''എനിക്ക് സത്യമുണ്ട്, ശക്തിയില്ല.
നിങ്ങൾക്ക് ശക്തിയുണ്ട്, സത്യമില്ല.
നിങ്ങൾക്കെന്നെ ജീവനോടെ കുഴിച്ചുമൂടാം, ഞാൻ പൊരുതും.
സന്ധിയുടെ പ്രശ്നമേയില്ല, യുദ്ധം തുടങ്ങട്ടെ..''
2011ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ അഭിസംബോധന ചെയ്തുകൊണ്ട് സഞ്ജീവ് ഭട്ട് എഴുതിയ തുറന്നകത്തിൽ ഉദ്ധരിച്ച കവിതക്ക് സച്ചിതാനന്ദൻ എഴുതിയ പരിഭാഷയാണിത്. പോരാട്ടം തന്നെയായിരുന്നു ഗുജറാത്തിലെ മുൻ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ജീവിതം. ഇപ്പോഴാ പോരാട്ടം ഭാര്യ ശ്വേത സഞ്ജീവ് ഭട്ടും കുടുംബവും ഏറ്റെടുത്തിരിക്കുന്നു.
ആദ്യം സസ്പെന്‍ഷൻ, പിന്നാലെ ജോലി തെറിച്ചു. ഒടുവിൽ ജീവപര്യന്തം തടവ്. 30 വര്‍ഷം മുൻപുള്ള കസ്റ്റഡി മരണക്കേസിലാണ് സഞ്ജീവിന് ജാംനഗർ സെഷൻസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. നീതിക്കായുള്ള പോരാട്ടത്തിൽ രാജ്യം തനിക്കൊപ്പം നിൽക്കുമെന്ന പ്രതീക്ഷയാണ് ശ്വേത പങ്കുവെക്കുന്നത്. സഞ്ജീവ് മോചിതനായി തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്ന് ശ്വേത മനോരമ ന്യൂസ് ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
എന്തുവില കൊടുത്തും അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരണം. ഇത് എന്റെ മാത്രമല്ല, നിങ്ങളുടെയും ഈ രാജ്യത്തെ ജനങ്ങളുടെയും മുഴുവൻ ഉത്തരവാദിത്തമാണ്. ജോലിയിൽ നിന്ന് പിരിച്ചിവിട്ടിട്ടും സഞ്ജീവ് പൊരുതി. സഞ്ജീവിന് ഇതുവരെ നീതി ലഭിച്ചില്ല. ഇപ്പോള്‍ ഞാനും എന്റെ കുടുംബവും പൊരുതുകയാണ്. എനിക്ക് ജനങ്ങളുടെ പിന്തുണ വേണം. ഹൈക്കോടതിയിൽ അപ്പീൽ നല്‍കാനാണ് തീരുമാനം. നിയമപരമായ വഴിയാണത്.
തെളിവില്ല, സാക്ഷികളും. അന്യായം ഈ ശിക്ഷ
വളരെ ഭീതിജനകമായ സാഹചര്യമാണ് നമ്മുടെ രാജ്യത്തുള്ളത്. ഒരുദ്യോഗസ്ഥനും അവരുടെ ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥ. സഞ്ജീവിന് മാത്രമല്ല, എല്ലാ ഐപിഎസ് ഉദ്യോഗസ്ഥരുടെയും പൊലീസുദ്യോഗസ്ഥരുടെയും സാഹചര്യം ഇതാണ്. കൃത്യമായി ജോലി ചെയ്താൽ ഈ രാജ്യത്ത് ലഭിക്കുന്നത് എന്താണെന്ന് നാം കണ്ടു. നിരാശാജനകമായ സാഹചര്യമാണ് നിലനിൽക്കുന്നത്.
302ാം വകുപ്പ് പ്രകാരം ജീവപര്യന്തം തടവാണ് സഞ്ജീവിന് വിധിച്ചിരിക്കുന്നത്. എന്തൊരു അന്യായമായ ശിക്ഷയാണത്. 1990ലെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് സഞ്ജീവിനെതിരെ യാതൊരു തെളിവുകളുമില്ല. സഞ്ജീവ് അല്ല അവരെ അറസ്റ്റ് ചെയ്തതും ജയിലിലടച്ചതും. സാക്ഷികളുമില്ല. കസ്റ്റഡിയിൽ വെച്ച് പരുക്ക് പറ്റിയതായോ മർദിച്ചതായോ ആരും പരാതി നൽകിയിട്ടില്ല. ഡോക്ടർമാരുടെ റിപ്പോർട്ടും പോസ്റ്റുമോർട്ടം റിപ്പോർട്ടും പോസിറ്റീവ്. പിന്നെ എന്തടിസ്ഥാനത്തിലാണ് ഈ ശിക്ഷാവിധി? എന്താണ് രാജ്യത്ത് സംഭവിക്കുന്നത് എന്നാലോചിച്ച് നോക്കൂ.
ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോൾ?
