ആന്ധ്രപ്രദേശിന്‍റെ പുതിയ തലസ്ഥാനമായ അമരാവതിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലെന്ന് ആരോപണം. സിംഗപൂരിനെ വെല്ലുന്ന ഹൈടെക് സിറ്റിയാക്കി മാറ്റുമെന്നവകാശപ്പെട്ട്  മുപ്പതിനായിരത്തിലധികം ഏക്കര്‍ കൃഷി ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. എന്നാല്‍ നാല് വര്‍ഷം കഴിഞ്ഞിട്ടും നിര്‍മാണത്തില്‍ വേണ്ടത്ര പുരോഗതി കൈവരിക്കാന്‍ സാധിച്ചില്ലെന്നത് പ്രതിപക്ഷം തിരഞ്ഞെടുപ്പായുധമാക്കുന്നുണ്ട്.

ആന്ധ്രയുടെയും തെലങ്കാനയുടെയും പൊതു തലസ്ഥാനമായി 2024 വരെ ഹൈദരബാദ് തുടരും. പത്ത് വര്‍ഷംകൊണ്ട് നാല്‍പ്പതിനായിരത്തിലധികം കോടി രൂപ ചെലവഴിച്ചാണ് പുതിയ തലസ്ഥാനമായ അമരാവതിയിലെ ആദ്യ ഘട്ട നിര്‍മാണങ്ങള്‍ പൂര്‍ത്തിയാകേണ്ടത്. 2024 ല്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നിലവിലെ സര്‍ക്കാരിന് കഴിയില്ലെന്നും സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി തകര്‍ന്നെന്നും പ്രതിപക്ഷം ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഒരു വിഷയവും ഇതുതന്നെ. 

നാല് വര്‍ഷം കഴിഞ്ഞിട്ടും പല കെട്ടിടങ്ങളും ഇരുപത് ശതമാനം പോലും പൂര്‍ത്തിയായില്ല. ഭൂമി ഏറ്റെടുത്തപ്പോള്‍ നഷ്ടപരിഹാരം അനുവദിച്ചതില്‍ കര്‍ഷകര്‍ സംതൃപ്തരാണെങ്കിലും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗമില്ലാത്തതില്‍ ആശങ്കയുമുണ്ട്. ചില കര്‍ഷകര്‍ ഭൂമി വിട്ടുകൊടുക്കാത്തതുമായി ബന്ധപ്പെട്ട കേസുകളും നിലനില്‍ക്കുന്നുണ്ട്. അതേസമയം ഭരണമാറ്റമുണ്ടായാല്‍ അമരാവതിയുടെ വികസനം വഴിമുട്ടുമോ എന്ന ആശങ്കയും പങ്കുവെക്കുന്നവരുണ്ട്.. ജഗന്‍ മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായാല്‍, ചന്ദ്രബാബു നായിഡു തുടക്കമിട്ട പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കാന്‍ സാധ്യതയില്ല എന്നതാണ് കാരണം.