു തവണയായി സു‌ജിത് താഴോട്ടു വീണിരുന്നു. പിന്നീട് കൈകൾ പ്രത്യേക സാങ്കേതിക വി‌‍ദ്യ ഉ‌പയോഗിച്ചു എയർലോക്കു ചെയ്തതോടെയാണു 88 അടിയിൽ തന്നെ നിർത്താനായത്. 

പാറകൾ പ്രതീക്ഷ തകര്‍ത്തു

മറ്റു മാർഗങ്ങളെല്ലാം പരാജയപ്പെട്ടപ്പോഴാണു സമാന്തര തുരങ്കമുണ്ടാക്കി ‌പ്രത്യേക പരിശീലനം നേടിയവരെ ഇറക്കി കുട്ടിയെ രക്ഷിക്കാൻ തീരുമാനിച്ചത്. ആ  ശ്രമം വിജ‌യിക്കുമെന്ന നല്ല വിശ്വാസമുണ്ടായിരുന്നു. എന്നാൽ, മേഖലയിലെ കടുത്തപാറ തടസ്സമായി. സമാന്തര കുഴിയെടുക്കുന്നതിനു ലഭ്യമായ ഏറ്റവും മികച്ച യന്ത്രങ്ങളാണു എത്തിച്ചത്. എന്നാൽ, പ്രതീക്ഷിച്ചതിനേക്കാൾ വളരെ കൂടുതൽ സമയമെടുത്തു. ‌കുഴി നിർമാണം പൂർത്തിയായാൽ ഇറക്കാനുള്ള രക്ഷാപ്രവർ‌ത്തകരെവരെ സജ്ജമാക്കി നി‌ർത്തിയിരുന്നു.

എല്ലാം തീർന്ന നിമിഷം

തിങ്കളാഴ്ച രാത്രി ഒൻപതരയോടെയാണു സുജിത് കിടക്കുന്ന കുഴൽ കിണറിൽ നിന്നു ദുർഗന്ധംവരുന്നതു ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് ഡോക്ടർമാരുടെ പരിശോധനയിൽ എല്ലാം അവസാനിച്ചുവെന്നു മനസ്സിലാക്കി. പിന്നീട് കുടുംബാംഗങ്ങളെ വിവരമറിയിച്ച ശേഷമാണു മൃതശരീരം പുറത്തെടുത്തത്. ജീവനുള്ള ശരീരം പുറത്തെടുക്കുന്ന അതേ ശ്രദ്ധയോടെയാണു മൃതദേഹവും പുറത്തെടുക്കുന്നത്. 

അവസാന നിമിഷംവരെ സുജിത്തിനെ ജീവനോടെ ര‌ക്ഷിക്കാമെന്ന പ്രതീക്ഷയുണ്ടായിരുന്നു. കഴിയാവുന്ന എല്ലാ രീതിയിലും ശ്രമിച്ചു.എന്നാൽ, തിങ്കളാഴ്ച രാത്രി ഒൻപതരയോടെ എല്ലാം അവസാനിച്ചു. 

2014-ൽ കർണാടകയിലെ ബാഗൽകോട്ടിൽ 300 അടി താഴ്ചയുള്ള കുഴൽ കിണറിൽ വീണ കുട്ടിയെ ‌രക്ഷിക്കാനുള്ള ദൗത്യത്തിലും ജിതേഷ് പങ്കെടുത്തിരുന്നു. അന്നു കഠിന സാഹചര്യങ്ങൾ താണ്ടി 12 ദിവസത്തിനു ശേഷമാണു കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാനായത്. നമ്മുടെ സഹായം കാത്തു ഒരു ജീവൻ കാത്തിരിപ്പുണ്ടെന്ന വിചാരമാണു ഓരോ ‌രക്ഷാപ്രവർത്തകന്റേയും ഊർജമെന്നും ജിതേഷ് പറയുന്നു.