1984ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലം. കോണ്‍ഗ്രസ് പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തുമെന്ന് പ്രണോയ് റോയ് പ്രവചിച്ചു. കോണ്‍ഗ്രസിന്‍റെ മുഖ്യ എതിരാളിയായ ജനതാപാര്‍ട്ടി ആകെ വിഷമത്തിലായി. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ജോര്‍ജ് ഫെര്‍ണാണ്ടസിന്‍റെ മുന്‍കൈയില്‍ യോഗം വിളിച്ചു. ഇരുപത്തഞ്ചോളം ജനതാ നേതാക്കളുള്ള യോഗ സ്ഥലത്തേക്ക് പ്രണോയ് റോയെയും ക്ഷണിച്ചു. സ്വതവേ മിതഭാഷിയായ കര്‍ണാടക മുഖ്യമന്ത്രി രാമകൃഷ്ണ ഹെഗ്ഡേ അന്നു പക്ഷേ പൊട്ടിത്തെറിച്ചു. 'എന്‍റെ വാക്കുകള്‍ ഓര്‍ത്തുവച്ചോളൂ. നിങ്ങളുടെ സര്‍വേ പൊട്ടത്തെറ്റാണ്...’ ' റോയിയോട് ഹെഗ്ഡെ ക്ഷോഭിച്ചു പറഞ്ഞു.
ഫലം വന്നതും കഥ മാറി. പ്രവചനം ഫലിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ രാജീവ് ഗാന്ധിയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍. കര്‍ണാടകയിലെ തിരിച്ചടിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഹെഗ്ഡെ മുഖ്യമന്ത്രിസ്ഥാനം രാജി വച്ചു. പ്രണോയ് റോയോട് മാപ്പു പറഞ്ഞു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് തനിക്കായി രഹസ്യ സര്‍വേ നടത്തി ഉപദേശങ്ങള്‍ നല്‍കാന്‍ അഭ്യര്‍ഥിച്ചു.
TOPSHOT - An Indian election official (R) puts indeliable ink on the finger of a voter before she casts her ballot in the Karnataka Legislative Assembly Elections at a polling station in Bangalore on May 12, 2018. Voting in a key Indian state opened May 12 amid dirty tricks claims by the two leading parties after nearly 10,000 voting cards were seized by election authorities. The opposition Congress party, which has dominated India's politics in the seven decades since independence, is fighting to retain control of its last major state, Karnataka, amid a fierce onslaught by Prime Minister Narendra Modi's ruling Hindu nationalist party. / AFP PHOTO / MANJUNATH KIRAN
ഇന്ത്യന്‍ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ നിന്നുള്ള കണക്കുകളുടെയും കഥകളുടെയും പുസ്തകമാണ് ഡോ. പ്രണോയ് റോയും ദൊരബ് സൊപാരിവാലയും ചേര്‍ന്ന് രചിച്ച ദി വെര്‍ഡിക്ട്. എന്‍ഡിടിവിയിലൂടെ സുപരിചിതമായ മുഖങ്ങള്‍. 1980 മുതലുള്ള തന്‍റെ സര്‍വേ അനുഭവങ്ങള്‍ ഡോ. റോയ് പുസ്തകത്തില്‍ വിവരിക്കുന്നു. ഇന്ത്യയെന്ന മഹാ രാജ്യത്തിലെ തിരഞ്ഞെടുപ്പെന്ന മഹാ പ്രക്രിയയെ അതിന്‍റെ സകല സൗന്ദര്യങ്ങളോടും കൂടെ മനസിലാക്കിയ രണ്ടുപേരെ ഈ പുസ്തകത്തില്‍ കാണാം. തിരഞ്ഞെടുപ്പിന്‍റെ കണക്കുശാസ്ത്രവും അവലോകനത്തിനു വേണ്ട ആയുധങ്ങളും ഇതിലും ലളിതമായി പറയാന്‍ പ്രയാസമാണ്.
സര്‍വേകളെ വിശ്വസിക്കാമോ?
