toilet-water

മുംബൈയിലെ തെരുവു ഭക്ഷണശാലയിൽ ഭക്ഷണം ഉണ്ടാക്കുന്നത് ശുചിമുറിയിൽ നിന്നും എടുക്കുന്ന മലിനജലം ഉപയോഗിച്ച്. ബൊറിവലി റെയിൽവേ സ്റ്റേഷനിലുള്ള വൃത്തിഹീനമായ ശുചിമുറിയിൽ നിന്നും ഭക്ഷണശാല നടത്തുന്നയാൾ വെള്ളം എടുക്കുന്നതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സംഭവത്തിൽ  എഫ്ഡിഎ( ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ) അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

ഇഡ്‍ലി സ്റ്റാളാണ് വഴിയോരത്ത് ഇയാൾ നടത്തുന്നത്. കൂടെ കഴിക്കാൻ നൽകുന്ന ചട്നി പാകം ചെയ്യാനാണ് ശുചിമുറിയിൽ നിന്നും വെള്ളം എടുക്കുന്നത്. 45 സെക്കന്റ് നീളുന്ന വിഡിയോയ്ക്കെതിരെ രോഷം ഉയർന്നിരിക്കുകയാണ്. എന്നാൽ ഇത് എന്നാണെന്നോ എപ്പോഴാണെന്നോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

എഫ് ഡി എ ഇത്തരം മലിനജലം ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്ന ഭക്ഷണശാലകൾക്കെതിരെ കർശന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. 'ഈ വിഡിയോ ഞങ്ങളുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത് ചെയ്തയാൾക്കെതിരെ അന്വേഷണം നടത്തും. ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെ എല്ലാം നടപടി എടുക്കും. ശുചിമുറികളിലെ വെള്ളം ഒരിക്കലും ഉപഭോഗ യോഗ്യമല്ല . ആൾക്കാരെ അത് മോശമായി ബാധിക്കും. ഈ വിഡിയോയിൽ കാണുന്നയാളെ പിടികൂടി അയാളുടെ ലൈസൻസ് പരിശോധിക്കും. ക്രമക്കേട് കണ്ടാൽ ലൈസൻസ് റദ്ദ് ചെയ്ത് തക്കതായ ശിക്ഷ നൽകും. എഫ് ഡി എ ഓഫീസർ വ്യക്തമാക്കി.