ദലിത് നേതാവും ബി.ആര്‍ അംബേദ്കറിന്റെ കൊച്ചുമകനുമായ പ്രകാശ് അംബേദ്കറിനെ മല്‍സരിപ്പിക്കാന്‍ മഹാരാഷ്ട്രയില്‍ പാര്‍ട്ടികള്‍ തമ്മില്‍ ചരടുവലി. ബി.ജെ.പി. വിരുദ്ധ സഖ്യത്തിന്റെ ഭാഗമാകാന്‍ നാല് സീറ്റുകളാണ് പ്രതിപക്ഷമായ കോണ്‍ഗ്രസും എന്‍.സി.പിയും ചേര്‍ന്ന് അംബേദ്കറിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.
മഹാരാഷ്ട്രയില്‍ ബി.ജെ.പി.യെ തോല്‍പ്പിക്കാന്‍ കച്ചക്കെട്ടിയിറങ്ങിയ പ്രതിപക്ഷത്തിന്റെ നോട്ടം ഇത്തവണ പതിഞ്ഞത് ഭാരിപ്പ ബഹുജന്‍ മഹാസംഘ് പാര്‍ട്ടി നേതാവ് പ്രകാശ് അംബേദ്കറിലാണ്. ആവശ്യമുന്നയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാധാകൃഷ്ണ വിഖേ പാട്ടീലും എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് ജയന്ത് പാട്ടീലും ചേര്‍ന്ന് അംബേദ്കറിന് കത്തയച്ചു.
എന്നാല്‍ പ്രതിപക്ഷസഖ്യത്തിന്റെ ഭാഗമാകണമെങ്കില്‍ മഹാരാഷ്ട്രയിലെ 48ല്‍ 12 സീറ്റുകള്‍ വിട്ടുനല്‍കണമെന്നാണ് അംബേദ്കറിന്റെ ആവശ്യം. ഇതിനോട് പ്രതികരിക്കാന്‍ ഇരുപാര്‍ട്ടികളും തയാറായിട്ടില്ല. ആദ്യമായല്ല പ്രകാശ് അംബേദ്കര്‍ മല്‍സരത്തിനിറങ്ങുന്നത്. ഒരു തവണ രാജ്യസഭയിലേക്കും രണ്ട് തവണ ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
എന്നാല്‍ കഴിഞ്ഞ മൂന്ന് ഇലക്ഷനുകളിലും ദയനീയമായി പരാജയപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അംബേദ്കറിന്റെ പാര്‍ട്ടിക്കുള്ള സ്വാധീനമാണ് ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസിനെയും എന്‍സിപിയെയും പ്രേരിപ്പിക്കുന്ന ഘടകം. 2017 പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സര്‍ക്കാര്‍ റാം നാഥ് കോവിന്ദിന്റെ പേര് നിര്‍ദേശിച്ചപ്പോള്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ പിന്താങ്ങിയത് പ്രകാശ് അംബേദ്കറിനെയായിരുന്നു.