1980 മുതല്‍ 2019 വരെ ഇന്ത്യയില്‍ 833 തിരഞ്ഞെടുപ്പ് സര്‍വേകള്‍ നടന്നിട്ടുണ്ട്. ഇതില്‍ 75 ശതമാനവും ശരിയായ ഫലപ്രഖ്യാപനം നടത്തിയിട്ടുണ്ടെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടി പുസ്തകം സമര്‍ഥിക്കുന്നു. എക്സിറ്റ് പോളുകള്‍ക്കാണ് പ്രീ പോള്‍ സര്‍വേകളെക്കാളും കൃത്യത കൂടുതല്‍. ഇന്ത്യയില്‍ നടക്കുന്ന എക്സിറ്റ് പോളുകളില്‍ അഞ്ചില്‍ നാലും ശരിയായ പ്രവചനം നടത്തുന്നു. കൃത്യമായ പ്രവചനം നടത്തുന്ന ഏജന്‍സികളെ പേരു വെളിപ്പെടുത്താതെ റാങ്ക് ചെയ്തിട്ടുണ്ട്. സര്‍വേകള്‍ ഏറ്റവും ഫലപ്രദമായി നടത്താനാകുന്ന അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നാല്‍പതിനായിരത്തിനടുത്ത് വോട്ടര്‍മാരുമായി സംസാരിച്ചു തയാറാക്കുന്ന ഒരു ഇന്ത്യന്‍ സര്‍വെയെ ഗൗരവത്തിലെടുക്കാം. ഓരോ സംസ്ഥാനത്ത് നിന്നും രണ്ടായിരം സാംപിളുകള്‍ എടുത്തിട്ടുണ്ടെങ്കില്‍ ഫലപ്രവചനം ശരിയാകുമെന്ന് പ്രതീക്ഷിക്കാം. വോട്ടു വിഹിതത്തെ സീറ്റുകളാക്കി കണക്കു കൂട്ടുന്നതാണ് സര്‍വേയിലെ ഏറ്റവും നിര്‍ണായക ഭാഗം. ഇന്ത്യയില്‍ ഒരിക്കലും വോട്ടു വിഹിതവും സീറ്റ് വിഹിതവും ഒരേ അനുപാതത്തില്‍ ആവില്ല. 2014 തിരഞ്ഞെടുപ്പില്‍ തന്നെ 38 ശതമാനം വോട്ടു നേടിയ എന്‍ഡിഎക്ക് കിട്ടിയത് 61 ശതമാനം സീറ്റ് ആയിരുന്നല്ലോ. വോട്ടു വിഹിതത്തെ സീറ്റുകളായി മാറ്റുന്ന രീതിശാസ്ത്രം പുസ്തകത്തില്‍ വിവരിക്കുന്നു.
ഓരോ മേഖലയിലെയും ജനങ്ങള്‍ തിരഞ്ഞെടുപ്പ് സര്‍വേകളോട് പ്രതികരിക്കുന്നതിന്‍റെ വൈവിധ്യം കൗതുകമുണ്ടാക്കുന്നതാണ്. കേരളത്തിലെ അനുഭവം ചൂണ്ടിക്കാണിച്ചാണ് തുടക്കം. കേരളത്തിലെ വോട്ടറോട് സര്‍വേയില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് ഒരു വിദ്യാഭ്യാസ പരിപാടി തന്നെയാണ്. അവര്‍ തിരിച്ച് ചോദ്യങ്ങള്‍ ചോദിക്കും. ചിലപ്പോള്‍ ചോദ്യങ്ങളെത്തന്നെ ചോദ്യം ചെയ്യും. സൗജന്യമായി ചില ഉപദേശങ്ങളും കിട്ടിയേക്കാം. ബംഗാളില്‍ വോട്ടറുടെ ഉത്തരങ്ങള്‍ക്ക് അകമ്പടിയായി ടോള്‍സ്റ്റോയിയുടെയോ ഏംഗല്‍സിന്‍റെയോ ഉദ്ധരണികള്‍ പ്രതീക്ഷിക്കാം. ബിഹാറില്‍ ഒട്ടും തിരക്കില്ലാത്ത വോട്ടര്‍ ചായ നല്‍കി സല്‍ക്കരിച്ചേ വിടൂ. പഞ്ചാബില്‍ ചായയിലും കടുപ്പം കൂടിയത് പ്രതീക്ഷിക്കാം.
