നിഴലുകളുടെ മറവിലുള്ള ചാന്ദ്രയാൻ ലാൻഡറുടെ ചിത്രങ്ങൾ പുറത്തുവിട്ട് നാസ. ഹാർഡ് ലാൻഡിങ്ങ് മൂലമാണ് അവസാനിമിഷം ബന്ധം നഷ്ടപ്പെട്ടതെന്ന് നാസ പറഞ്ഞു. ലൂണാർ റിക്കനൈസണ്‍സ് ഓര്‍ബിറ്റ‍ര്‍ (എല്‍ആ‍ര്‍ഒ) പുറത്തുവിട്ട ചിത്രങ്ങൾ വിശകലനം ചെയ്താണ് നാസ ഈ നിഗമനത്തിലെത്തിയത്. ചന്ദ്രയാൻ 2 ഇറങ്ങിയ പ്രദേശത്തു നിന്നുള്ള ചിത്രങ്ങൾ നാസ പുറത്തുവിട്ടെങ്കിലും പേടകത്തെ കണ്ടെത്താനായില്ല. 

സന്ധ്യാസമയത്താണ് മേഖലയുടെ ചിത്രം പകർത്തിയത്. അതിനാൽത്തന്നെ വമ്പൻ നിഴലുകൾ വീണ അവസ്ഥയായിരുന്നു. ഈ നിഴലുകളുടെ മറവിൽ എവിടെയെങ്കിലും ലാൻഡർ ഉണ്ടായിരിക്കാമെന്നും പ്രതീക്ഷയുണ്ട്. ഒക്ടോബറിൽ എൽആർഒ വീണ്ടും പറക്കുന്നത് വെളിച്ചമുള്ള സമയത്താണ്. അതുവഴി ലാൻഡറിനെ കണ്ടെത്താനും ചിത്രങ്ങളെടുക്കാനും സാധിക്കുമെന്നും നാസ വ്യക്തമാക്കി. 

ലാൻഡർ ഇടിച്ചിറങ്ങിയതായിരിക്കാമെന്ന് നേരത്തേ ഐഎസ്ആർഒ ചെയർമാൻ ഡോ.കെ.ശിവനും വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള ഇടിച്ചിറക്കങ്ങൾ മുൻപും പല ചാന്ദ്രദൗത്യങ്ങളും പരാജയപ്പെടാൻ കാരണമായിട്ടുണ്ട്. 

ചന്ദ്രനിൽ നാലു കാലിൽ സോഫ്റ്റ് ലാൻഡിങ് നടത്താനായിരുന്നു ഇന്ത്യൻ ഹിരാകാശ ഗവേഷണ സംഘടനയുടെ(ഐഎസ്ആർഒ) ശ്രമം. എന്നാൽ അതു സംഭവിക്കാതെ വന്നതോടെയാണ് അവസാന നിമിഷം ബെംഗളൂരുവിലെ ഗ്രൗണ്ട് സ്റ്റേഷനുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്.

http://lroc.sese.asu.edu/posts എന്ന ലിങ്കിൽ കൂടുതൽ ചിത്രങ്ങൾ കാണാം.