appachi

ലോകത്തിലെ ഏറ്റവും പ്രഹരശേഷിയും കരുത്തുമുള്ള ഹെലികോപ്റ്ററുകള്‍ വ്യോമസേനയുടെ ഭാഗമായി. യുഎസ് നിര്‍മിത അപ്പാച്ചി ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് വ്യോമസേന ഏറ്റുവാങ്ങി. പടിഞ്ഞാറന്‍ മേഖലയില്‍ ഇന്ത്യ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ അപ്പാച്ചി കാവലൊരുക്കും.

അപ്പാച്ചി എ.എച്ച് 64 ഇ. നിര്‍മാതാക്കള്‍ ബോയിങ് കമ്പനി. എട്ട് ഹെലികോപ്റ്ററുകളാണ് ഇപ്പോള്‍ വ്യോമസേനയുടെ ഭാഗമായത്. പഞ്ചാബിലെ പഠാന്‍ കോട്ട് വ്യോമതാവളത്തില്‍ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ, എയര്‍മാര്‍ഷല്‍ ആര്‍ നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്ന് ഹെലികോപ്റ്ററുകള്‍ ഏറ്റുവാങ്ങി. വാട്ടര്‍‌ സല്യൂട്ട് ഉള്‍പ്പെടെ പ്രൗഢഗംഭീരമായ ചടങ്ങ്. 

വ്യോമസേനയ്ക്കായി 22 അപ്പാച്ചി ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനായി 13,952 കോടി രൂപയുടെ കരാര്‍ 2015 സെപ്റ്റംബറിലാണ് ഇന്ത്യയും യുഎസും ഒപ്പിട്ടത്. 2022ന് അകം 22 എണ്ണവും ലഭിക്കും. യുഎസില്‍ നിന്ന് അപ്പാച്ചി സ്വന്തമാക്കുന്ന പതിനാലാമത്തെ രാജ്യമാണ് ഇന്ത്യ. ശത്രു പീരങ്കികളെ തകര്‍ക്കാന്‍ കെല്‍പ്പുള്ള ഹെല്‍ഫയര്‍ മിസൈല്‍, ഹൈഡ്ര 70 റോക്കറ്റ്, എം 230 ചെയിന്‍ ഗണ്‍ എന്നിവയാണ് അപ്പാച്ചിയുടെ ആയുധക്കരുത്ത്. മലനിരകളിലെ ദൗത്യത്തിന് യോജിച്ചത്. 50 കിലോ മീറ്റര്‍ പരിധിയില്‍ നിരീക്ഷണത്തിനും ആക്രമണത്തിനും സാധിക്കും. വെടിയുണ്ട ചെറുക്കുന്ന കവചമുള്ള കോക്പിറ്റില്‍ രണ്ടുപേര്‍ക്ക് ഇരിക്കാം.