amit-sha-kashmir-0805

അസാധാരണ നീക്കത്തിലൂടെ കശ്മീരിന്റെ പ്രത്യേകപദവി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കി. എല്ലാ നിയമങ്ങളും ഭരണഘടനാവ്യവസ്ഥകളും ബാധകം. രാഷ്ട്രപതിയുടെ വിജ്ഞാപനം പുറത്തിറങ്ങി. ആഭ്യന്തരമന്ത്രി രാജ്യസഭയില്‍ പ്രമേയവും ബില്ലും അവതരിപ്പിച്ചു. എന്താണ് അനുച്ഛേദം 370..? എന്താണ് കശ്മീരില്‍ സംഭവിക്കുന്നത്..? 

ജമ്മു-കശ്‌മീരിനു പ്രത്യേക സംസ്‌ഥാനപദവി നൽകുന്നതാണ് ഭരണഘടനയിലെ 370-ാം  വകുപ്പ്. ജമ്മു കശ്മീരിലെ പൗരൻമാർക്ക് പ്രത്യേക അവകാശം അനുവദിക്കുന്നതാണ് 35എ.

1947ല്‍ ജമ്മു കശ്മീര്‍ ഇന്ത്യയുമായി ചേര്‍ക്കാനുള്ള നീക്കത്തില്‍ അന്നത്തെ ഭരണാധികാരി മഹാരാജാ ഹരി സിങ്ങുമായുള്ള കരാര്‍ ഇങ്ങനെയായിരുന്നു. പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നീ മൂന്നു കാര്യങ്ങളില്‍ മാത്രം ഇന്ത്യന്‍ നിയമങ്ങള്‍ ജമ്മു കശ്മീരില്‍ ബാധകമാക്കാം. 1949ല്‍ ഷെയ്ക്ക് അബ്ദുള്ളയുടെ നേതൃത്വത്തില്‍ വന്ന താല്‍ക്കാലിക സര്‍ക്കാര്‍ ഇതിനെ ജമ്മു കശ്മീരിനുള്ള പ്രത്യേകപദവി എന്ന നിലയില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗമാക്കുന്നതില്‍ വിജയിച്ചു. 

പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം, ധനകാര്യം എന്നിവയിലൊഴികെ രാജ്യത്തെ നിയമങ്ങള്‍ ജമ്മു കശ്മീരില്‍ ബാധകമാക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ അനുവാദം വേണം. പൗരത്വം, ഭൂ ഉടമസ്ഥാവകാശം,  മൗലികാവകാശങ്ങള്‍ എന്നിവയിലെല്ലാം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് കശ്മീരിലെ നിയമങ്ങള്‍. 

സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കേന്ദ്രത്തിന് അവകാശമില്ല.  പൗരത്വം നിര്‍വചിക്കാന്‍ ജമ്മു കശ്മീര്‍ നിയമസഭയ്ക്ക് സമ്പൂര്‍ണ അധികാരം നല്‍കുന്നു 1954 ല്‍ കൂട്ടി ചേര്‍ക്കപ്പെട്ട  35 A വകുപ്പ്. ഭൂമിയുടെ അവകാശവും സര്‍ക്കാര്‍ സര്‍വീസുകളിലെ തൊഴിലവസരവും സംസ്ഥാനനിവാസികളുടെ മാത്രം അവകാശമാണ്. മറ്റ് സംസ്ഥാനക്കാര്‍ക്ക് ഇവിടെ ഭൂമി വാങ്ങാന്‍ സാധിക്കില്ല. സര്‍ക്കാര്‍ സ്കോളര്‍ഷിപ്പികള്‍ക്ക്  അപേക്ഷിക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് അവകാശമില്ല. വിഘടനവാദികള്‍ കടന്നുകയറുന്നത് ഒരു പരിധിവരെ തടയുന്നതും ഈ വകുപ്പാണ്.  

370ാം വകുപ്പ് ഭരണഘടനയിലെ താല്‍ക്കാലിക വ്യവസ്ഥ എന്ന നിലയില്‍ കൊണ്ടു വന്നതാണെങ്കിലും 35 എ സ്ഥിരം വകുപ്പാണ്. മാത്രവുമല്ല ഇന്ത്യന്‍ ഭരണഘടനയുടെ ഒന്നാം ആര്‍ട്ടിക്കിള്‍ അതായത് ഇന്ത്യ എന്ന ഏകരാജ്യം എന്ന വകുപ്പ് 370 ാം ആര്‍ട്ടിക്കിളിലൂടെയാണ് ജമ്മു കശ്മീരിന് ബാധകമാവുന്നത്. 370 നീക്കുന്നത് ജമ്മു കശ്മീരിനെ ഫലത്തില്‍ ഇന്ത്യന്‍ യൂണിയനില്‍ നിന്ന് വേര്‍പെടുത്തും എന്ന് നിയമവിദഗ്ധര്‍ പറയുന്നു. 

35 എ നിലവില്‍ വരുന്നതിന് മുമ്പ് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയെന്നും ഗവര്‍ണര്‍ രാഷ്ട്രപതിയെന്നുമാണ് അറിയപ്പെട്ടത്. വകുപ്പ് നീക്കം ചെയ്താല്‍ ഈ പദവികള്‍ തിരികെ വരും. സുപ്രീംകോടതിയും തിരഞ്ഞെടുപ്പ് കമ്മിഷനും അടക്കമുള്ളവയുടെ അധികാരങ്ങളും വെട്ടിച്ചുരുക്കപ്പെടും. ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയാണ് 1950കളുടെ തുടക്കത്തിൽ 'ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക' എന്ന മുദ്രാവാക്യമുയർത്തി 370–ാം വകുപ്പിനെതിരെ ആദ്യം പ്രചാരണമാരംഭിച്ചത്.