ഒന്നരമാസം കൊണ്ട് 3.84 ലക്ഷം കിലോമീറ്റർ ദൂരം പിന്നിട്ട് ചന്ദ്രന്റെ ഉപരിതലത്തിൽ തൊടാനൊരുങ്ങുകയാണു ചന്ദ്രയാൻ രണ്ടിന്റെ ലാൻഡർ വിക്രം. ചാന്ദ്രയാൻ രണ്ടിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുമ്പോൾ ചാന്ദ്രയാൻ–1 എവിടെ എന്ന ചോദ്യവും ഉയരുകയാണ്. ഒൻപത് വർഷം മുൻപാണ് പേടകം കാണാതായത്. 2017 മാർച്ചിലാണ് ഇന്ത്യയുടെ നഷ്ടപ്പെട്ട ചന്ദ്രയാൻ–1നെ നാസ അവസാനമായി കണ്ടതായി അറിയിച്ചത്.
ബഹിരാകാശത്തെ നിരവധി വസ്തുക്കൾക്കിടയിൽ ഭൂമിയുമായി ബന്ധം നഷ്ടപ്പെട്ട ഇത്തരം ചെറിയ വസ്തുക്കളെ കണ്ടെത്തുക ബുദ്ധിമുട്ടാണ്. അതും ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനെ ചുറ്റുന്ന പേടകം. ടെലിസ്കോപ്പുകൾ ഉപയോഗിച്ച് കണ്ടെത്താൻ സാധ്യമല്ലാത്ത ഇത്തരം വസ്തുക്കളെ റഡാറിന്റെ സഹായത്തോടെയാണ് കണ്ടെത്തുന്നത്. ഇതിനു പുറമെ ചന്ദ്രന്റെ പ്രകാശത്തിനുള്ളിൽ നിന്ന് ചന്ദ്രയാൻ പോലുള്ള പേടകങ്ങളെ പെട്ടെന്ന് കണ്ടെത്താനാകില്ല. എന്നാൽ നാസയുടെ ഗ്രഹങ്ങള്‍ക്കു മധ്യേയുള്ള വസ്തുക്കളെ കണ്ടെത്താൻ സഹായിക്കുന്ന റഡാറാണ് ചന്ദ്രയാൻ ഒന്ന് കണ്ടെത്തിയത്. നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലാബാണ് ഈ കണ്ടെത്തൽ നടത്തി ലോകത്തെ അറിയിച്ചത്.
ഭൂമിക്കും ചന്ദ്രനുമിടയിൽ രണ്ട് വസ്തുക്കളെയാണ് നാസയുടെ റഡാർ കണ്ടെത്തിയത്. ഇതിൽ ഒരു പേടകം ഇപ്പോഴും സജീവമാണ്, രണ്ടാമത്തേത്ത് നിഷ്‌ക്രിയമായിരുന്നു. നാസയുടെ ലൂണാര്‍ റിക്കനൈസണ്‍സ് ഓര്‍ബിറ്റര്‍ (എല്‍ആര്‍ഒ) ആണ് ഇന്ത്യയുടെ ചന്ദ്രയാൻ 1 നൊപ്പം കണ്ടെത്തിയത്.
നാസയുടെ ലൂണാര്‍ റിക്കനൈസണ്‍സ് ഓര്‍ബിറ്റര്‍ കണ്ടെത്താൻ എളുപ്പമായിരുന്നു. എന്നാൽ ഇന്ത്യയുടെ ചന്ദ്രയാൻ–1 കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടാണെന്നുമാണ് അന്ന് ഗവേഷകർ പറഞ്ഞത്.
10 മാസത്തെ പ്രവർത്തനത്തിന് ശേഷമാണ് ചാന്ദ്രയാൻ–1 നിലച്ചത്. രണ്ടുവർഷമായിരുന്നു പ്രതീക്ഷിച്ച ആയുസ്സെങ്കിലും പേടകവുമായുള്ള ബന്ധം 2009 ഓഗസ്റ്റ് 29ന് പുലർച്ചെ 1.30നു പൂർണമായി വിച്‌ഛേദിക്കപ്പെടുകയായിരുന്നു. എന്നാൽ, ശാസ്‌ത്രീയമായും സാങ്കേതികമായും ചന്ദ്രയാൻ ദൗത്യം 100 ശതമാനം വിജയമായിരുന്നു. പേടകം ലക്ഷ്യമിട്ടിരുന്ന ദൗത്യങ്ങളിൽ 90-95 ശതമാനം പൂർത്തിയാക്കുകയും ചെയ്‌തിരുന്നു.