ഇന്ത്യയിലെ തിരഞ്ഞെടുപ്പുകള്‍
മൂന്ന് ഘട്ടങ്ങളായി ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തെ തിരിക്കാം. 1952 മുതല്‍ 1977 വരെ നീളുന്ന ആദ്യത്തെ കാല്‍ നൂറ്റാണ്ട് ഭരണാനുകൂല ജനവിധികളുടെ കാലമായിരുന്നു. ഇക്കാലത്തെ
തിരഞ്ഞെടുപ്പുകളില്‍ 80 ശതമാനവും ഭരിക്കുന്ന കക്ഷിയെ വീണ്ടും വിജയിപ്പിച്ചു. 1977ല്‍ തുടങ്ങി 2002 വരെ നീണ്ട കാല്‍ നൂറ്റാണ്ട് ഭരണ വിരുദ്ധ ജനവിധികളാന്‍ സമ്പന്നമായിരുന്നു. ഈ സമയത്തെ ഏതാണ്ട് 70 ശതമാനം തിരഞ്ഞെടുപ്പുകളും ഭരണമുന്നണിയെ ശിക്ഷിച്ചു. ജനപ്രതിനിധികള്‍ കൂടുതല്‍ ജനകീയ ശ്രദ്ധയ്ക്കും വിചാരണക്കും വിധേയരാകുന്ന മൂന്നാം ഘട്ടത്തില്‍ (2002 മുതല്‍) ഭരണ കക്ഷി ജയിക്കാനും തോല്‍ക്കാനും തുല്യ സാധ്യതയാണുള്ളത്. നന്നായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഭരണത്തുടര്‍ച്ച കൊടുക്കാനുള്ള പക്വത ഇന്ത്യന്‍ വോട്ടര്‍ നേടിയിരിക്കുന്നു എന്ന് സാരം.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറിക്കുള്ള സാധ്യത പുസ്തകം തള്ളിക്കളയുന്നു. ഇന്ത്യയില്‍ ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ ഇന്‍റര്‍നെറ്റുമായോ പുറമേ നിന്നുള്ള മറ്റേതെങ്കിലും നെറ്റ്്വര്‍ക്കുമായോ ബന്ധമില്ലാത്തവയാണ്. അതിനാല്‍ ഹാക്കിങ് സാധ്യമല്ല. ഏത് ബട്ടണില്‍ ഞെക്കിയാലും വോട്ട് ഒരു പ്രത്യേക പാര്‍ട്ടിക്ക് ലഭിക്കുന്ന തരത്തില്‍ ക്രമീകരിക്കാനും കഴിയില്ല.. കാരണം, ഓരോ മണ്ഡലത്തിലും ഓരോ ക്രമത്തിലാണ് പാര്‍ട്ടികള്‍ വോട്ടിംഗ് യന്ത്രത്തില്‍ പ്രത്യക്ഷപ്പെടുക. ഇതാകട്ടെ, ഇലക്ട്രോണിക് യന്ത്രങ്ങള്‍ ഫാക്ടറികളില്‍ നിന്ന് മണ്ഡലങ്ങളിലേക്ക് അയച്ചതിനു ശേഷം നിശ്ചയിക്കുന്നതും.
ഇന്ത്യന്‍ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്ന ഘടകങ്ങള്‍, ശാസ്ത്രീയമായ സര്‍വേകളെ തിരിച്ചറിയാനുള്ള വഴികള്‍, സര്‍വേകള്‍ സംഘടിപ്പിക്കുന്നതിലെ വെല്ലുവിളികള്‍, വരുന്ന തിരഞ്ഞെടുപ്പിലെ സാധ്യതകള്‍ തുടങ്ങി തിരഞ്ഞെടുപ്പിലും രാഷ്ട്രീയത്തിലും താല്‍പര്യമുള്ളവര്‍ അറിയാന്‍ ആഗ്രഹിക്കുന്ന ഒരുപാട് വിവരങ്ങള്‍ ദി വെര്‍ഡിക്ടില്‍ ഉണ്ട്. സര്‍വേ ഫലങ്ങള്‍ കണ്ട് സന്തോഷിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്ന രാഷ്ട്രീയക്കാര്‍ അറിയേണ്ട ഒരു സുപ്രധാന വിവരവും ഇതിലുണ്ട്. അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള സാധ്യത തീരെ കുറവാണ് എന്ന വിവരം. ഇതും സര്‍വേ നടത്തി ശാസ്ത്രീയമായി കണ്ടെത്തിയ വിവരമാണ്.