നിസ്വാർഥമായാണ് സഞ്ജീവ് ജനങ്ങളെ സേവിച്ചത്. പ്രൊമോഷന് വേണ്ടിയോ വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടിയോ അല്ല സഞ്ജീവ് 35 വർഷം ജോലി ചെയ്തത്. എന്നിട്ടും ഒരു തെറ്റും ചെയ്യാതെ അദ്ദേഹത്തിന് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നു. നമുക്കത് കയ്യുംകെട്ടി നോക്കിയിരിക്കാനാകില്ല. അവർ സഞ്ജീവിന്റെ ജീവിതം നശിപ്പിക്കുകയാണ്, കുടുംബത്തെ നശിപ്പിക്കുകയാണ്. അതുകൊണ്ട് ഞാനും നിങ്ങളുമെല്ലാം ഇതിനെതിരെ പ്രതികരിക്കണം. ഇപ്പോ അല്ലെങ്കിൽ, പിന്നെ എപ്പോഴാണ്?
പേടിയില്ല, നിരാശ മാത്രം
വലിയൊരു സിസ്റ്റത്തിനെതിരെയാണ് പോരാട്ടം. പേടിയല്ല, ഇവിടുത്തെ സിസ്റ്റത്തെ ഓർത്ത് നിരാശയാണെനിക്ക്. ഒരു സർക്കാരിൽ നിന്ന് ജനങ്ങൾ ഇതല്ല പ്രതീക്ഷിക്കുന്നത്. ജനങ്ങൾക്കിടയിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ 'കോടതിയിൽ പോകാം, അവിടെ നമുക്ക് നീതി കിട്ടും' എന്നാണ് നാം പറയാറ്. കോടതിയിൽ പോയാൽ നീതി കിട്ടും എന്നാണല്ലോ പ്രതീക്ഷ. പക്ഷേ നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ എവിടെ പോകും? എവിടെയാണ് നീതി കിട്ടുക?
സഞ്ജീവിനെ സംരക്ഷിക്കാൻ ഐപിഎസ് അസോസിയേഷന്‍ ഒന്നും ചെയ്തിട്ടില്ല. പിന്തുണ നല്‍കുന്നതില്‍പ്പോലും പരാജയപ്പെട്ടു. പലരും ഫോണിൽ ബന്ധപ്പെടുന്നുണ്ട്, സംസാരിക്കുന്നുണ്ട്. പക്ഷേ ആരും പുറത്തേക്കിറങ്ങുന്നില്ല. ഉദ്യോഗസ്ഥരിൽ നിന്ന് ഇനി അതാണ് പ്രതീക്ഷിക്കുന്നത്. ജനങ്ങളെ സത്യമെന്തെന്ന് മനസ്സിലാക്കാനും അവര്‍ക്കാണ് കഴിയുക. മുന്നോട്ടുള്ള പോരാട്ടത്തിൽ അവരൊപ്പം ചേരുമെന്നാണ് പ്രതീക്ഷ.
പ്രതീക്ഷ എന്റെ അവസാന ആയുധം
സഞ്ജീവിന് നീതി ലഭിക്കും. തിരിച്ചുവരും. അതല്ലാതെ എനിക്കെന്താണ് പ്രതീക്ഷിക്കാനാകുക? പ്രതീക്ഷയും നഷ്ടപ്പെട്ടാൽ എനിക്കെങ്ങനെ അതിജീവിക്കാനാകും? ഇതെന്റെ അവസാന ആയുധമാണ്.
പോരാടുക എന്നതല്ലാതെ മറ്റെന്ത് മാർഗ്ഗമാണ് എനിക്കുള്ളത്? നിലവിൽ സർക്കാരിന്റെ കൊള്ളരുതായ്മകൾക്കെതിരെ പൊരുതേണ്ടത് ജനങ്ങളാണ്. കാരണം ഇവിടെ ഒരു പ്രതിപക്ഷമില്ല. ജനാധിപത്യത്തിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ചോദ്യം ചെയ്യാന്‍ ശക്തമായ പ്രതിപക്ഷമുണ്ടാകണം. ഇതുവരെ പ്രതിപക്ഷമോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളോ ഇതുവരെ
21 വയസ്സുള്ളപ്പോഴാണ് സഞ്ജീവ് ഭട്ടിനെ ഞാൻ വിവാഹം കഴിക്കുന്നത്. അന്നുമുതൽ ഞങ്ങൾ ഒരുമിച്ചാണ്. പ്രതിസന്ധിഘട്ടങ്ങളെ സഞ്ജീവ് കരുത്തനായി നേരിടുന്നത് ഞാൻ കണ്ടിട്ടുണ്ട്. അത് തന്നെയാണ് എന്റെ കരുത്ത്.
ജാംനഗർ കോടതിയിൽ വെച്ചാണ് സഞ്ജീവിനെ ഒടുവിൽ കണ്ടത്. വിധി പ്രഖ്യാപിക്കുമ്പോൾ ഞാനവിടെ ഉണ്ടായിരുന്നു. വിധി കേട്ട സഞ്ജീവ് നിരാശനാണ്. എന്നെയും കുടുംബത്തെയും ഓർത്തുള്ള ആശങ്ക പങ്കുവെച്ചു. 35 വർഷം നിസ്വാർഥനായി ജോലി ചെയ്തിട്ടും പ്രതിഫലമായി കിട്ടിയത് ഇതാണല്ലോ എന്നതിലുള്ള വിഷമം അദ്ദേഹത്തിനുണ്ട്.