apoorva-shukla-tiwari-1

 

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എൻ.ഡി.തിവാരിയുടെ മകൻ രോഹിത് ശേഖർ തിവാരിയുടെ ഭാര്യ അൂർവ ശുക്ല തിവാരിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നുവെന്ന് അമ്മ. രോഹിത്തിന്റെ മാതാവ് ഉജ്വലയാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയത്. 2017ലാണ് രോഹിത്തും അപൂർവയും തമ്മിൽ കാണുന്നത്. ഒരു മാട്രിമോണിയൽ വെബ്സൈറ്റിൽ കണ്ടിഷ്ടപ്പെട്ടാണ് ഇവർ അടുത്തത്. ഒരു വർഷത്തോളം അടുത്തിടപഴകിയ ഇവർ ഇടക്കാലത്ത് അകന്നിരുന്നു. വീണ്ടും അടുപ്പത്തിലായ ഇവർ 2018 ഏപ്രിലിലാണ് വിവാഹിതരായത്. വിവാഹ‌ശേഷവും ഇരുവരും തമ്മിൽ കലഹം പതിവായിരുന്നെന്നും വിവാഹമോചനത്തിനു തയാറെടുത്തിരുന്നെന്നും  രോഹിത്തിന്റെ മാതാവ് ഉജ്വല മൊഴി നൽകിയിട്ടുണ്ട്. 

 

ഒരു വീട്ടിൽ തന്നെ പിരിഞ്ഞായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. ഇടയ്ക്കിടയ്ക്ക് തർക്കം പതിവായിരുന്നു. വിവാഹത്തിനു മുൻപ് അപൂർവയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നു. അവരുടെ കുടുംബത്തിന് പണത്തോട് ആർത്തിയായിരുന്നുവെന്നും എപ്പോഴും തങ്ങളുടെ സ്വത്തിലായിരുന്നു കണ്ണ്. ഡിഫൻസ് കോളനിയിലെ സ്ഥലം ശേഖറിൽനിന്നും സിദ്ധാർഥിൽനിന്നും തട്ടിയെടുക്കാൻ ശ്രമിച്ചിരുന്നു. സുപ്രീംകോടതിക്കു സമീപമുള്ള വീട്ടിലാണ് അപൂര്‍വ പ്രാക്ടീസിന് പോയിരുന്നതെന്നും ഉജ്വല പറയുന്നു.

 

രോഹിതിനെ കഴിഞ്ഞ 16നു വൈകിട്ടു 4 മണിയോടെയാണു ഡിഫൻസ് കോളനിയിലെ വീട്ടിൽ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയത്. മൂക്കിൽ നിന്നു രക്തം ഒഴുകിയ നിലയിൽ ആശുപത്രിയിലെത്തിച്ചപ്പോൾ മരിച്ചിരുന്നു. അന്നു പുലർച്ചെ ഒരു മണിയോടെയാണു കൊലപാതകം നടന്നതെന്നാണു പൊലീസ് പറയുന്നത്. ഹൃദയാഘാതത്തെ തുടർന്നാണു മരണമെന്നാണ് ആദ്യം കരുതിയതെങ്കിലും പോസ്റ്റ്്മോർട്ടത്തിൽ കൊലപാതകമാണെന്നു തെളിഞ്ഞു. തുടർന്നാണു ഭാര്യയെയും വീട്ടു ജോലിക്കാരെയും ചോദ്യം ചെയ്തത്.

 

തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ ഉത്തരാഖണ്ഡിലേക്ക് പോയ രോഹിതും അമ്മ ഉജ്വലയും ബന്ധുവും 15 നു വൈകിട്ടാണു തിരിച്ചെത്തിയത്. അന്നു രാത്രിയാണു ഭാര്യയുമായി ബന്ധുവിനെച്ചൊല്ലി രൂക്ഷമായ വഴക്കുണ്ടായത്. വഴക്കിനിടെ അപൂർവ ഭർത്താവിനെ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മദ്യലഹരിയിലായിരുന്ന രോഹിതിനു ചെറുക്കാൻ സാധിച്ചില്ല. ഒന്നര മണിക്കൂറിനുള്ളിൽ തെളിവടക്കം അപൂർവ നശിപ്പിച്ചുവെന്നും പൊലീസ് പറഞ്ഞു.

 

ആറ് വർഷം നീണ്ട നിയമയുദ്ധത്തിനു ശേഷമാണ് എൻ.ഡി. തിവാരിയുടെ മകനാണു താനെന്നു രോഹിത് തിവാരി ഡിഎൻഎ പരിശോധനയിലൂടെ സ്ഥാപിച്ചെടുത്തത്. തുടർന്ന് 2015 ൽ ഉജ്വലയെ വിവാഹം കഴിച്ച എൻ.ഡി. തിവാരി കഴിഞ്ഞ വർഷമാണു മരിച്ചത്.