ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ജനിച്ച കുഞ്ഞിന് നരേന്ദ്രമോദിയെന്ന് പേരിട്ട മുസ്ലിം കുടുംബം ഒരാഴ്ച്ച തികയും മുൻപേ പേര് മാറ്റി. യുപിയിലെ ഗോണ്ടയിൽ ജനിച്ച കുഞ്ഞിന്റെ പേര് വലിയ വാർത്തയായിരുന്നു. എന്നാൽ തീരുമാനം മാറ്റിയെങ്കിലും പുതിയ പേരിലും മോദിയെ വിട്ട് കളിക്കാൻ കുടുംബം തയ്യാറായില്ല. അൽതാഫ് ആദം മോദി എന്നാണ് കുഞ്ഞിന്റെ പുതിയ പേര്.
തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദി തന്നെ അധികാരത്തിൽ വരുമെന്നറിയാമായിരുന്നെന്നും ദുബായിലുളള അച്ഛന്റെ കൂടി നിർദേശത്തെത്തുടർന്നായിരുന്നു കുഞ്ഞിന് നരേന്ദ്രമോദിയെന്ന് പേരിട്ടതെന്നും അന്ന് കുഞ്ഞിന്റെ അമ്മ മേനാസ് ബീഗം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്നാലിപ്പോൾ കുഞ്ഞിനെ കാണാനോ ജനനവുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ പങ്കെടുക്കാനോ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ വരുന്നില്ലെന്നും കുടുംബം പരാതിപ്പെടുന്നു. സമുദായാംഗങ്ങളും ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പറഞ്ഞു.ഇതാണ് നരേന്ദ്രമോദിയെന്ന പേര് മാറ്റാൻ കാരണം.
അതേസമയം കുഞ്ഞിന്റെ ജനനതിയ്യതി സംബന്ധിച്ച് മറ്റൊരു വിവാദം കൂടി പുകയുകയാണ്. കുഞ്ഞ് ജനിച്ചത് തിരഞ്ഞെടുപ്പ് ഫലം വന്ന മെയ് 23 നല്ലെന്നും മെയ് 12 നാണെന്നും പ്രസവം നടന്ന ആശുപത്രിയിലെ ഡോക്ടർമാർ വ്യക്തമാക്കുന്നു. ജനന രജിസ്ട്രേഷന് തെറ്റായ തിയ്യതിയാണ് മേനാസ് ബീഗം നൽകിയതെന്നും ആശുപത്രി അധികൃതർ ആരോപിച്ചു. ഏതായാലും ജനനത്തോടെ തന്നെ വാർത്താ താരമായിരിക്കുകയാണ് കുഞ്ഞു മോദിയും..